ബാല്യകാലസ്മരണകളില്‍ മേയ് മാസം തിളങ്ങുന്നത് അവധിക്കാലത്തിന്റെ മധുരം കൊണ്ട് മാത്രമല്ല വണക്കമാസത്തിന്റെ പ്രകാശം കൊണ്ടു കൂടിയാണ്. മേയ്മാസത്തെ പൂര്‍ണ്ണമാക്കുന്ന 31 ദിനങ്ങളില്‍ കുടുംബ പ്രാര്ഥനയോടൊപ്പം നടത്തുന്ന വണക്കമാസപ്രാര്തനയും പരിശുദ്ധ മറിയത്തോടുള്ള ആദരവിന്റെ സൂചകമാണ്. അവസാനദിനം വണക്കമാസം കാലം കൂടും. പാച്ചോറാണ് അന്നത്തെ പ്രധാന വിഭവം. അയല്‍ക്കാരും കൂട്ടുകാരും ഒത്തുകൂടിയുള്ള പ്രാര്‍ഥനയും പാച്ചോര്‍ കഴിക്കലും ഓര്‍മ്മകളില്‍ അതിമധുരമായി നിലനില്ക്കുന്നു.
മേയ് മാസത്തെ സമ്പന്നമാക്കാന്‍,പരിശുദ്ധ മറിയത്തോടുള്ള സ്നേഹവും ആദരവും കൂടുതലാക്കാന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥം ഈ ആഴ്ച വായനക്കാരുടെ ശ്രദ്ധയില്‍ എത്തിക്കുകയാണ്.
കലാനിരൂപകന്, വിവര്ത്തകന്, സഞ്ചാരി, കവി, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളില്‍ ഒക്കെ പ്രശസ്തനായ കെ.പി രമേഷിന്റെ ‘ആവേ മരിയ’പരിശുദ്ധ മറിയത്തെ കുറിച്ചുള്ള അറിവുകള്‍ക്ക് ആഴം കൂട്ടും. മലയാള സാഹിത്യത്തില്‍ കെ.പി. അപ്പന് തുടക്കം കുറിച്ച മേരി വിജ്ഞാനീയ ശാഖയില്‍ ചേര്‍ത്തുവെക്കാവുന്നതാണ് ആവേ മരിയ. ‘വിശുദ്ധ മേരിയുടെ അര്‍ത്ഥതലങ്ങള്‍’ എന്നൊരു ഉപശീര്‍ഷകവും പുസ്തകത്തിനുണ്ട്. അതു വായിച്ച് കത്തോലിക്ക സഭയില്‍ വിശുദ്ധ മേരി എന്ന പ്രയോഗം ഇല്ല എന്നും പരിശുദ്ധ മറിയം എന്ന വിശേഷണമാണ് സഭ നല്‍കുന്നത് എന്നും ബൈബിള്‍ പണ്ഡിതനായ ഫാ. ജോഷി മയ്യാറ്റില്‍ പങ്കുവെച്ച അറിവും വായനക്കാര്‍ക്കുവേണ്ടി കുറിക്കുന്നു.
പുസ്തകത്തിന്റെ രചനയെ കുറിച്ച് കെ.പി രമേഷ് പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയത് അനുബന്ധമായി ചേര്‍ക്കുന്നു. ‘ഹൃദയനൊവേന’ എന്നാണ് അതിന്റെ ശീര്‍ഷകം. ഹൃദയനൊവേന, എത്ര മനോഹരമാണ് ആ തലക്കെട്ട് പോലും.
‘ആലംബഹീനരും അഭയാര്‍ത്ഥികളും ഉപകാരസ്മരണാര്‍ത്ഥം വിശ്വാസികളും വന്നണയുന്ന വേളാങ്കണ്ണിയിലെ മണല്ത്താരയില് നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. നീണ്ട ഏഴു വര്‍ഷങ്ങളുടെ പ്രയത്നവും പ്രാര്‍ഥനയും വേണ്ടിവന്നു ഇതിന്റെ പൂര്‍ത്തീകരണത്തിന്.
വേളാങ്കണ്ണിയിലെത്തിയപ്പോഴേക്കും അപരാഹ്നമായി. ഒരു കാലത്ത് ഗ്രീക്കുകാരുമായും റോമന്കാരുമായും വാണിജ്യബന്ധമുണ്ടായിരുന്ന നാഗപട്ടണത്തില്‍നിന്ന് അകലെയല്ല വേളാങ്കണ്ണി. ദൈവാരാധന പ്രബലമായിരുന്ന വേളാങ്കണ്ണിയില്‍ മരിയമാതാവ് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് മനുഷ്യരുടെ വിശ്വാസത്തിലും പുതിയ നിലാവ് പരന്നു. മാരിയമ്മയും മേരിയമ്മയും വിശ്വാസത്തിന്റെ അദ്വൈതത്തില്‍ ഒന്നായി വാണു. ആരോഗ്യമാതാവിന്റെ പുണ്യഗേഹമായി വേളാങ്കണ്ണി വളര്‍ന്നു. ആ ഗ്രാമത്തിലെ ഇടയബാലനു മുന്നില്‍ ഉണ്ണിയേശുവിനെയേന്തിയ മേരി പ്രത്യക്ഷപ്പെട്ടതും, വികലാംഗനായ ഒരു ബാലന് എഴുന്നേറ്റുനടന്നതും കപ്പലില്‍ സഞ്ചരിക്കയായിരുന്ന പോര്‍ച്ചുഗീസ് നാവികര്‍ കൊടുങ്കാറ്റില്‍നിന്നു രക്ഷപ്പെട്ടതും വിശ്വാസികള്‍ക്കിടയില്‍ ദിവ്യാത്ഭുതങ്ങളായി നിലകൊള്ളുന്നുണ്ട്. തങ്ങളെ രക്ഷിച്ച മേരിയുടെ പേരില്‍ പോര്‍ച്ചുഗീസുകാര്‍ നന്ദി കരേറ്റി. അവര്‍ ദേവാലയം പരിഷ്കരിച്ചു. 1962-ല്‍ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ‘ അതിനെ ബസിലിക്കയായി ഉയര്‍ത്തി.
അതൊരു ശനിയാഴ്ചയായിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് മാതാവിന്റെ തിരുരൂപവും വഹിച്ച്, വിവിധ ഭാഷകളിലുള്ള പാട്ടുകള്‍ പാടിക്കൊണ്ട് വീഥികളിലൂടെ ആളുകള്‍ പതിയേ നടന്നുനീങ്ങുന്നു. ദിവ്യഗീതധാരയാല് കല്ലുകള്‍പോലും പുളകമണിയുന്നു. സസ്യങ്ങള്‍ വസന്തര്ത്തുവിലെന്ന പോലെ ആനന്ദിക്കുന്നു. ആ ഘോഷയാത്ര സമാപിക്കുന്നത് പുതിയ പള്ളിയിലാണ് (സ്റ്റെല്ലാ മാരിസ് ചര്‍ച്ച്). ആ ആള്‍ക്കൂട്ടത്തില്‍ പങ്കാളിയായി. കേട്ടുമറന്ന ചില ഗാനങ്ങള്‍ അവിടെ പുനര്‍ജ്ജനിച്ചു. അകമെയും പുറമെയും കണ്ണീരണിഞ്ഞ് നടന്നുനീങ്ങി. ആരോ കരം തന്ന് കാത്തരുളുന്ന സൗഖ്യമാര്ന്ന അനുഭവം. ‘യേശുവേ എന്‍ ജീവനാഥാ’, ‘ഞാനുറങ്ങാന്‍ പോകും മുമ്പായ്’, ‘ആയിരം കണ്ണുമായ് അങ്ങയെ കാണുവാന്‍’, ‘എന്തെന്തു പാവനം സ്വര്ഗ്ഗീയസുന്ദരം’, ‘ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ’, ‘മാസില്ലാ കന്നിയേ മാതാവേ ഉന്മേല്’, ‘യേസു അഴെക്കിറാര്’, ‘ഉമൈമ തേടിവന്തേന്’, ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ തുടങ്ങിയ ഗാനങ്ങള്‍ ഓര്‍മ്മയില്‍ സാന്ദ്രമായി. വെള്ളയാറിലെ ഓളങ്ങള്‍ അത് ഏറ്റുവാങ്ങി. സ്തുതി യേശുവിനാണെങ്കിലും, അതിനു മധ്യസ്ഥതയരുളുന്നത് മറിയം ആണ്. ‘രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കുരങ്ങളില്‍ ഉറങ്ങുകയും, പ്രഭാതത്തില്‍ അതേ കൈകളില്‍ ഉണരുകയും ചെയ്യുന്നു’വെന്നു പറയുമ്പോള്‍ ദൈവം സ്ത്രീരൂപത്തില്‍ ജ്വലിക്കുകയാണ്. ജീവിതത്തിലെ മന്ദ്രശ്രുതിക്കും താരശ്രുതിക്കും നടുവിലുള്ള സ്ഥായിയായി മറിയം നിലകൊള്ളുന്നു. മധ്യശ്രുതി മരിയശ്രുതിതന്നെയാണ്. ‘സ്മൃതി നിനക്ക് സ്തോത്രം നിനക്ക്’ എന്നു പറയുമ്പോള്‍ അതില്‍ മറിയത്തിന്റെ മന്ദഹാസം കൂടിയുണ്ട്.
പന്ത്രണ്ട് അധ്യായങ്ങളിലാണ് പുസ്തകം പൂര്‍ണമാകുന്നത്. വ്യാകുലരുടെ ആശ്വാസം, മുദ്രിതമായ ജലധാര, അമലോത്ഭവരാജ്ഞി, ബോധജ്ഞാനസിംഹാസനം, ആകാശമോക്ഷവാതില്, ഉഷ്ണകാലനക്ഷത്രം,
താഴാഴ്മയുടെ മാതൃക, ദൈവികസൂര്യനുദിച്ച ദിവ്യാംബരം, ആത്മജ്ഞാനപൂരിതപാത്രം, നീതിയുടെ ദര്‍പ്പണം, ഉടലോടംബരമാര്ന്നവള്, ജീവമരത്തെ മുളപ്പിച്ച തിരുവയല്‍ എന്നിങ്ങനെ ലുത്തിനിയിലെ മരിയന്‍ വിശേഷണങ്ങള്‍ പോലെ അവ തിളങ്ങുന്നു. അവയില്‍ വിടരുന്നതാകട്ടെ ചിത്രകലയിലും സാഹിത്യത്തിലും ചലച്ചിത്രത്തിലും സംഗീതത്തിലും സാന്നിധ്യമാകുന്ന അമ്മ മറിയത്തെ കുറിച്ചാണ്.
കേരളത്തില്‍ മറിയത്തിന് കൊടുത്തിരിക്കുന്ന പേരുകള്‍ അമ്മ, മാതാവ്, മുത്തി, മര്ത്തമറിയത്തുമ്മ… അങ്ങനെ ഒരുപാട് നാട്ടുവഴക്കങ്ങള്‍ ആ വിളിപ്പേരുകളില്‍ സമഞ്ജസിക്കുന്നുണ്ട്. കേരളത്തിലെ മരിയന്‍ ദേവാലയങ്ങളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. അതില്‍ വല്ലാര്‍പാടത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘വല്ലാര്‍പാടത്തെ ബസിലിക്കയിലെ വിശുദ്ധമറിയം അറിയപ്പെടുന്നത് ‘വല്ലാര്‍പാടത്തമ്മ’ എന്ന പേരിലാണ്. ദിവ്യാത്ഭുതങ്ങള്കൊണ്ടു തൂമണം തൂകുന്ന ആ ദേവാലയം പേരുകേട്ട ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. എ.ഡി.1524-ല്‍ അത് നിര്‍മ്മിക്കപ്പെട്ടു. കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അത് 1676-ല്‍ പുതുക്കിപ്പണിതു. കൊച്ചിക്കായലിന്റെ തീരത്താണിത്. കൊടുങ്കാറ്റില്‍നിന്ന് തന്റെ വിശ്വാസികളെ രക്ഷിക്കുന്ന ദിവ്യശക്തിയായി മറിയമാതാവ് നിലകൊള്ളുന്നു. അന്നത്തെ കൊച്ചിരാജാവിന്റെ മന്ത്രിമുഖ്യനായ പാലിയത്ത് രാമന് വലിയച്ചന് ആ ദേവാലയത്തിനു നല്കിയ സഹായങ്ങള്‍ പെരുമയാര്‍ന്നതാണ്. 1752-ല്‍ പള്ളിയില്‍വീട് എന്ന പേരുകേട്ട തറവാട്ടിലെ മീനാക്ഷിയമ്മയും മകനും കായലിലൂടെ മട്ടാഞ്ചേരിയിലേക്കു പോകുമ്പോള്‍, ഒരു കൊടുങ്കാറ്റില്‍പ്പെട്ട് വഞ്ചി മറിഞ്ഞ് അവര്‍ വെള്ളത്തില്‍ വീണു. മീനാക്ഷിയമ്മ വല്ലാര്പാടത്തമ്മയെ വിളിച്ചു പ്രാര്‍ഥിച്ചു. അക്കാര്യം ദിവ്യാത്ഭുതംപോലെ അനുഭവിച്ചറിഞ്ഞ ഇടവക വികാരി അപകടം നടന്ന സ്ഥലത്തേക്ക് മുക്കുവരെ അയച്ച് ആ അമ്മയെയും മകനെയും രക്ഷപ്പെടുത്തി. പ്രാര്ഥനയ്ക്കുത്തരം നല്കുന്ന പവിത്രയായ മേരി വിശ്വാസികളുടെ ഉള്ളത്തില്‍ ‘വല്ലാര്‍പാടത്തമ്മ’യായി പരിലസിച്ചു.’
വിശുദ്ധ നാട്ടിലെ നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയുടെ സൗന്ദര്യം ഏറെ കേട്ടിട്ടുണ്ട്. കന്യകാമറിയം പ്രമേയമാകുന്ന ലോകത്തിലെ ഏറ്റവും മികച്ച മൊസൈക് ചിത്രങ്ങളാണ് ബസിലിക്കയുടെ പ്രധാന ആകര്‍ഷണീയത. ഓരോ രാജ്യത്തിന്റെയും ശൈലിയിലും പാരമ്പര്യത്തിലും ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങള്‍. കൂട്ടത്തില്‍ ഈജിപ്ഷ്യന്‍ സുന്ദരിയും ആഫ്രിക്കന്‍ സുന്ദരിയും ഇന്ത്യയില്‍ നിന്നുള്ള സാരിയുടുത്ത കന്യാമറിയവും വേളാങ്കണ്ണി മാതാവുമുണ്ട്. ലില്ലിപ്പൂവിന്റെ ആകൃതിയിലുള്ള താഴികക്കുടം മനോഹരമാക്കുന്ന മംഗളവാര്‍ത്ത ബസിലിക്കയ്ക്ക് സമമാണ് ഈ പുസ്തകം. പ്രണത ബുക്സാണ് ‘ആവേ മരിയ’ പ്രസിദ്ധീകരിച്ചിട്ടുള്ളത്.