കൊച്ചി :റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രപ്പിറവി ദർശിച്ചാൽ പെരുന്നാൾ ആഘോഷിക്കുക എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അനുസരിച്ച് ചന്ദ്രപ്പിറവി കണ്ടാൽ ആണ് ഖാസിമാർ പെരുന്നാൾ തീരുമാനിക്കുക.
ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന് ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം പെരുന്നാൾ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ. വിശ്വാസ യോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക.
ഇന്ന് റമദാന് 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്ക്കും. ഇന്ന് സൂര്യന് അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.38 നാണ് സൂര്യാസ്തമയം. 7.19 നാണ് ചന്ദ്രന് അസ്തമിക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം 41 മിനിട്ട് ചന്ദ്രന് പടിഞ്ഞാറന്‍ ആകാശത്തുണ്ടാകുമെന്നതിനാൽ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്.