ക്രിസ്തീയാനുഭവത്തിന്റെ തെളിമയാണ് റെക്സ് കവിതകള്‍. ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. ഗുപ്തന് നായരെയും കൃഷ്ണന് നായരെയും ലീലാവതിയെയും എം.കെ.സാനുവിനെയും പോലുള്ള മഹാരഥന്മാരെ കണ്ടുവളര്‍ന്ന കവിയാണ് കെ.എസ് റെക്സ്. വലിയ അധ്യാപകര്‍ക്കൊപ്പം ഉള്ള സഹവാസം ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹം എന്നും പരിശ്രമിച്ചു. വളരെ നിശബ്ദനായിരുന്ന് അധ്യാപക വൃത്തിയും കവിതയെഴുത്തും നിര്‍വഹിച്ചു. വലിയ ഗുരുപരമ്പരയുടെ മാതൃക ജീവിതത്തില്‍ സ്വാംശീകരിച്ച റെക്സിനെ വാക്കുകളിലൂടെ ഈ വിധമാണ് മലയാളത്തിന്റെ പ്രിയ കവി കെജിഎസ് വാക്കുകളിലൂടെ ചിത്രീകരിക്കുന്നു. ഏറെ വര്‍ഷക്കാലം കാവല്‍ മാലാഖയെ പോലെ മാഷിനെ ശുശ്രൂഷിച്ച ഭാര്യ വിന്നിയുടെ വാക്കുകളിലും അദ്ദേഹത്തിന്റെ നിഷ്കളങ്കത തൊട്ട് എടുക്കാം.
പൂക്കളും ചെടികളും മനോഹരമാക്കിയ വീട്ടില്‍ എന്നും ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ ധരിച്ച് ഇരിക്കണമെന്ന് മാഷിന് നിര്‍ബന്ധമാണ്. പൂക്കള്‍ വാടാന്‍ പാടില്ല.
തെളിമയും നൈര്‍മല്യവുമുള്ള ജീവിതം റെക്സ് മാഷ് പകര്‍ന്നു നല്കി.
വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് ആദ്യ കവിതാസമാഹാരം റെക്സ്മാഷ് പ്രസിദ്ധീകരിക്കുന്നത്. അതിന് അവതാരിക എഴുതിയത് ഒഎന്‍വി കുറുപ്പാണ്. പിന്നീട് ഞായറാഴ്ച കവിതകളിലൂടെ പ്രഫ. റെക്സ് പ്രശസ്തനായി. ഞായറാഴ്ചകളില്‍ കേരള ടൈംസ് ദിനപത്രത്തിലാണ് അദ്ദേഹം കവിത എഴുതിയിരുന്നത്. അതുകൊണ്ട് പേരുപോലെ തന്നെ ഞായറാഴ്ച കവിതകള്‍ക്കായി ആസ്വാദകരും കാത്തു നിന്നു. ഞായറാഴ്ച കവിതകള്‍ പുസ്തകമാക്കിയപ്പോള്‍ ദാര്‍ശനികനായ നിത്യചൈതന്യയതി അതിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയി.
പിന്നീട് തീര്‍ത്ഥം, ഐഷകം…. എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 75-ാം വയസ്സില്‍ താനെഴുതിയ കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത 75 കവിതകളുടെ സമാഹാരം ‘നിനവ്’ മാഷ് പ്രസിദ്ധീകരിച്ചു. ധന്യമായ കാവ്യജീവിതത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു അത്. ‘നിനവ് ‘ കവിതാസമാഹാരം, മലയാളത്തിനും മലയാളിക്കും റെക്സിയന് കവിതകളുടെ സൗമ്യമായ സൗരഭം പകര്‍ന്നു നല്കി. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ആ സമാഹാരം ബഹളങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിച്ചില്ല. നന്മയുടെ ഉപാസകനായ കവിയാകട്ടെ കവിതയുടെ വിളവെടുപ്പ് നടത്തേണ്ടത് അക്ഷരസ്നേഹികളായ അനുവാചകരാണെന്ന നിലപാടുമെടുത്തു.
നമ്മുടെ കാല്പനിക കവിതാപാരമ്പര്യത്തിലെ കരുത്തുറ്റ കണ്ണിയാണ് റെക്സ് മാഷ്. ഹ്രസ്വായുസ്സായ വേലിയേറ്റങ്ങള്‍ക്കും വേലിയിറക്കങ്ങള്‍ക്കും അതീതമായി ആ കാവ്യജീവിതം മലയാളത്തിനും മലയാളിക്കും നിനവും നിറവും പകര്‍ന്നു നിലകൊള്ളുന്നു.
ഇളം വെയിലിന്റെ മഞ്ഞക്കതിരുകള്‍ - ഒഎന്‍വി കുറുപ്പ്
ഒരു ഹേമന്തരാത്രി കടന്നുപോകുന്നു; കുളിരുറന്നുനില്ക്കുന്ന അന്തരീക്ഷത്തില്‍ മെല്ലെ മെല്ലെ പ്രഭാതം ഇളംവെയില്‍ പരത്തുന്നു. അതിന്റെ മന്ദോഷ്ണരശ്മികള് നമ്മുടെ മനസ്സിലും പ്രസാദമുളവാക്കുന്നു. അത്തരത്തിലൊരു പ്രസാദമു
ദിപ്പിക്കുന്ന, ഒരു സാഹിത്യജീവിതത്തിന്റെ പ്രഭാതമാണ് ഈ കൃതിയിലൂടെ നാം കാണുന്നത്. ഒരു വിദ്യാര്‍ഥിയായ റെക്സിന്റെ കലാവാസന നമുക്ക് കാണിക്കവയ്ക്കുന്ന ആദ്യത്തെ കതിരുകളാണിവ. സുശിക്ഷിത പടുത്വത്തിന്റെ സുവര്ണ്ണരശ്മികളല്ല; വര്‍ണ്ണ സങ്കലനവൈദഗ്ധ്യംകൊണ്ട് മാദകമായ മഴവില്ലുദിപ്പിക്കുന്നുമില്ല. പക്ഷേ, ഈ ഇളംവെയിലിന്റെ മഞ്ഞക്കതിരുകള്‍
സ്വന്തം വിനീതവിഭവവുമായി നമ്മുടെ മനസ്സിലേയ്ക്കു വിരുന്നുവരികയാണ്. നമുക്കു സന്തോഷിക്കുക – സന്തോഷത്തോടെ സ്വീകരിക്കുക.
കവിതയുടെ ഋജുരേഖ - നിത്യ ചൈതന്യ യതി
ശ്രീ. റെക്സിന്റെ ഞായറാഴ്ചക്കവിതകള്‍ ഞാന്‍ കേള്‍ക്കുകയായിരുന്നു; വായിക്കുകയായിരുന്നു എന്നു പറയാത്തത് റെക്സ് ഉള്ളിന്റെയുള്ളിലേയ്ക്ക് തികഞ്ഞ വിശ്വാസത്തോടെ കയറിയിരുന്ന് പറയാനുള്ളതെല്ലാം വളച്ചൊടിക്കാതെ പറഞ്ഞുകൊണ്ടിരുന്നതിനാലാണ്. അതിനുമുമ്പായി അദ്ദേഹത്തിന് ഒരു നിര്‍ബന്ധമുണ്ട്. ‘മന്മനാഭവ’ എന്നു പണ്ടു കൃഷ്ണന് അര്‍ജ്ജുനനോട് പറഞ്ഞതു തന്നെ. ഞായറാഴ്ചക്കവിതകള്‍ കേള്‍ക്കണമെങ്കില്‍ ശ്രോതാവിന്റെ മനസ്സ് വക്താവായ കവിയുടെ മനസ്സാക്കി വയ്ക്കണം. എന്നാലേ അദ്ദേഹം കാണാന്‍ ശ്രമിക്കുന്ന പരമാര്‍ത്ഥം അതിന്റെ പൂര്‍ണ്ണമായ ശക്തിയോടും വെളിച്ചത്തോടും ചൂടോടും കൂടി നമ്മുടെ അന്തരാത്മാവില്‍ പ്രകമ്പനം ഉളവാക്കുകയുള്ളു. കറുത്തസൂര്യനെ അവതരിപ്പിച്ച റെക്സിന്റെ ആകാശം കറുത്തിരുണ്ട കാളമേഘം കൊണ്ടു തിങ്ങിനിറഞ്ഞു നില്‍ക്കുന്നതാണ്. നാം അതിലേക്ക് ഇതികര്‍ത്തവ്യതാമൂഢരായി നോക്കി നില്‍ക്കുമ്പോഴാണ് വെള്ളിടിവെട്ടുന്നതുപോലെ ഇരുപതു കൊള്ളിയാന്‍ ഒന്നിനുപുറകെ ഒന്നായി നമ്മുടെ ഹൃദയത്തില്‍ക്കൂടി പാളിപ്പോവുന്നത്. നാലഞ്ച് വാക്കുകള്‍ വാഴനാരില്‍ കൊരുത്ത് സര്‍വ്വേശ്വരനു ഒരു മാല സമ്മാനിക്കുമ്പോള്‍ റെക്സിന്റെ വാക്കുകളില്‍ ആളിക്കത്തുന്ന എരിതീയുടെ തീരുമാനമുണ്ട്.
ഏകാന്തശോഭയാര്ന്ന കവിത - പ്രഫ. എം.കെ. സാനു
വൈലോപ്പിള്ളിയുടെ ചരമവും ബഞ്ചമിന് മൊളോയിസിന്റെ രക്തസാക്ഷിത്വവും മുന്‍നിര്‍ത്തി രചിച്ചിട്ടുള്ള രണ്ടു കവിതകള്‍ (കൊയ്ത്തുകഴിഞ്ഞു, കറുത്തസൂര്യന്‍) ആദ്യംതന്നെ പരാമര്‍ശിക്കേണ്ടതായിരുന്നു. കാരണം, രണ്ടും രണ്ടു തരത്തില്‍ ആവേശജനകമാണ്. ഹൃദയത്തിന്റെ ചക്രവാളത്തില്‍ ബഞ്ചമിന് മൊളോയിസിന്റെ സ്മരണ സൂര്യനായുദിക്കട്ടെ എന്ന കവിയുടെ ആശംസയില്‍ അനുവാചകരെല്ലാം ഒരുപോലെ പങ്കുചേര്‍ന്നുപോകും. അത്ര വിദഗ്ധമായിട്ടാണ് റെക്സ് അതിന്റെ ആഖ്യാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കൊയ്ത്തുകഴിഞ്ഞു എന്ന കവിതയില്‍, അഞ്ചരയടിക്കാരാം കവികള്‍ക്കിടയില്‍ സഹ്യന്റെ തലപ്പൊക്കത്തോടെ ഉയര്ന്നുനില്ക്കുന്ന വൈലോപ്പിള്ളിയുടെ വൈശിഷ്ട്യം വിജ്ഞാനത്തിന്റെയും വികാരത്തിന്റെയും ചായങ്ങള്‍ ചാലിച്ചുചേര്‍ത്ത് വിശ്വാസ്യതയോടെ ചിത്രണം ചെയ്തിരിക്കുന്നു. പ്രത്യേകമായി എടുത്തുപറയേണ്ട ഒരു സംഗതി ഇവിടെ സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വര്‍ത്തമാനകാലത്തിന്റെ നേര്‍ക്ക് സജീവമായി പ്രതികരിക്കുന്ന ഒരു ഹൃദയം ഈ കവിതകളുടെ പിന്നില്‍ സ്പന്ദിക്കുന്നു എന്നതാണത്. സമകാലികജീവിതമോ അതിലെ പ്രശ്നങ്ങളോ കവിതയ്ക്ക് വിഷയമായിക്കൂടെന്ന് ശഠി
ക്കുന്ന ആചാര്യന്മാരുടെ കാലത്താണ് നാം ജീവിക്കുന്നത്. പൊതുപ്രാധാന്യമുള്ള പ്രമേയങ്ങള്‍ പ്രതിപാദിച്ചുപോയോ, കാവ്യരസം തീര്ത്തുമില്ലാതാകും – അങ്ങനെയൊരു നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. നിത്യതയുടെ വിഹായസ്സില്‍ വിഹരിക്കുന്ന കവിമാനസത്തിന് താത്ക്കാലിക പ്രശ്നങ്ങളൊക്കെയും അപ്രസക്തം! ഈ നിലയിലാണ് ആചാര്യന്മാരുടെ വാദഗ
തിയും അനുയായികളുടെ രചനാശൈലിയും നീങ്ങിക്കൊണ്ടിരിക്കുന്നത്. കുമാരനാശാനും വള്ളത്തോളും മറ്റും രാഷ്ട്രീയത്തില്‍ പങ്കെടുത്തു എന്നതും, കാലികപ്രശ്നങ്ങള്‍ കാവ്യവിഷയമാക്കി എന്നതും ഇക്കൂട്ടര്‍ ഓര്‍മ്മിക്കുന്നതേയില്ല. ഏതായാലും ആശാന്റേയും ചങ്ങമ്പുഴയുടേയും മറ്റും പാരമ്പര്യമേറ്റെടുത്തുകൊണ്ട് റെക്സ് തന്റെ കാലഘട്ടത്തോട് രചനയിലൂടെ പ്രതികരിക്കുന്നു എന്നത് തുലോം സ്തുത്യര്‍ഹമായ ഒരു ഗുണവിശേഷമായി ഞാന്‍ കാണുന്നു.
ആത്മവികാസത്തിന്റെ കവിത - ഡോ. സുകുമാര്‍ അഴീക്കോട്
അധികമെഴുതിയിട്ടില്ലെങ്കിലും, എഴുതുന്നതില്‍ അധികം ശ്രദ്ധിച്ചുകൊണ്ടെഴുതുന്ന ഒരു കവിയായിട്ടാണ് ഞാന്‍ ശ്രീ. റെക്സിനെ അറിയുന്നത്. ഇതിനകം കുറച്ചു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിത എന്റെ ശ്രദ്ധയില്പ്പെട്ടതുപോലെ, സാഹിത്യലോകത്തിലെ ശ്രദ്ധാലുക്കളായ ആസ്വാദകരുടെ ശ്രദ്ധയിലും പെട്ടിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എഴുതുമ്പോഴേയ്ക്ക് കീര്ത്തിക്കപ്പെടുന്നതോ ഫലിക്കുന്നതോ അല്ലല്ലോ കവിത. വിതച്ചുകഴിഞ്ഞാല്‍ നാള്ക്കണക്കിന് വളര്‍ന്നുവലുതാകുന്ന വിത്തോ, നിയമസഭ പാസ്സാക്കിയാല്‍ പ്രയോഗത്തില്‍ വരുന്ന നിയമമോ അല്ല കവി. അതിനാല്‍ തന്റെ കവിത ആളുകള്‍ കാലമേറെയായിട്ടും വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് വ്യഥ പൂണ്ടിരിക്കുന്നവര്‍ സദ്യഃഫലകാരികളായ മറ്റു കര്‍മ്മങ്ങളില്‍ വ്യാപരിക്കുവാന്‍ മടിക്കേണ്ടതില്ല. വാക്ക് എത്രമാത്രം ശ്രദ്ധാപൂര്‍വ്വമായ പ്രയോഗം ആവശ്യപ്പെടുന്ന ഒരു ദുര്ഘടവസ്തുവാണെന്ന് നന്നായി അറിയാം റെക്സിന്. ശ്രദ്ധിക്കാതെ ഉച്ചരിക്കുന്ന ഓരോ വാക്കിനും കണക്കു പറയേണ്ടിവരും എന്ന മത്തായിയുടെ സുവിശേഷ വചനം കവി മനസ്സില്‍കൊണ്ടു നടക്കുന്നു. പൊട്ടയായ വാക്ക് പറഞ്ഞയുടന്‍ നശിച്ചുപോകുന്നു എന്ന് വ്യാസനും പറഞ്ഞിട്ടുണ്ട്. എല്ലാവരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഓര്‍ക്കുന്നവര്‍ കുറവ്: ഓര്‍ത്തു പ്രയോഗിക്കുന്നവര്‍ അതിലേറെ കുറവ്. ഈ ഓര്മ പേറുന്ന മനസ്സുള്ളതുകൊണ്ടാണ്, ഏറെ എഴുതി, എന്നും ആളുകള്‍ക്കു മുമ്പില്‍ തിളങ്ങി നില്‍ക്കാതെ, സദാ പിന്‍നിരയില്‍ നിന്ന്, വല്ലപ്പോഴും മാത്രം മുന്‍നിരയില്‍ വന്ന് തന്റെ കവനപ്രാഭൃതം ദൈവത്തിനും മനുഷ്യനും സമര്‍പ്പിച്ചു കവി മാറിനില്‍ക്കുന്നത്.
മുങ്ങിയെടുത്ത മുത്തുകള്‍ - ഡോ. ടി. ഭാസ്കരന്
ഈ കവിതകള്‍ക്ക് ഇങ്ങനെ പേരിട്ടതുകൊണ്ട് പ്രൊഫസര്‍ റെക്സിന് ഒരുലാഭവും ഒരു നഷ്ടവും ഉണ്ട്. ഇവ തങ്ങള്‍ക്കുള്ളതാണ് എന്ന് ഒരു പ്രത്യേക വിഭാഗക്കാര്‍ക്ക് തോന്നുന്നത് ലാഭം. ഇവ കവിതയുടെ സാമാന്യപ്രവാഹത്തില് പെ
ടില്ല എന്ന് വേറെ ചിലര്‍ വിചാരിക്കുന്നതു നഷ്ടം. വാസ്തവത്തില്‍ ഇവ സാമാന്യപ്രവാഹത്തില് പെടുന്നവയാണ്. തീര്‍ഥാടനം ഒരു പാവനകര്‍മ്മമായി എല്ലാ മതക്കാരും ഗണിക്കുന്നു. തീര്‍ഥാടനത്തിലൂടെ പുണ്യം നേടുക എന്ന വിചാരം മനുഷ്യനെ ഭരിക്കുന്നു. കഴിവുള്ളവരെല്ലാം ഹജ്ജ് നടത്തണമെന്ന് ഖുറാന് അനുശാസിക്കുന്നു. ഹജ്ജിനിടയില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം എന്ന വിശ്വാസം ഒരിക്കലുണ്ടായ ഹജ്ജിലെ തീപിടുത്തത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പലരും രക്ഷപ്പെടാന്‍ വിസമ്മതിച്ചുവത്രെ. ഹിന്ദുക്കള്‍ വയസ്സാകുമ്പോള്‍ കാശിക്കു പോകാറുണ്ട്. കാശിയില്‍ കിടന്നു മരിച്ചാല്‍ പുണ്യം സുനിശ്ചിതം. ക്രിസ്ത്യാനികളും തീര്‍ഥാടനം നടത്തി പുണ്യം നേടാറുണ്ട്. ഈ തീര്ഥാടനങ്ങള് കായക്ലേശം സഹിച്ചും ധനം വ്യയം ചെയ്തും നടത്തേണ്ടവയാണ്. ആരോഗ്യമില്ലാത്തവര്‍ക്കും വൃദ്ധര്‍ക്കും അതു നടത്താന്‍ പ്രയാസം തന്നെ. പ്രഫസര്‍ റെക്സ് വീട്ടിലിരുന്ന് നിര്‍വഹിക്കാവുന്ന മുന്‍പറഞ്ഞ പ്രയാസങ്ങളില്ലാത്ത ഒരു തീര്‍ഥാടനം കണ്ടുപിടിച്ചിരിക്കുന്നു. അതു ബൈബിള്‍ എന്ന തീര്ത്ഥസാഗരത്തില് വീണ്ടും വീണ്ടും ഇറങ്ങി മുങ്ങുക എന്നതാണ്. ഓരോ പ്രാവശ്യം മുങ്ങി കയറുമ്പോഴും അവാച്യമായ നിര്‍വൃതിയുടെ ഉള്‍ക്കുളിരും കൊണ്ടാണ് അദ്ദേഹം പൊങ്ങിവരുന്നത്. ആ രോമാഞ്ചത്തിന്റെ ചിഹ്നങ്ങള്‍ ഞായറാഴ്ചക്കവിതകളില് കാണാം. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ബൈബിള്‍ എന്ന തീര്ത്ഥപാരവാരത്തില് മുങ്ങിയെടുത്ത മുത്തുകളാണ് ഇതിലെ
ഓരോ കവിതയും. വീട്ടിലിരുന്ന് ചെയ്യാവുന്ന തീര്‍ഥാടനം എന്നു പറഞ്ഞെങ്കിലും ഇതെല്ലാവര്‍ക്കും സാധ്യമാവുകയില്ല. മിശിഹായുടെ അനുഗ്രഹം പ്രതിഭയുടെ രൂപത്തില്‍ ലഭിച്ച റെക്സിനെപ്പോലുള്ള അപൂര്‍വ്വം ചിലര്‍ക്കേ അതു നിര്‍വഹിക്കാന്‍ കഴിയൂ.
തീര്‍ത്ഥം ഒരു പുതിയ സൃഷ്ടി - ഡോ. കെ.എം. തരകന്
റെക്സിനു സ്വന്തമായ കഥാഖ്യാനസമ്പ്രദായമുണ്ട്. ഈ സമ്പ്രദായം തീര്‍ത്ഥത്തെ ശക്തിയുള്ള ഒരു കവിതയാക്കിയിരിക്കുന്നു. കാവ്യത്തിന്റെ ഒഴുക്കും ബിംബങ്ങളുടെ ഉചിത സംയോജനവും തീര്‍ത്ഥത്തെ കലാസുന്ദരമാക്കിയിരിക്കുന്നു. സമരിയാക്കാരില്‍ ക്രമാനുസൃതമായി വരുന്ന മാറ്റത്തെ അത്യധികം സൂക്ഷ്മതയോടെയാണ് കവി ആലേഖനം ചെയ്തിരിക്കുന്നത്. ആദ്യത്തെ ആ അപകര്‍ഷതാബോധം, പിന്നീടുള്ള പരിഹാസകൗതുകം (യേശു യാക്കോബിനെക്കാള്‍ വലിയവനോ എന്ന ചോദ്യം സ്മരിക്കുക) അനന്തരം ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുമ്പോള്‍ അവള്‍ക്കനുഭവപ്പെടുന്ന പരുങ്ങല്, തുടര്‍ന്നു പറയുന്ന കാപട്യജടിലമായ വാക്കുകള്‍ – അതെല്ലാം സ്ത്രീസഹജങ്ങളാണ്; പ്രത്യേകിച്ച് ഒരു അഭിസാരികയില്‍നിന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ളവ. പക്ഷേ സത്യം അറിയുന്ന നിമിഷം അവള് ആ സത്യത്തെ അംഗീകരിക്കുന്നു. ദൈവകാരുണ്യത്തിന് പാത്രീഭൂതരായവര്ക്കു മാത്രമേ സത്യത്തെ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളു. പിന്നീട്, സമരിയാക്കാരി ചെയ്യുന്നതെല്ലാം, കളങ്കരഹിതയായ ഒരു സ്ത്രീമാത്രം ചെയ്യുന്ന കാര്യങ്ങളാണ്. അവള് ആഹ്ലാദിക്കുന്നു;അന്യരോട് സ്വന്തമനുഭവം വിവരിക്കുന്നു; യേശുവിന്റെ മഹത്ത്വത്തെ പ്രഘോഷിക്കുന്നു. തികച്ചും ഭാരതീയമായ ഒരു പ്രതീകമാണ് ‘തീര്‍ത്ഥം’. തീര്‍ത്ഥം വിശുദ്ധ ജലമാണ്; പാപം കഴുകിക്കളയുന്ന ജലം! തീര്‍ത്ഥം മോക്ഷത്തിന് വ്യക്തിയെ പ്രാപ്തനാക്കുന്നു. ബൈബിള്‍ ഉപയോഗിക്കുന്ന പദം ‘ജീവജലം’ എന്നതാണ് -ജീവനുള്ള ജലം, ജീവന്റെ ജലം, ജീവന് ദാനം ചെയ്യുന്ന ജലം. ഈ ജലം ക്രിസ്തുതന്നെയാണ്; ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മരിക്കയില്ല. അവര്‍ക്ക് വിശപ്പോ ദാഹമോ അനുഭവപ്പെടില്ല. അതായത് ക്രിസ്തുവുമായി താദാത്മ്യപ്പെടുന്നവര് അനാസക്തരായിത്തീരുന്നു; അതേസമയം സ്നേഹമുള്ളവരായും മാറുന്നു. സ്നേഹമാണ് സര്‍വ്വശ്രേഷ്ഠമായ നന്മ. ‘തീര്‍ത്ഥം’ അതാണ്. ഉപഗുപ്തന് വാസവദത്തുടെമേല് ചൊരിഞ്ഞതു കരുണയാണെങ്കില്‍, യേശു സമരിയാക്കാരിയില്‍ ചൊരിഞ്ഞത് സ്നേഹമാണ്.
കവിതയുടെ കാന്തചലനം - ഡോ. എം. ലീലാവതി
മഹാഭാരതത്തിലെ മറ്റൊരു സംഘര്‍ഷപൂര്‍ണ്ണമായ സംഭവ പരിണാമവൈചിത്ര്യത്തെ നാടകീയമായി വര്ണ്ണിച്ചുവെച്ച് അതിനെ ഇന്നത്തെ ഒരവസ്ഥാവിശേഷവുമായി ബന്ധിപ്പിക്കുന്ന ‘ഐഷീകം’ ആ സാദൃശ്യദര്ശനത്താല് മാത്രമല്ല ധ്വനി സുന്ദരമായിരിക്കുന്നത്. ഒരു കൊച്ചുതീപ്പൊരി നീറിനീറിപ്പിടിച്ച് എങ്ങനെ ഇല്ലം ചുടുന്ന തീയ്യായി കത്തിപ്പടരാം എന്ന് മഹാഭാരതത്തിലെ കൊടും പകകളുടെ കഥകള്‍ വ്യഞ്ജിപ്പിക്കുന്നു. ഋഷിമാര്‍ സത്യങ്ങളെ ഹിരണ്മയപാത്രങ്ങള്കൊണ്ടു മൂടാതെ തുറന്നു കാട്ടിത്തരാനുതകുന്ന കഥാപാത്രങ്ങളെയാണ് മെനഞ്ഞുവെച്ചിരിക്കുന്നത്. കാണാനൊരുക്കമില്ലാത്തവര് മാത്രം ഒന്നും കാണുന്നില്ല. ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്തവര്‍ ചരിത്രകഥകളായി വീണ്ടും ജീവിക്കാന്‍ വിധിക്കപ്പെടുന്നു. ഈ ചിന്ത നമുക്ക് നമ്മെക്കുറിച്ചുള്ള
എല്ലാ ആശകളും അവസാനിപ്പിക്കാന്‍ പ്രേരകമായിത്തീരാം. എന്തെന്നാല്‍ കുരുക്ഷേത്രങ്ങള്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കങ്ങളാണെവിടേയും, പക്ഷേ, ഏതോ ഒരു ശക്തി മനുഷ്യരാശിയെ രക്ഷിക്കാന്‍ തക്കസമയത്ത് ഇടപെടും എന്ന ശുഭപ്രതീക്ഷയുടെ രജതരേഖ ചൂണ്ടിക്കാട്ടി ആശ്വസിപ്പിക്കാനാണ് റെക്സ് ‘ഐഷീകം’ എഴുതിയത്. ചെറുതില്‍ ചെറുതാണ് പുല്ല്. ചെറുതില്‍ ചെറുതാണ് പരമാണു. അന്ന് പുല്ലെടുത്ത് ജപിച്ച് ബ്രഹ്മാസ്ത്രമാക്കുന്നു. ഇന്ന് അണ്വായുധം ആയിരമായിരം നാഴികകള്ക്കപ്പുറത്ത് ചെന്നുവീഴാന്‍ തക്ക സംവിധാനമുണ്ടായിരിക്കുന്നു. ആശയ്ക്കു വകയില്ലാത്ത സര്‍വ്വനാശ മുഹൂര്‍ത്തത്തോട് തൊട്ടു തൊട്ടില്ലെന്ന മട്ടിലടുത്തെത്തിയപ്പോള് അന്ന് ഋഷിമാര്‍ ലോകത്തെ രക്ഷിച്ചു. ഇന്ന് ഏതോ അജ്ഞേയ ശക്തി ഇടപെട്ടു എന്നു തോന്നുംവണ്ണം അസ്ത്രങ്ങള്‍ പ്രതിസംഹരിക്കാന് ലോകശക്തികള്‍ സന്നദ്ധത കാട്ടിയിരിക്കുന്നു. ‘രക്ഷന്തിപുണ്യാനി പുരാകൃതാനി’ എന്ന അരുളില്‍ പൊരുളുണ്ടാവും.
ആശയറ്റു മൃതിയിലേ-
ക്കെങ്ങാനുമാഴുകിലപ്പൊഴെല്ലാം
ഏതോ കനിവിന്റെ നീണ്ട കൈയ്യെത്തിപ്പി-
തെന്നെ വെളിച്ചത്തിലേക്കു വീണ്ടും!
എന്ന് ഏതോ കനിവിനെ വൈലോപ്പിള്ളി വാഴ്ത്തി. മനുഷ്യരാശിയെ വെളിച്ചത്തിലേക്കു വീണ്ടെടുക്കുന്ന ഏതോ കനിവിന്റെ സാന്നിധ്യം ഈ കവിയും ദര്‍ശിക്കുന്നു.
സൗമ്യമായ സൗരഭം - ഡോ. എം. തോമസ് മാത്യു
ഘോഷത്തോടെ അവതരിക്കുന്ന കാവ്യപ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ ഒരിക്കലും ഈ കവിയെയോ അദ്ദേഹത്തിന്റെ കവിതകളെയോ കണ്ടുകിട്ടുകയില്ല. തന്റേതു മാത്രമായ ഒരു ലോകത്തില്‍ ഒതുങ്ങിനില്‍ക്കാനാണ് എല്ലാക്കാലത്തും അദ്ദേഹം കൗതുകം കാണിച്ചിട്ടുള്ളത്. ആ ലോകം ചെറിയ ലോകമായിരിക്കാം; വര്‍ണ്ണപ്പകിട്ടു കുറഞ്ഞതുമായിരിക്കാം. എന്നാലും അതു തന്റേതുമാത്രമാണല്ലോ എന്ന അഭിമാനം റെക്സിനെ സംതൃപ്തനാക്കുന്നു. അല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ സ്വച്ഛവിചാരങ്ങളുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതേ ഇല്ലായിരിക്കും. അങ്ങനെ കരുതുന്നതാണ് കൂടുതല്‍ സ്വാഭാവികം. കാരണം, പ്രസ്ഥാനങ്ങളെക്കുറിച്ചും പൊതുരീതികളെക്കുറിച്ചും ഉള്ള ചിന്തകള്‍ ഒരു കവിയുടെയും മനസ്സില്‍ അലോസരങ്ങള്‍ ഉണ്ടാക്കുന്നില്ല. അയാള്‍ തന്റെ ഹൃദയത്തില്‍ ഊറുന്ന അനുഭൂതിക്ക് വാഗ്രൂപമിയറ്റാനുള്ള ഏകാന്തമായ സാധനയില്‍ മുഴുകുകയാണ്. തന്നില്‍ ഉദ്ഭാസിതമാകുന്ന ദര്‍ശനങ്ങളും തെളിഞ്ഞമരുന്ന വികാരങ്ങളും മാത്രമേ ആ ദര്‍ശനങ്ങളും വികാരങ്ങളും പിറവിയെടുക്കുന്ന വാഗ്ശില്പവും മാത്രമേ, കവിയുടെ സാക്ഷാത്തായ പ്രശ്നകോടിയില് ഉള്‍പ്പെടുന്നുള്ളൂ. പക്ഷേ, ഇത് ആദര്‍ശമാണ്. ആദര്‍ശത്തില്‍നിന്ന് എത്രയോ അകലെയാണ് നിത്യപരിചിതമായ അനുഭവങ്ങള്‍ കിടക്കുന്നത്! നിലവിലുള്ള ഫാഷനൊപ്പം നില്ക്കാന് വമ്പന്മാര്വരെ സ്വയം വില്ക്കാന് മടികാണിക്കാത്തതിന്റെ ഉദാഹരണങ്ങള്‍ മലയാളകവിതയ്ക്ക് കുറെയേറെ എടുത്തുനിരത്താനുണ്ട്. അത്തരക്കാര്‍ സാഹിത്യത്തിലെ ഭാഗ്യാന്വേഷികളാണ്. പക്ഷേ, കവിതയുടെ പ്രപഞ്ചത്തില്‍ ഭാഗ്യാന്വേഷണത്തിന്റെ കഥകള്‍ പ്രതിഭാ രാഹിത്യത്തിന്റെ കഥകള്‍കൂടിയാണ്. സിദ്ധമായ പ്രതിഭയ്ക്കു ചില ആജന്മപരിമിതികളുണ്ട്. വളരുന്ന മണ്ണിന്റെയും ശ്വസിക്കുന്ന അന്തരീക്ഷത്തിന്റെയും വ്യത്യാസത്തിനനുസരിച്ച് തരംമാറാന് അതിനു സാധ്യമല്ല. പ്രകൃത്യനുരോധമായ ദൈവവികാസമേ പ്രതിഭയ്ക്കു സാധ്യമാകൂ. അതുകൊണ്ട്, തന്റേതുമാത്രമായ ഒരു ജീവിതചക്രത്തില്‍ ഒതുങ്ങിനിന്ന് ചില്ലകള്‍ വിരിച്ചു വളരാന്‍ മൗലികമായ സിദ്ധിയുടെ ബീജവും ഉള്ളില്‍ പേറിക്കൊണ്ട് ജനിക്കുന്ന ഏതു കവിയും നിര്‍ബന്ധിതനാണ്. ഈ ലോകത്തില്‍ അതിര്‍ത്തി ലംഘനങ്ങള്‍ ആത്മഹത്യാശ്രമങ്ങളാണ്. പക്ഷേ, ആദ്യകാലങ്ങളില്‍ ആരും സ്വയമറിയാതെ ഈ സാഹസങ്ങള്‍ക്കു മുതിരും; പുറത്തെ ശബ്ദകോലാഹലങ്ങളില്‍ ആകൃഷ്ടനായിപ്പോകും. അങ്ങനെയൊരപകടം പോലും റെക്സിനു സംഭവിച്ചിട്ടില്ലെന്ന് ഈ കവിതാസമാഹാരം സമര്‍ത്ഥിക്കുന്നു.
ഇതു തീര്‍ച്ചയായും ഭാഗ്യമാണ്. കൊതി തോന്നിപ്പിക്കുന്ന ഭാഗ്യം.
വ്യതിരിക്ത കവിത - പ്രഫ. മാത്യു ഉലകംതറ
കവിതയെ കവിതയാക്കുന്ന രചനാശില്പഗുണങ്ങളിലെത്തുമ്പോഴാണ് റെക്സ് കൂടുതല്‍ ശ്രദ്ധേയനായിത്തീരുന്നത്. പറയേണ്ടതു പറയുക, ഉചിതപദങ്ങളും ബിംബങ്ങളുമുപയോഗിച്ച് പറയേണ്ടതുപോലെ പറയുക പറഞ്ഞുവെക്കുന്നതിനപ്പുറം ചിലതൊക്കെ ധ്വനിപ്പിക്കുക, കവിണിക്കല്ലേറുകൊണ്ടു മുറിപ്പെടുത്താതെ പുഷ്പവര്ഷംകൊണ്ടു കണ്ണുതുറപ്പിക്കുക – ഈ കൗശലങ്ങളൊക്കെ കവിക്കു നല്ലവണ്ണം വശപ്പെട്ടിരിക്കുന്നു. ലഘുവായ ഒരു നര്‍മ്മബോധത്തിന്റെ സ്പര്‍ശം കൊണ്ട് എല്ലാറ്റിനും ഒരു ഹൃദ്യതയുടെ കസവൊളി ചേര്‍ക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. കേക, കാകളി മുതലായ കിളിപ്പാട്ടു വൃത്തങ്ങളില്‍ അധികം
താല്പര്യവും കൈത്തഴക്കവും കാണിക്കുന്ന കവി ഈരടികളില്‍ ആശയമൊതുക്കി നിര്‍ത്തണമെന്ന നിഷ്ഠയൊന്നും കാണിക്കുന്നില്ല. ‘അടികള്‍ക്കും കണക്കില്ല നില്ക്കയും വേണ്ടൊരേടവും’ എന്ന സ്വാതന്ത്ര്യം നിരന്തരം പ്രയോഗിക്കുന്ന അദ്ദേഹം എഴുത്തച്ഛന്റെ വൃത്തങ്ങളില്‍ കണ്ണശ്ശന്റെ രചനാരീതിയുപയോഗിച്ച് ആധുനികഭാഷയില്‍ സ്വച്ഛന്ദമായെഴുതിയപ്പോകുമ്പോഴും പ്രസാദമാധു
ര്യങ്ങള്‍ക്ക് ഒരു കുറവും വരുന്നില്ല. പഴയ മട്ടിലുള്ള അലങ്കാരങ്ങളും പുതിയ മട്ടിലുള്ള ഭാസുരഛായാബിംബങ്ങളും ഉല്ക്കൃഷ്ടകൃഷ്ടഭേദം കൂടാതെ കൈകോര്‍ത്തു ചാഞ്ചാടുന്നു.