ഏഴു ഘട്ടങ്ങളിലായി 44 ദിവസങ്ങള്‍ നീളുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഈമാസം 19ന് ആരംഭിക്കാനിരിക്കെ, ജനാധിപത്യ മര്യാദകളോ ഇലക് ഷന് കമ്മിഷന്റെ പെരുമാറ്റച്ചട്ടങ്ങളോ ഒന്നും മാനിക്കാതെ മോദി ഭരണകൂടം ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാളിനെ തിഹാര്‍ ജയിലിലടച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍, അടിയന്തരാവസ്ഥയില്‍ പോലും, ഇതുപോലെ ഒരു മുഖ്യമന്ത്രിയെയും ഇരുമ്പഴിക്കുള്ളിലാക്കിയിട്ടില്ല. ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായിരുന്ന ജെഎംഎം നേതാവ് ഹേമന്ത് സോറനും ജയിലിലാണ്. കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ ശത്രുസംഹാരത്തിനുള്ള ആയുധങ്ങളാക്കുന്നുവെന്നു മാത്രമല്ല, പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും അതിനെക്കുറിച്ച് വല്ലാതെ വീമ്പിളക്കുകയും ചെയ്യുന്നു.
‘ജനാധിപത്യം സംരക്ഷിക്കൂ’ എന്ന ആഹ്വാനത്തോടെ ഡല്‍ഹി രാംലീലാ മൈതാനിയില്‍ ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യകക്ഷികള്‍ കേജരിവാളിനും സോറനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മോദിയുടെ 2024 തിരഞ്ഞെടുപ്പിലെ ‘മാച്ച് ഫിക്സിങ്’ കള്ളക്കളിയുടെ ഗൂഢതന്ത്രങ്ങളെക്കുറിച്ച് ആരോപണം ഉന്നയിച്ചത് രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍ക്ക് അള്ളുവയ്ക്കാന്‍ ആദായനികുതി വകുപ്പ് വട്ടംകൂട്ടുന്ന പശ്ചാത്തലത്തിലായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 11 ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് ഒറ്റയടിക്ക് മരവിപ്പിച്ചു. മാസങ്ങളായി ബിജെപി ‘മോദിയുടെ ഗ്യാരന്റി’ മുദ്രാവാക്യവുമായി രാജ്യത്തെ എല്ലാ ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും റേഡിയോ ശൃംഖലകളിലും മഹാനഗരങ്ങളിലെ പരസ്യഹോര്ഡിങ്ങുകളിലും എല്‍ഇഡി വീഡിയോ വാള് ഡിസ്പ്ലേ സ്ക്രീനുകളിലും ‘വികസിത് ഭാരത് സമ്പര്‍ക്ക്’ വാട്സാപ്പ് മെസേജിലും വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഗ്ലോസി ബ്രോഷറുകളിലും 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍ ചെലവില്‍ അഭൂതപൂര്‍വമായ തോതില്‍ കോടികണക്കിനു രൂപയുടെ പാര്‍ട്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് പോസ്റ്റര്‍ അച്ചടിക്കാനോ മാധ്യമങ്ങളില്‍ പരസ്യം നല്‍കാനോ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയുണ്ടായി.
”കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് പോയിട്ട്, ട്രെയിന്‍ ടിക്കറ്റു വാങ്ങാന്‍ പോലും പണമില്ല. ഇന്ത്യയിലെ 20 ശതമാനം ആളുകളുടെ വോട്ടു ലഭിക്കുന്ന തങ്ങള്‍ക്ക് രണ്ടു രൂപ എടുക്കാനില്ല.
പാര്‍ട്ടി സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും സഹായിക്കാനാകുന്നില്ല. തിരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പേ തുടങ്ങിയതാണ് പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍. ഇതു തടയാന്‍ തിരഞ്ഞെടുപ്പു കമ്മിഷനോ രാജ്യത്തെ മറ്റു ജനാധിപത്യ സംവിധാനങ്ങളോ ഒന്നും ചെയ്യുന്നില്ല. എന്തൊരു ജനാധിപത്യമാണിത്?” കോണ്‍ഗ്രസ് പാര്‍ട്ടി കാര്യാലയത്തില്‍ സോണിയാ ഗാന്ധി, പാര്‍ട്ടി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖഡ്ഗെ എന്നിവരോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വികാരാധീനനായി.
ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി സുപ്രീം കോടതി നിരോധിച്ച മോദിയുടെ ഇലക് ടറല്‍ ബോണ്ട് പദ്ധതിയിലൂടെ 8,250 കോടി രൂപ സമാഹരിച്ചതിനു പുറമെ, അതിനെക്കാള്‍ രഹസ്യാത്മകമായി കൊവിഡ് കാലത്ത് ശേഖരിച്ച പിഎം കെയേഴ്സ് ഫണ്ട് – ഇതിന് സിഎജി ഓഡിറ്റിങ്ങോ വിവരാവകാശരേഖയോ വരവുചെലവു കണക്കോ സുതാര്യതയോ ഒന്നും ബാധകമല്ല – വഴി കിട്ടിയതായി കരുതപ്പെടുന്ന 12,700 കോടിയും, ഇഡിയുടെയും സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും സമ്മര്‍ദതന്ത്രങ്ങളിലൂടെ കൈക്കലാക്കുന്ന കണക്കില്ലാത്ത ‘സംഭാവനകളും’ ആരെയും ബോധ്യപ്പെടുത്താതെ മോദിക്കും കൂട്ടര്‍ക്കും കൈകാര്യം ചെയ്യാമെന്നിരിക്കെ, കോണ്‍ഗ്രസിന്റെ ശുഷ്കിച്ച വരുമാനത്തില്‍ അവശേഷിച്ച 135 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പുവര്ഷമായിരുന്ന 2018-19 അസെസ്മെന്റ് കാലത്തെ റിട്ടേണ്‍സ് നിശ്ചിത തീയതിക്ക് സമര്‍പ്പിച്ചില്ല എന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിക്കുന്ന ഇളവ് നഷ്ടപ്പെടുകയും 105 കോടി രൂപ ക്ലെയിം ചുമത്തുകയും ചെയ്തു. അത് അടയ്ക്കാന്‍ വൈകിയതിന് 30 കോടി പലിശയും കൂടി 135 കോടിയായി. കഴിഞ്ഞ ഫെബ്രുവരി 16ന് ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ 115 കോടി രൂപ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പിടിക്കാന്‍ ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതി കോണ്‍ഗ്രസിന്റെ അപ്പീല്‍ തള്ളി. പാര്‍ട്ടി എംഎല്‍എമാരും എംപിമാരും അവരുടെ അലവന്‍സില്‍ നിന്ന് 14.4 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് നല്കിയതു സംബന്ധിച്ച് ക്രമക്കേട് ആരോപിച്ചായിരുന്നു പ്രശ്നങ്ങള്‍ക്കു തുടക്കം. ഇതിനിടെ, 31 വര്‍ഷം മുന്‍പ്, 1993-94ല്‍ സീതാറാം കേസരി പാര്‍ട്ടി ട്രഷറര്‍ ആയിരുന്ന കാലത്തെ റീഅസെസ്മെന്റ് നോട്ടീസും അടിച്ചേല്‍പ്പിച്ചു.
‘നികുതി ഭീകരത’ ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഒരുങ്ങിയപ്പോള്‍ ആദായനികുതി വകുപ്പ് 1994-95, 2017-2021 എന്നിങ്ങനെ അഞ്ച് അസെസ്മെന്റ് വര്‍ഷങ്ങളിലെ റിട്ടേണുകളുടെ പുനഃപരിശോധനയില്‍ 1,823 കോടി രൂപയുടെ നോട്ടീസ് പാര്‍ട്ടിക്കു നല്കി. തുടര്‍ന്ന് 2014-2017 കാലയളവിലേക്കായി 1,745 കോടിയുടെ നോട്ടീസും. തിരഞ്ഞെടുപ്പുകാലത്ത് ‘സ്ഥിതിസമത്വം’ സൂചിപ്പിക്കുന്ന ‘ലെവല്‍ പ്ലേയിങ് ഗ്രൗണ്ട്’ ഉറപ്പാക്കുമെന്ന് ഇലക് ഷന് കമ്മിഷന് പറയുമ്പോഴാണ് ഒരു പ്രസ്ഥാനത്തിന്റെ മൊത്തം ആസ്തിയുടെ ഇരട്ടി നികുതി കുടിശികയും പിഴയും പിടിച്ചെടുക്കാന്‍ ഒരുമ്പെട്ട് ഐടി ഡിപ്പാര്‍ട്ടുമെന്റ് രാഷ് ട്രീയം കളിക്കുന്നത്. കോണ്‍ഗ്രസിന് 3,567 കോടി രൂപയുടെ കുടിശിക നോട്ടീസ് കിട്ടിയപ്പോള്‍, ഏഴുവര്‍ഷം മുന്‍പ്, 2016-17ലെ ടാക്സ് റിട്ടേണ്‍സില്‍ ഒരു ബാങ്ക് അക്കൗണ്ട് വിട്ടുപോയെന്നതിന് 15.59 കോടി രൂപയുടെ റിക്കവറി നോട്ടീസ് സിപിഎമ്മിനു നല്‍കിയിട്ടുണ്ട്. പഴയ പാന്‍കാര്‍ഡ് ഉപയോഗിച്ചതിന് സിപിഐക്ക് 11 കോടിയുടെ നോട്ടീസും.
കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ, സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പുനല്‍കിയത് തിരഞ്ഞെടുപ്പു കാലത്ത് ഒരു രാഷ്ട്രീയ കക്ഷിയെയും നികുതി വകുപ്പ് ബുദ്ധിമുട്ടിക്കുകയില്ല എന്നാണ്. ജൂലൈ 24ലേക്കു മാറ്റിയ കേസ് കോടതി പരിഗണിക്കുന്നതുവരെ നികുതി കുടിശിക ഈടാക്കാന്‍ ‘നിര്‍ബന്ധിതമായി’ ഒന്നും ചെയ്യുകയില്ല എന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ബിജെപിയുടെ ഇലക് ടറല്‍ ബോണ്ടില്‍ അഞ്ചു കോടി രൂപ നിക്ഷേപിച്ച ഹൈദരാബാദിലെ അരബിന്ദോ ഫാര്‍മ ഗ്രൂപ്പ് പ്രമോട്ടര്‍ ശരത്ചന്ദ്ര റെഡ്ഡി കേസില്‍ മാപ്പുസാക്ഷിയാവുകയും പിന്നീട് 52 കോടിയുടെ ഇലക് ടറല്‍ ബോണ്ട് വാങ്ങി ജാമ്യം നേടുകയും ചെയ്തിരുന്നു. എഎപി ഗോവ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനായി മദ്യലൈസന്സിന്റെ പേരില്‍ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യ കാര്‍ട്ടലില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേജരിവാളിനെ അറസ്റ്റുചെയ്തത്. ഭാരത് രാഷ് ട്ര സമിതി (ബിആര്‍എസ്) എംഎല്‍സിയും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കല്‍വാകുന്തള കവിതയെ അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു കേജരിവാളിന്റെ അറസ്റ്റ്. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ഒരു വര്‍ഷത്തിലേറെയായി ഈ കേസില്‍ വിചാരണതടവുകാരനാണ്.
ബിജെപിയുടെ ഇലക് ടറല്‍ ബോണ്ട് നിക്ഷേപങ്ങള്‍ക്കായി ഇഡി എങ്ങനെയാണ് ‘എക്സ്റ്റോര്‍ഷന്‍’ ഏജന്റായി പിടിച്ചുപറി നടത്തിയതെന്ന് കേജരിവാളിനെതിരെയുള്ള കേസിലെ മാപ്പുസാക്ഷികളുടെ മൊഴിയിലൂടെ വ്യക്തമാകുന്നുണ്ടെന്ന് സുപ്രീം കോടതിയില്‍ ഇലക് ടറല്‍ ബോണ്ടിനെതിരെ വാദിച്ച പ്രശാന്ത് ഭൂഷണ് വിവരിക്കുന്നുണ്ട്. ഇഡി, സിബിഐ, ഐടി അന്വേഷണം നേരിട്ട 41 കമ്പനികള്‍ ബിജെപിക്ക് 2,471 കോടി രൂപയുടെ ബോണ്ട് നല്കി. 1,698 കോടി കൊടുത്തത് ഈ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡിനെ തുടര്‍ന്നാണ്. 30 ഷെല്‍ കമ്പനികള്‍ 143 കോടി രൂപയുടെ ബോണ്ട് വാങ്ങി കൈമാറി.
172 വന്‍കിട പദ്ധതികളുടെ കോണ്ട്രാക്റ്റുകള് 33 ഗ്രൂപ്പുകള്‍ക്കു കിട്ടിയതിന് പ്രത്യുപകാരമായി ഇലക് ടറല്‍ ബോണ്ട് വാങ്ങി. 3.7 ലക്ഷം കോടി രൂപയുടെ കരാറുകളും പദ്ധതികളും അവര്‍ക്കു കിട്ടിയത് 1,751 കോടി രൂപ ബിജെപിക്ക് ഇലക് ടറല്‍ ബോണ്ടിലൂടെ നല്‍കിക്കൊണ്ടാണ്.
സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ കുംഭകോണമെന്നാണ് പ്രശാന്ത് ഭൂഷണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ”ചന്ദാ ദോ, ധംധാ ലോ (സംഭാവന നല്‍കൂ, ബിസിനസ് നേടൂ), ഹഫ്ത വസൂലി (പിടിച്ചുപറി), റിശ്വത് ദോ, ഠേക്കാ ലോ (കൈക്കൂലി നല്‍കൂ, കരാര്‍ നേടൂ), ഫാര്‍സി കമ്പനി (കടലാസ് കമ്പനി) – ഇങ്ങനെ നാലുതരം അഴിമതി ഇതിനു പിന്നിലുണ്ട്.”
ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റു ചെയ്ത് ആറുമാസം ജയിലിലടച്ച എഎപി രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്, കേസിലെ രണ്ടു കോടിയുടെ കള്ളപ്പണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഇഡിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ്. ഇഡിയുടെ മാപ്പുസാക്ഷികളുടെ മൊഴികളിലെ വൈരുധ്യവും കോടതി എടുത്തുപറഞ്ഞു. ഡല്‍ഹി മദ്യനയക്കേസിന്റെ പേരില്‍ കള്ളപ്പണമെല്ലാം എത്തിയത് ബിജെപി നേതാവ് നദ്ദയുടെ കൈകളിലേക്കാണെന്ന് ഡല്‍ഹിയിലെ വിദ്യാഭ്യാസ മന്ത്രി അതിഷി പറയുന്നു.
2014-നു ശേഷം, അഴിമതിക്കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച പ്രതിപക്ഷത്തെ 25 നേതാക്കള്‍ ബിജെപി പക്ഷത്തേക്കു കൂറുമാറി, 23 പേര് കുറ്റവിമുക്തരായി. മൂന്നു കേസുകള്‍ തീര്‍പ്പാക്കി, 20 കേസുകള്‍ മരവിപ്പിച്ചു. ‘മോദി വാഷിങ് മെഷീന്റെയും മോദി വാഷിങ് പൗഡറിന്റെയു മാജിക്’ എന്നാണ് കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബിജെപി വെളുപ്പിച്ചെടുത്ത 10 പ്രമുഖര്‍ കോണ്‍ഗ്രസില്‍ നിന്നാണ്, നാലുപേര്‍ വീതം എന്‍സിപിയില്‍ നിന്നും ശിവസേനയില്‍ നിന്നും, മൂന്നുപേര്‍ ടിഎംസിയില്‍ നിന്ന്, രണ്ടുപേര്‍ ടിഡിപിയില്‍ നിന്ന്, എസ്പി, വൈഎസ്ആര്‍സിപി എന്നിവയില്‍ നിന്ന് ഒരാള്‍ വീതവും. ആറുപേര്‍ ഇക്കൊല്ലമാണ് ബിജെപിയിലേക്കു ചേക്കേറിയത്. അതേസമയം, ഇഡിയും സിബിഐയും ഇപ്പോള്‍ അന്വേഷണം നടത്തുന്നവരില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കളാണ്.
പാര്‍ലമെന്റില്‍ മോദിയെ നിരന്തരം വിമര്‍ശിച്ചുവന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയിത്രയെ, ഗൗതം അദാനിയുടെ കമ്പനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് ദുബായിലെ ഇന്ത്യന്‍ പ്രവാസി ബിസിനസുകാരനായ ഹീരാനന്ദാനിയില്‍ നിന്ന് വിദേശനാണ്യവും സമ്മാനങ്ങളും കൈപ്പറ്റി എന്നാരോപിച്ച് ബിജെപി അംഗം നിഷികാന്ത് ദുബെ നല്കിയ പരാതിയില്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റി അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന മഹുവയ്ക്കെതിരെ സിബിഐ പുതിയൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഈ തിരഞ്ഞെടുപ്പുകാലത്ത് കരിംപുറിലെ വീട്ടിലും തെക്കന്‍ കോല്‍ക്കത്തയിലെ അലിപുറിലെ രത്നബാലി ഫ്ളാറ്റിലും കൃഷ്ണനഗറിലെ സിദ്ധേശ്വരി കാലിബാരിയിലെ കാര്യാലയത്തിലും റെയ്ഡ് നടത്തുകയുണ്ടായി. ലോക്പാലിനു ലഭിച്ച പരാതിയുടെ തുടര്‍ച്ചയാണത്രെ ഈ കേസ്. സിബിഐയുടെ കേസിനെ ആധാരമാക്കി ഇഡി മഹുവയ്ക്കെതിരെ വിദേശനാണ്യവിനിമയ നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്. ഇഡി പലവട്ടം സമ്മന്‍സ് അയച്ചിട്ടും മഹുവ ഹാജരാകാന്‍ കൂട്ടാക്കിയിട്ടില്ല. പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഏതായാലും, കൃഷ്ണനഗറില്‍ മഹുവയ്ക്കെതിരെ ബിജെപിക്കുവേണ്ടി മത്സരിക്കാന്‍ നാദിയ രാജകുടുംബത്തിലെ രാജമാതാ എന്നറിയപ്പെടുന്ന അമൃത റോയിയെയാണ് മോദി കണ്ടെത്തിയിരിക്കുന്നത്.
പ്രതിപക്ഷമുക്തമായ റഷ്യന്‍ ഫെഡറേഷനില്‍ പ്രസിഡന്റ് പുടിന് ആജീവനാന്ത പ്രസിഡന്റ് സ്ഥാനത്തേക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതു കണ്ട് ഏറെ പുളകംകൊണ്ടുകാണും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു നേതാവ്’ ജനാധിപത്യ സങ്കല്പത്തിന്റെ സ്വപ്നസമ്രാട്ട്. മോദിക്ക് ആശ്ലേഷിച്ച് മതിയാകാത്ത മറ്റൊരു ഹീറോ ആയ തുര്‍ക്കിയിലെ ഇസ് ലാമിക സമഗ്രാധിപത്യത്തിന്റെ വീരനായകന്, പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇക്കഴിഞ്ഞ ദിവസം അവിടത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നേറ്റ ആഘാതത്തിന്റെ പൊരുളെന്തെന്നു പഠിക്കാന്‍ നമ്മുടെ വിദേശകാര്യമന്ത്രി ജയശങ്കറെ നിയോഗിച്ചാല്‍, ജൂണ്‍ ആദ്യവാരത്തിലെ ജനവിധിക്കായി സ്വയം ഒരുങ്ങാന്‍ കഴിയും!
തമിഴന്റെ വേഷ്ടി ധരിച്ച് തമിഴ് തന്തി ടെലിവിഷന്‍ എക്സ്ക്ലുസീവ് അഭിമുഖം നല്‍കിയും 1974-ലെ കച്ചത്തീവ് സമുദ്രാതിര്ത്തിക്കരാരിന്റെ പേരില്‍ ഇന്ദിരാഗാന്ധിയെയും കരുണാനിധിയെയും പഴിച്ചും തമിഴ്നാട്ടിലെ കുറച്ചു വോട്ടുപിടിക്കാമെന്ന മോഹമൊക്കെ കൊള്ളാം, പക്ഷേ ശ്രീലങ്കയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രതികരണത്തിന്റെ ആഘാതം താങ്ങാന്‍ രാമേശ്വരത്തെ സ്നോര്‍ക്കലിങ് ഫോട്ടോഷൂട്ട് പോരാതെവരുമെന്ന് മോദിയെ ഉണര്‍ത്തിക്കാന്‍ ജയശങ്കറിന് ധൈര്യമുണ്ടാകുമോ?