ലോകത്തിലെയും ചരിത്രത്തിലെയും ഏറ്റവും വലിയ ജനായത്ത പ്രക്രിയ എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ – ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ദേശീയ മുന്നേറ്റത്തിന്റെ നായകന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടും ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരവും ഉള്‍പ്പെടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുമ്പോള്‍ – ”മതവെറിയുടെ ബലിക്കല്ലില്‍ ഇന്ത്യയെ കൊത്തിനുറുക്കാന്‍ നാം ആരെയും അനുവദിക്കില്ല” എന്ന് അസന്ദിഗ്ധമായി 1951-52ലെ രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിലെ ആദ്യ പ്രചാരണയോഗത്തില്‍ ലുധിയാനയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ‘വര്‍ഗീയതയ്ക്കെതിരെ സമ്പൂര്‍ണ യുദ്ധം’ പ്രഖ്യാപിച്ചത് ഓര്‍ത്താല്‍ മാത്രം മതി, പ്രധാനമന്ത്രി പദത്തില്‍ ‘നെഹ്റുവിനെപോലെ മൂന്നാമൂഴം’ എന്ന ചരിത്ര റെക്കോര്‍ഡിലേക്കെത്താന്‍ അപരമതവിദ്വേഷത്തിന്റെ ജുഗുപ്സാവഹമായ ആഖ്യാനങ്ങളില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദിക്കുള്ള മറുപടിയായി പോളിങ് ബൂത്തില്‍ ചൂണ്ടുവിരല്‍ നീട്ടാന്‍.
”മോദി എല്ലാവരോടും കരുണ കാണിക്കുന്നു. മോദി വിവേചനം കാണിക്കുന്നില്ല” എന്ന് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലെ ഒന്നാം പേജ് പരസ്യങ്ങളില്‍ കാണുമ്പോള്‍ ഹൃദയം കുളിര്‍ക്കുന്നവര്‍, രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബാംസ് വാഡായിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ മുസ് ലിം വിരുദ്ധതയുടെയും അസത്യഘോഷണങ്ങളുടെയും ഘോരഭാവം കണ്ട് ഞെട്ടിത്തരിച്ചെന്നിരിക്കും.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇത്ര പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടില്ല.
സംഘപരിവാറിന്റെ വെറുപ്പിന്റെ ആവാസവ്യവസ്ഥയുടെ ‘വാട്സാപ്പ് യൂണിവേഴ്സിറ്റി’ ഐടി സെല്‍ പ്രൊഡക്ഷന്റെയും ഡീപ്ഫെയ്ക് എഐ വ്യാജനിര്‍മിതികളുടെയും ആസുര അവതാരങ്ങളെ അതിശയിക്കുന്നതാണ് മോദിയുടെ ഈ തനിസ്വരൂപം. വിദ്വേഷപ്രചാരണ അല്ഗോറിതത്തിലെ വ്യംഗ്യഭാഷയില്‍ ‘നുഴഞ്ഞുകയറ്റക്കാര്‍,’ ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്’ എന്നൊക്കെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെ 19.75 കോടി വരുന്ന മുസ് ലിം സമൂഹത്തെ – മുസ് ലിം ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക് – ആക്ഷേപിക്കുന്നത്.
മണിപ്പുരിലെ കുക്കി-സോമി ക്രൈസ്തവ ഗോത്രവര്‍ഗക്കാരെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിളിക്കുന്നത് ജനസംഖ്യാഘടനയെ അവതാളത്തിലാക്കുന്ന ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നാണ്. ബിജെപിയുടെ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തെ അപലപിച്ചുകൊണ്ടു പറഞ്ഞു: ”ഇന്ന് മുസ് ലിംകളെയാണ് അവര്‍ ഉന്നംവയ്ക്കുന്നത്. നാളെ സിഖുകാരുടെ ഊഴമാകും.”
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ”അമ്മമാരുടെയും സഹോദരിമാരുടെയും’ മംഗല്യസൂത്രവും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുവകകളുമെല്ലാം പിടിച്ചെടുത്ത് മുസ് ലിംകള്‍ക്ക് വീതിച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി ജനക്കൂട്ടത്തോടു പറയുന്നു: ”കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത് അമ്മപെങ്ങാന്മാരുടെ കൈവശമുള്ള പൊന്നിന്റെയും സമ്പാദ്യത്തിന്റെയും വിവരങ്ങളെല്ലാം ശേഖരിച്ച് ആ സ്വത്തെല്ലാം മുതല്‍ക്കൂട്ടി വിതരണം ചെയ്യുമെന്നാണ്. ആര്‍ക്കാണു നല്‍കുക? കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മന്മോഹന് സിങ്ങ് പറഞ്ഞിട്ടുണ്ട്, രാജ്യത്തിന്റെ വിഭവസമ്പത്തിന്റെ പ്രഥമ അവകാശം മുസ് ലിംകള്‍ക്കാണെന്ന്. കോണ്‍ഗ്രസ് പ്രകടനപത്രിക ആശങ്ക ജനിപ്പിക്കുന്നതാണ്. അധികം കുട്ടികളെ പെറ്റുകൂട്ടുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്ക്കുമാണ് രാജ്യത്തിന്റ സ്വത്തെല്ലാം കൈമാറുക. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വത്തുമെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കാനുള്ളതാണോ? ഇത് നിങ്ങള്‍ അംഗീകരിക്കുമോ? ഇതാണ് അര്‍ബന്‍ നക്സല്‍ മനോഭാവം. പ്രിയപ്പെട്ട അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ മംഗല്യസൂത്രം പോലും അവര്‍ വെറുതെവിടില്ല. അത്രയ്ക്കും നീചരാണവര്.”
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍, ബിജെപി മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞത് ദുസ്സൂചനയായി കണ്ട് മോദി 2002-ലെ ഗുജറാത്ത് സ്റ്റൈല്‍ വെറുപ്പിന്റെ വര്‍ഗീയധ്രുവീകരണം ടര്‍ബോചാര്‍ജ് ചെയ്തെടുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അപഗ്രഥിക്കുന്നുണ്ട്.
പേടിപൂണ്ട സ്വേച്ഛാധിപതിയുടെ വെപ്രാളമായി ചിലര്‍ അതിനെ കാണുന്നു.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഒരിടത്തും സമ്പത്തിന്റെ പുനര്വിഭജനത്തെക്കുറിച്ചോ കെട്ടുതാലിയെക്കുറിച്ചോ പറയുന്നില്ല. ഹിന്ദു-മുസ് ലിം സംജ്ഞകള്‍ അതില്‍ കാണാനേയില്ല. രാജ്യത്ത് സാമൂഹിക, സാമ്പത്തിക ജാതി സര്‍വേ നടത്തുമെന്നും, ആ ഡാറ്റയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി വര്‍ഗക്കാര്‍ക്കും ഇതര പിന്നാക്കവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാമൂഹിക നീതി ഉറപ്പാക്കുന്ന ഭാവാത്മക നടപടി സ്വീകരിക്കുമെന്നുമാണ് പത്രികയില്‍ പറയുന്നത്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് 2006 ഡിസംബറില്‍ ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത് ഇതാണ്: ”നമ്മുടെ മുന്‍ഗണനകള്‍ എന്തെന്ന കാര്യത്തില്‍ വ്യക്തതയുണ്ട്. കൃഷി, ജലസേചനം, ജലസ്രോതസ്സുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍, പൊതുവായുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പട്ടികവിഭാഗങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം. വികസനത്തിന്റെ പങ്ക് തുല്യമായി ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ് ലിംകള്‍ക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വിഭവങ്ങള്‍ക്കുമേല്‍ അവര്‍ക്ക് പ്രാഥമിക അവകാശമുണ്ട്.” പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഒബിസി വിഭാഗത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമാണ് രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യാവകാശം എന്നാണ് യുപിഎ മന്ത്രിസഭയെ പത്തുവര്‍ഷം നയിച്ച മന്മോഹന് സിങ് പറഞ്ഞത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ആ യോഗത്തില്‍ പങ്കെടുത്ത മോദിയും കൂട്ടരും മുസ് ലിം പ്രീണനമായി അതിനെ ചിത്രീകരിച്ചപ്പോള്‍, പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് അന്നേ വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചതാണ്. പതിനെട്ടു വര്‍ഷത്തിനുശേഷം, അമ്മപെങ്ങാന്മാരുടെ താലിമാലയും പൊന്നും പറിച്ചെടുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ് ലിംകള്‍ക്കു നല്കുമെന്നതിനു തെളിവായി തന്റെ മുന്‍ഗാമിയുടെ ആ പ്രസംഗം വീണ്ടും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രധാനമന്ത്രി മോദി.
ബാംസ് വാഡ റാലിയിലെ മോദിയുടെ വിദ്വേഷപ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പൗരസമൂഹ സംഘടനകളും മറ്റും രംഗത്തുവന്നതോടെ, പ്രധാനമന്ത്രി തുടര്‍ന്നുള്ള റാലികളില്‍ കോണ്‍ഗ്രസ് ഭരണത്തിലെ സാങ്കല്പിക ‘സ്വത്തുവിതരണ’ ഭീഷണി ഒന്നുകൂടി പൊലിപ്പിച്ചു.
കെട്ടുതാലി മാത്രമല്ല, ധാന്യപ്പെട്ടിയിലും ചുമരിനിടയിലും മറ്റുമായി വീട്ടമ്മമാര്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പണവും മറ്റും കണ്ടുപിടിക്കാന്‍ എക്സ്റേ യന്ത്രങ്ങള്‍ കൊണ്ടുവരും. ആര്‍ക്കൊക്കെ എവിടെയൊക്കെ എന്തെല്ലാം വസ്തുവകകളുമുണ്ടെന്ന് സര്‍വേ നടത്തി കണ്ടെത്തി എല്ലാം പിടിച്ചെടുത്ത് ‘മറ്റവന്മാര്ക്കു’ കൊടുക്കും.
പട്ടികജാതി-വര്‍ഗ സംവരണം മുസ് ലിംകള്‍ക്കു പതിച്ചുനല്കാന് ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് പലവട്ടം ശ്രമം നടത്തിയെന്നും മോദി ആരോപിക്കുന്നു. കോണ്‍ഗ്രസ് ഭരണം വന്നാല്‍ ഹനുമാന് ചാലിസ ചൊല്ലുന്നതു വിലക്കുമെന്നും പ്രധാനമന്ത്രി വിലപിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ സ്ത്രീകളുടെ പൊന്നും പണ്ടവും ഏറ്റവും കൂടുതല്‍ പണയത്തിലാകാനും അന്യാധീനപ്പെടാനും ഇടയാക്കിയത് മോദിയുടെ പിടിപ്പുകെട്ട ഭരണത്തിലാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. കൊവിഡ് മഹാമാരിയെ നേരിടുന്നതിലെ മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് ഏറ്റവും കനത്ത വിലനില്കേണ്ടിവന്നത് പാവപ്പെട്ട വീട്ടമ്മമാര്‍ക്കാണ്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് രാജ്യത്തെ സ്ത്രീകള്‍ 60,000 കോടി രൂപയുടെ സ്വര്‍ണം ബാങ്കുവായ്പയ്ക്കായി പണയം വച്ചു. ഈടുവച്ച സ്വര്‍ണത്തില്‍ അധികപങ്കും കൈവിട്ടുപോയി. ബാങ്കുകള്‍ ഫുള്‍ പേജ് പരസ്യങ്ങള്‍ നല്കി ആ സ്വര്‍ണമെല്ലാം ലേലം ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാലാവധി കഴിഞ്ഞ സ്വര്‍ണവായ്പകളുടെ തോത് 300 ശതമാനം കണ്ട് വര്‍ധിച്ചു. 2024 ഫെബ്രുവരിയില്‍ രാജ്യത്ത് സ്വര്‍ണവായ്പ ചരിത്രത്തിലാദ്യമായി ഒരുലക്ഷം കോടി രൂപയില്‍ കവിഞ്ഞു. മോദിയുടെ നോട്ടുനിരോധനത്തിന്റെ ദുരന്താഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചതും കുട്ടികള്‍ക്കായും ഭാവിസുരക്ഷയ്ക്കായും സമ്പാദ്യം സ്വരുക്കൂട്ടിവച്ച വീട്ടമ്മമാരാണ്.
ഉത്തരാഖണ്ഡില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുനേരെ പരസ്യമായി വംശഹത്യാഭീഷണി മുഴക്കി ഏതാനും സന്ന്യാസിമാര്‍ ധര്‍മ സംസദ് ഉച്ചകോടി നടത്തിയ പശ്ചാത്തലത്തില്‍, വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ പരാതിക്കായി കാത്തിരിക്കാതെ സ്വമേധയാ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2022 ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്കുകയുണ്ടായി. 2023 ഏപ്രിലില്‍ ഈ ഉത്തരവ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ബാധകമാക്കി, സുവോ മോത്തു എഫ്ഐആര്‍ ഇടാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പുനല്‍കി.
”നിലവിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കാനോ വ്യത്യസ്ത ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ വിദ്വേഷമോ സംഘര്‍ഷമോ സൃഷ്ടിക്കാനുള്ള യാതൊരു പ്രവര്‍ത്തനത്തിലും പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുഴുകരുത്” എന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നത് (സെക് ഷന് 295എ), ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നത് (153എ), പൊതു അസ്വസ്ഥതകള്‍ക്ക് ഇടവരുത്തുന്നത് (505) എന്നീ ഐപിസി വകുപ്പുകളുടെയും 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 123 (3), (3എ), 125 വകുപ്പുകളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കാവുന്നതാണ്. ഭരണഘടനയുടെ 324-ാം വകുപ്പു പ്രകാരം ഇലക് ഷന് കമ്മിഷന് വിപുലമായ അധികാരമുണ്ട്. പെരുമാറ്റച്ചട്ട ലംഘനത്തിന്, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വോട്ടുരേഖപ്പെടുത്തുന്നതില്‍ നിന്നും ആറു വര്‍ഷത്തേക്ക് വിലക്കാന്‍ വരെ വ്യവസ്ഥയുണ്ട്.
1987-ല്‍ മഹാരാഷ്ട്ര അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി ഹിന്ദുമതത്തിന്റെ പേരില്‍ വോട്ടു ചോദിച്ചു എന്നതിന് ശിവസേനാ മേധാവി ബാല്‍താക്കറെയെ ആറു വര്‍ഷത്തേക്ക് ബോംബെ ഹൈക്കോടതി വിലക്കിയ ചരിത്രമുണ്ട്.
ഉദ്ധവ് താക്കറെ പ്രചാരണത്തില്‍ ‘ഹിന്ദു’ ‘ജയ് ഭവാനി’ തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കണമെന്ന് ഇലക് ഷന് കമ്മിഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, ‘അയോധ്യയിലേക്ക് രാമനെ കൊണ്ടുവന്നവന്’ എന്ന പേരില്‍ ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പു റാലികളിലെല്ലാം വാഴ്ത്തപ്പെടുന്ന പ്രധാനമന്ത്രി മോദി, അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ലയ്ക്ക് ‘സൂര്യ തിലക്’ ചാര്‍ത്തുന്ന മുഹൂര്‍ത്തം ആഘോഷിക്കാന്‍ അസമിലെ നല്ബാഡിയിലെ തിരഞ്ഞെടുപ്പു റാലിയില്‍ ‘ജയ് ശ്രീറാം’ വിളികളോടെ സെല്‍ഫോണ്‍ ഫ്ളാഷ് ലൈറ്റുകള്‍ തെളിക്കാന്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടതിന് ഒരു ശാസനയുമുണ്ടായില്ല. മോദിയെ ചട്ടം പഠിപ്പിക്കാന്‍ ചീഫ് ഇലക്ഷന് കമ്മിഷണര്‍ക്ക് ധൈര്യമുണ്ടാകുമോ?
ഇതിനിടെ, മേയ് ഏഴിന് പോളിങ് നടക്കേണ്ട ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റില്‍ ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ‘മാച്ച് ഫിക്സിങ്’ വിവാദം കൊഴുപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദേശപത്രിക ജില്ലാ വരണാധികാരി തള്ളിയതോടെയാണ് നാടകീയ സംഭവങ്ങള്‍ ഉരുത്തിരിയുന്നത്. കുഭാനിയുടെ പേരു നിര്‍ദേശിച്ച മൂന്നു ബന്ധുക്കളും തങ്ങളുടെ കയ്യൊപ്പല്ല പത്രികയിലുള്ളതെന്ന് സത്യവാങ്മൂലം നല്കി. ഡമ്മി സ്ഥാനാര്‍ഥിയെ പിന്താങ്ങിയ മൂന്നുപേരുടെ ഒപ്പും വ്യാജമാണെന്ന പരാതിയും ഉയര്‍ന്നു. നിജസ്ഥിതി വിശദീകരിക്കാന്‍ വിളിപ്പിച്ചപ്പോള്‍ അവരാരും ഹാജരായില്ല. സൂറത്തിലെ ആഡംബര ഹോട്ടലിലെ ത്രിദിന ‘ഓപ്പറേഷനില്‍’ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരരംഗത്തു നിന്നു പിന്മാറുകയായിരുന്നു. കുംഭാനിയെയും കൂട്ടരെയും ‘കാണാനില്ല’ എന്നും പറയുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി പ്യാരേലാല്‍ ഭാരതിയെ വഡോദരയിലെ ഫാമില്‍ നിന്ന് ക്രൈം ബ്രാഞ്ച് പൊലീസ് ഹോട്ടലില്‍ എത്തിച്ചുവത്രെ. പ്യാരേലാലും രണ്ടു ചെറുപാര്‍ട്ടി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെ എട്ടുപേര്‍ പത്രിക പിന്‍വലിച്ചതോടെ ദലാലിന് എതിരാളികള്‍ ആരുമില്ലാതായി. കഴിഞ്ഞ 40 വര്‍ഷമായി തുടര്‍ച്ചയായി ബിജെപി ജയിക്കുന്ന മണ്ഡലമാണിത്. പോളിങ്ങിനു മുന്‍പേ ഇത്തരം ‘ഓപ്പറേഷന്’ നടക്കുന്നതില്‍ ഇഡിക്ക് വല്ല പങ്കുമുണ്ടാകുമോ!
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി ആയുര്‍വേദിക് കമ്പനി സ്ഥാപകനും മോദിയുടെ യോഗ വിശ്വഗുരുപട്ടത്തിന്റെ പ്രൊമോട്ടറുമായ രാംദേവ് നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് സുപ്രീം കോടതി ചേംബര്‍ കയറിയിറങ്ങുന്നതിനിടെ, ഔഷധങ്ങളുടെയും ചികിത്സാമുറകളുടെയും പേരിലുള്ള പരസ്യങ്ങളിലൂടെ വഞ്ചിക്കപ്പെട്ട രാജ്യത്തെ ജനങ്ങളോടു മാപ്പുചോദിക്കാന്‍ കോടതി നിര്‍ദേശിച്ചതുപ്രകാരം 67 പത്രങ്ങളില്‍ ‘സ്റ്റാറ്റിയൂട്ടറി’ രീതിയില്‍ ക്ഷമായാചനയുടെ നോട്ടീസ് പ്രസിദ്ധീകരിച്ചതുകൊണ്ട് തൃപ്തിപ്പെടാതെ, ലക്ഷങ്ങള്‍ മുടക്കിയ പതഞ്ജലി പരസ്യങ്ങളുടെ അത്രയും പ്രാധാന്യത്തോടെ, ശ്രദ്ധിക്കപ്പെടുന്ന ഭാഗത്ത് മാപ്പപേക്ഷ ഡിസ്പ്ലേ ചെയ്യണമെന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം, മാസങ്ങളായി രാജ്യത്തെ പ്രധാന മാധ്യമങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്ന ‘മോദി ഗ്യാരന്റി’ പരസ്യങ്ങള്‍ ബൂമറാങ് ചെയ്യുന്നതിന്റെ എന്തെങ്കിലും പൂര്വസൂചനയാകുമോ?