കഴിഞ്ഞ വാരത്തിൽ ലോകത്തോട് വിട പറഞ്ഞ കവി പ്രൊഫ. റെക്സ് എഴുതിയ രണ്ടു ഗാനങ്ങളുണ്ട് . കവിതയിൽ മാത്രം ശ്രദ്ധിച്ചിരുന്ന പ്രൊഫ. റെക്സ് സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഗാനങ്ങൾ എഴുതി നൽകിയത് .
കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വരാപ്പുഴ അതിരൂപതയുടെ കലാ മാധ്യമ കേന്ദ്രമായ സി . എ. സി. യുടെ ഡയറക്ടറായി സേവനം ചെയ്യുമ്പോഴാണ് ആത്മയാഗം എന്ന കസ്സെറ്റ് പ്രകാശനം ചെയ്യുന്നത് . ദിവംഗതനായ ആർച്ച്ബിഷപ് ഡോ. കൊർണേലിയസ് ഇലഞ്ഞിക്കലിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആത്മയാഗം കസ്സെറ്റ് പ്രകാശിതമായത് . 1995 ലായിരുന്നു ജൂബിലി ആഘോഷിച്ചത് . വരാപ്പുഴ അതിരൂപതയിലെ പ്രഗത്ഭരായ എഴുത്തുകാരും സംഗീതജ്ഞരും ഈ കസ്സറ്റിനു വേണ്ടി പ്രവർത്തിച്ചു . പ്രഫ. റെക്സിനെക്കൊണ്ട് ഒരു ഗാനം എഴുതിക്കാൻ ഫാ. അലക്സ് വടക്കുംതല ആഗ്രഹിച്ചു .
ബിഷപ്പ് അലക്സ് ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചു ഓർക്കുന്നു .
‘പ്രൊഫ. റെക്സിന്റെ കവിതകൾ ഞാൻ പതിവായി വായിച്ചിരുന്നു . താലന്ത് മാസികയിൽ അദ്ദേഹത്തിന്റെ അനേകം കവിതകൾ ഞാൻ വായിച്ചിട്ടുണ്ട് . ഒരു ഗാനസമാഹാരം പുറത്തിറക്കാൻ അവസരം വന്നപ്പോൾ റെക്സ് സാറിന്റെ രചനയും വേണമെന്ന് ആഗ്രഹമുണ്ടായി . അദ്ദേഹത്തെ സമീപിച്ചപ്പോൾ സന്തോഷത്തോടെ തന്നെ ഒരു ഗാനം എഴുതിത്തന്നു . ബെർണി – ഇഗ്നേഷ്യസ് സഹോദരന്മാരാണ് സംഗീതം നൽകിയത് . ബിജു നാരായണനും സംഘവും ചേർന്നായിരുന്നു ആലാപനം .
സി. എ. സി . നിർമിച്ച ആത്മയാഗം വിപണിയിലെത്തിച്ചത് മനോരമ മ്യൂസിക്കായിരുന്നു . കവിതയുടെ പാതയിൽ മാത്രം സഞ്ചരിച്ചിരുന്ന പ്രൊഫ .റെക്സിനെ ഗാനരചനയിലേക്കു പ്രവേശിപ്പിക്കാൻ ആത്മയാഗത്തിനു സാധിച്ചു .’
ആത്മയാഗത്തിനു വേണ്ടി പ്രൊഫ. റെക്സ് എഴുതിയ ഗാനം .
മനുഷ്യ മനസ്സിൽ പൊട്ടിവിരിഞ്ഞു
മനോജ്ഞമൊരു പുഷ്പം
അർത്ഥവത്തായി
സ്നേഹമെന്നവനതിനു പേരിട്ടു
കാലമെന്നും വാഴ്ത്തി
സ്നേഹപ്പൂവിൻ സൗന്ദര്യം
ഈ പൂ ഏതൊരിനം
പൂവിനെന്തു നിറം
മണ്ണിൻ വിണ്ണിൻ ദാനം സ്നേഹം
പാരിതാകെ മുകർന്നൂ
സ്നേഹപ്പൂവിൻ സൗരഭ്യം
ഈ പൂ എത്ര ദിനം പൂവിനെത്ര ദളം
മണ്ണിന് വിണ്ണിൻ ദാനം സ്നേഹം.
1995-ൽ തന്നെ പ്രൊഫ. റെക്സ് ഒരു ദേശഭക്തിഗാനവും എഴുതി . ദേശീയ യുവജന സംഗമത്തിനു വരാപ്പുഴ അതിരൂപത വേദിയായപ്പോൾ സഭയുടെ യുവജനസംഘടനാ ചരിത്രത്തിൽ മഹിതമായയൊരു അധ്യായം എഴുതി ചേർക്കപ്പെടുകയായിരുന്നു .
നൂറു ഗായകർ അണിനിരന്ന സംഘത്തിന് ആലപിക്കാൻ വേണ്ടി ഒരു ഗാനം രചിച്ചു നൽകണമെന്ന അഭ്യർത്ഥനയുമായി കൊയർ കമ്മിറ്റിയുടെ കൺവീനർ ജോൺസൺ മങ്ങഴയും സഹപ്രവർത്തകരും റെക്സ് മാഷിനെക്കണ്ടു . ജോൺസൺ മങ്ങഴ ആ പാട്ടിന്റെ പിറവിയെക്കുറിച്ചു പറയുന്നു .
ദേശീയ യുവജന സംഗമത്തോടനുബന്ധിച്ചു ഗായകസംഘത്തിനു വേണ്ടി ദേശഭക്തിഗാനങ്ങൾ പുതിയത് ഒരുക്കാൻ തീരുമാനിച്ചു . പ്രൊഫ. ഓ . എൻ . വി. കുറുപ്പിന്റെ ഒരു ഗാനം ലഭിച്ചു . അടുത്ത ഗാനത്തിനായി പ്രൊഫ. റെക്സിനെ കണ്ടു . അടുത്ത ദിവസം തന്നെ അദ്ദേഹം എഴുതിത്തന്നു . വരികൾക്ക് സംഗീതം നൽകിയത് എൽഡ്രിഡ്ജ് ഐസക്കായിരുന്നു . കൺവെൻഷൻ വേദിയിൽ കെസ്റ്ററും നൂറു ഗായകരും അതിമനോഹരമായി ഈ പാട്ട് നിരവധി തവണ ആലപിച്ചു . കൺവെൻഷന്റെ ഭാഗമായി പുറത്തിറക്കിയ മുക്തിധാര എന്ന കസ്സെറ്റിലു കെസ്റ്റർ ജ്യോതി എന്നിവരാണ് ഈ പാട്ടിനു ശബ്ദം നൽകിയത്.’
ഗാനത്തിന്റെ വരികൾ:
ജനനീ ജന്മഭൂമീ
ജനഗണമനമറിയുന്നു നീ
പലമൊഴിയുരിയാടുന്നോർ
പലമതമുൾക്കൊന്നോർ
ഒരമ്മ പെറ്റ കിടാങ്ങൾ
ഒരുമയിൽ വാഴ്വൂ ഞങ്ങൾ
പലനാട്ടിൽ നിന്നുള്ളോർ
പലവേഷങ്ങളുമണിവോർ
ശബളിതശോഭയോടുറ്റ
ചരടിൽ കോർത്ത സുമങ്ങൾ
പല പശ്ചാത്തലമുറ്റോർ
പല പല ദർശനമുള്ളോർ
തവതനയന്മാർക്കുള്ളിൽ
നുരയുവതേക വികാരം
ഒരേയൊരിന്ത്യ
ഒരൊറ്റ ജനത
ഇന്ത്യ … ഇന്ത്യ … ഇന്ത്യ …
നൂറുകണക്കിന് കവിതകൾ എഴുതിയ റെക്സ് മാസ്റ്ററിന്റെ രണ്ടു ഗാനങ്ങളാണ് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത് . അത് രണ്ടും സി എ സി യിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു