കൊച്ചി : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി . 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 16.63 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനം രേഖപ്പെടുത്തുക. ഇവരില്‍ 8.4 കോടി പുരുഷ വോട്ടര്‍മാരും 8.23 കോടി വനിത വോട്ടര്‍മാരും 11,371 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പോളിങ്.
തമിഴ്നാട് (39 സീറ്റ്), ഉത്തരാഖണ്ഡ് (5 സീറ്റ്), രാജസ്ഥാന് (12 സീറ്റ്), ഉത്തര്‍പ്രദേശ് (8 സീറ്റ്), മധ്യപ്രദേശ് (6 സീറ്റ്), അസം (5 സീറ്റ്), മഹാരാഷ്ട്ര (5 സീറ്റ്), ബിഹാര്‍ (4 സീറ്റ്), പശ്ചിമ ബംഗാള്‍ (3 സീറ്റ്), മണിപ്പൂര്‍ (2 സീറ്റ്), മേഘാലയ (2 സീറ്റ്), അരുണാചല്‍ പ്രദേശ് (2 സീറ്റ്), ജമ്മു കശ്മീര്‍ (1 സീറ്റ്), ഛത്തീസ്ഗഡ് (1 സീറ്റ്), ആന്റമാന് നിക്കോബാര്‍ ദ്വീപുകള്‍ (1 സീറ്റ്), മിസോറാം (1 സീറ്റ്), നാഗാലാന്‍ഡ് 1 സീറ്റ്), പുതുച്ചേരി (1 സീറ്റ്), സിക്കിം (1 സീറ്റ്), ലക്ഷദ്വീപ് (1 സീറ്റ്) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, ഭൂപേന്ദ്ര യാദവ്, കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ കനിമൊഴി, ബിജെപിയുടെ കെ അണ്ണാമലൈ, കിരൺ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്വാൾ, എൽ മുരുകൻ, നിസിത് പ്രമാണിക്, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുകി, മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ എന്നിവര്‍ ഇന്ന് ജനവിധി തേടും.