വർഷങ്ങളുടെ അടുപ്പവും പരിചയവുമുണ്ട് സാനു മാഷിനോട്. അധ്യാപകനെന്ന നിലയിലും പ്രഭാഷകനെന്ന നിലയിലും വിമർശകനെന്ന നിലയിലുമൊക്കെ മനസ്സിൽ ആരാധനയുടെ വൃക്ഷം ചെറുപ്പകാലത്തിലേ മുളപൊട്ടി വളർന്നതാണ്. പതിഞ്ഞശബ്ദത്തിൽ സദസ്സിനെ പൊതിഞ്ഞു പിടിക്കുന്ന ഗാംഭീര്യമുള്ള ചിന്തയുടെ ഇഴമുറിയാത്ത പ്രവാഹം പലപ്പോഴും അദ്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. പലപ്പോഴും കേട്ടിട്ടുമുള്ള അതേ കാര്യങ്ങൾ മാഷിലൂടെ കേൾക്കുമ്പോൾ അതിനൊരു പുതുമയും നനവുമുണ്ടായിരുന്നു. ആ പുതുമ,ആ ഈർപ്പം, മാഷിൻ്റെ ചിന്തയുടേതായിരുന്നു. കാഴ്ചപ്പാടിന്റേതായിരുന്നു.
സാനുമാഷ് കഥകൾ എഴുതിയിട്ടുണ്ടോ? ഒരു സൗഹൃദസംഭാഷണത്തിനിടയിൽ ഞാൻ എഴുതിയ കഥകൾ പ്രണത പ്രസിദ്ധീകരിക്കണമെന്ന് സാനുമാഷ് ആവശ്യപ്പെട്ടപ്പോൾ ആ ചോദ്യം എന്നിലും ഉയർന്നു. സാനുമാഷിൻ്റെ കഥകളിൽ വ്യത്യസ്തമായ കുറെ ചിന്തകളുടെ ഞരമ്പുകൾ പിണഞ്ഞുകിടക്കുന്നുണ്ട്. പ്രതിഭയുടെ ആവേഗമുള്ള സൂചനകൾ.
സാഹിത്യവിമർശകൻ കഥയെഴുത്തുകാരനായി മാറിയ സാഹചര്യം പുസ്തകത്തിൻ്റെ ആമുഖത്തിൽ സാനുമാഷ് ഓർത്തെടുക്കുന്നുണ്ട്: വർഷം 1958 എന്നു വ്യക്തമായി ഓർമിക്കുന്നു. എറണാകുളത്ത് സിവ്യൂ ഹോട്ടലിൽ താമസിക്കുന്ന തകഴിയും കെ. ബാലകൃഷ്ണനും എന്നെ പിടികൂടി. പിടികൂടിയെന്നു പറഞ്ഞാൽ, എൻ്റെ വീട്ടിലെത്തി എന്നെ വിളിച്ച് അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയി എന്നേ അർത്ഥമുള്ളൂ. കൊണ്ടുപോയത് സീവ്യൂ ഹോട്ടലിലേക്ക്. രണ്ടുപേരും ‘ഉന്മേഷ’ത്തിലായിരുന്നു.
കൗമുദി വാരികയുടെ പത്രാധിപരായ കെ. ബാലകൃഷ്ണൻ അന്ന് വളരെ പ്രശസ്തനായിരുന്നു. ഒരു ഇളയസഹോദരനോടെന്നപോലെയാണ് അദ്ദേഹം എന്നോടു പെരുമാറിയിരുന്നത്. അങ്ങനെയാണ് എന്നെ കണ്ടിരുന്നതും. ഒരു കാരണവരുടെ അധികാരഭാവം കലർന്ന സ്വാതന്ത്ര്യത്തോ ടുകൂടെയാണ് തകഴി എന്നെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ അനന്തരവരിലൊരാൾ എൻ്റെ ഉറ്റ സുഹൃത്തായിരുന്നു.
പ്രസംഗവേദിയിൽ ഒരുമിച്ചിരിക്കുമ്പോഴും അവരുടെ പെരുമാറ്റം ഇതേരീതിയിൽത്തന്നെയായിരുന്നു. അവരുമായി ഇടപഴകുമ്പോൾ ഞാൻ സ്വാതന്ത്ര്യം കാണിക്കുമെങ്കിലും ആ സ്വാതന്ത്ര്യത്തിലെപ്പോഴും ആദരം കലർത്തിയിരുന്നു.
ഹോട്ടൽ മുറിയിലെത്തിയപാടേ, കെ. ബാലകൃഷ്ണൻ പറഞ്ഞു:
‘പയ്യനെ ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നത് ഒരു കാര്യം സമ്മതിപ്പിക്കാനാണ്. ഒരു കഥയെഴുതിത്തരണം. വേഗം സമ്മതിക്കൂ.’
തകഴി പറഞ്ഞു: ‘വിമർശനമെഴുതുന്നയാളിന് കഥയെഴുതാനും സാധിക്കുമെന്ന് തെളിയിക്കണ്ടേ? അതിനൊരവസരമാണ് ബാലൻ തരുന്നത്.’
കെ. ബാലകൃഷ്ണൻ പറഞ്ഞു: ‘അവസരം തരുന്നുവെന്ന് പറഞ്ഞാൽ പോര. ആജ്ഞാപിക്കുക യാണ്. അനിയൻ കഥയെഴുതിത്തരുകതന്നെ വേണം. അനിയന്റെ ശൈലി അതിനുപറ്റിയതാണ്.’
ഫലിതം കേൾക്കുന്ന മട്ടിലാണ് അവരുടെ വാക്കുകൾ ഞാൻ കേട്ടു കൊണ്ടിരുന്നത്. കെ. ബാലകൃഷ്ണൻ പറഞ്ഞു: മുമ്പ് സാനു എഴുതിയ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്. കുഴപ്പമൊന്നുമില്ല.അതുപോലങ്ങെഴുതിയാൽ മതി. എഴുതിത്തരാമെന്ന് അനിയൻ സമ്മതിക്കൂ.’
‘എഴുതിത്തരാമെന്ന് ഇതാ, ഈ ഞാൻ സമ്മതിക്കുന്നു’ എന്ന് ലാഘവത്തോടുക്കൂടി ഞാൻ പറഞ്ഞു.
‘പോരേടാ, ബാലാ. സമ്മതിച്ചതുപോലെ ചെയ്യുന്നയാളാണ് സാനു. ഞാൻ ഉറപ്പു തരുന്നു…
സാനുമാഷ് എഴുതിയ ഒൻപത് കഥകളാണ് പുസ്തകത്തിലുള്ളത്. നോവലിസ്റ്റ് സേതുവിൻ്റെ പ്രവേശികയും ജോൺ പോളിന്റെ പിൻമൊഴിയും പുസ്തകത്തിന് ചാരുത പകരുന്നു. എൻ. ഭട്ടതിരിയുടെ ചിത്രങ്ങൾ മറ്റൊരു പ്രത്യേകതയാണ്.
“ഗുരുക്കന്മാർ കഥയെഴുതുമ്പോൾ” എന്ന തലക്കെട്ടിൽ സേതുവിൻ്റെ വാക്കുകൾ പുസ്തകത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.
പല തലമുറകളെ നീണ്ടകാലം ഭാഷയും സാഹിത്യവും പഠിപ്പിച്ചു, പതിറ്റാണ്ടുകളായി നമ്മുടെ സാഹിത്യ, സാംസ്കാരിക, സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളിൽ നിറഞ്ഞു നില്ക്കുന്ന സാനുമാഷെപ്പോലെ ഒരാൾ കഥയെഴുതുന്നുവെന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും അതുണർത്തുന്ന കൗതുകം ചെറുതാവില്ല, അദ്ദേഹം ഇതിനുമുമ്പ് കഥയെഴുതിയിട്ടുണ്ടോയെന്ന് തിട്ടമില്ലാത്ത നിലയിൽ പ്രത്യേകിച്ചും. കാരണം, നടപ്പുകാലത്തെ വിവിധ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിഞ്ഞ, അത്യന്തം സഫലമായൊരു ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അതുകൊണ്ട് വെറുമൊരു കൗതുകത്തിനപ്പുറം, ഇങ്ങനെയൊരു ഗുരു, സാഹത്യവിമർശകൻ, തന്റെ കഥകൾക്കായി കണ്ടെത്തുന്ന സവിശേഷ ജീവിതസന്ധികൾ, അതിലൂടെ ഉരുത്തിയിരിയുന്ന പ്രമേയം, അതിനായി ഒരുക്കുന്ന കഥാപരിസരം, കഥ മുന്നോട്ട് കൊണ്ടുപോകുന്ന വേറിട്ട കഥാപാത്രങ്ങൾ, ഇവയിലെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പും വിരല്പാടുകളും പ്രതീക്ഷിക്കുക സ്വാഭാവികമാണ്. അത്തരമൊരു ഔത്സുക്യത്തോടെയാണ് ഞാനീ പുസ്തകത്തെ സമീപിച്ചതും.
മലയാളകഥ എല്ലാ തലങ്ങളിലും വളരെയേറെ മുന്നേറിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ, സാനുമാഷിനെപ്പോലെ പരിണതപ്രജ്ഞനായൊരു ഗുരു ഇത്തരമൊരു കഥാസമാഹാരം ഇറക്കാൻ തയ്യാറായതിനു പുറകിൽ നടപ്പുകാല സമൂഹത്തോട് തനിക്ക് ചിലതൊക്കെ പറയാനുണ്ടെന്ന വിശ്വാസമാകാം.
94-ാമത്തെ വയസ്സിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരം വ്യത്യസ്തമായ അനുഭവലോകം പങ്കുവെക്കുന്നു. ഒരു കഥയെകുറിച്ചു മാത്രം സൂചിപ്പിക്കട്ടെ. ചതിച്ചും കാൽവെട്ടിയും മുന്നേറുന്ന ‘മണികണ്ഠവിജയ’ത്തിലെ വെട്ടുകാളകളാണ് നമ്മളോരോരുത്തരും എന്നുപറയുന്ന കഥാകൃത്തു സംസാരിക്കുന്നത് പ്രവാചകശബ്ദത്തിൽ തന്നെയാണ്. എല്ലാ മത്സരയോട്ടങ്ങളും അവസാനിക്കുന്നത് കശാപ്പുശാലയിലാണെന്ന് അറിയാതെയുള്ള ഓട്ടക്കളത്തിലാണ് നമ്മൾ. ഇതു വിവരിക്കുന്ന കഥാകൃത്തിൻ്റെ വാക്കുകൾ മനസ്സിൽ അസ്വസ്ഥകൾ ഉണ്ടാക്കും; തീർച്ച.
കഥയിൽ നിന്ന്: രണ്ടാം നിരയിലുള്ള മണികണ്ഠൻ ഒന്നാംനിരയിൽ മുമ്പനാകുന്നതിനുള്ള ഉപായം തിരയുകയായിരുന്നു. ഒരു വഴി മാത്രമേ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അയാൾ വിനയത്തോടെ വമ്പനെ വന്ദിച്ചു. വമ്പൻ്റെ അനുയായിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ഭാവിക്കുകയും ചെയ്തു. അപ്പോൾ, വമ്പന് തൃപ്തിയായി, മണികണ്ഠനെ ആ നേതാവ് ആശീർവ്വദിച്ചു. ‘ഇനി, സർവ കാര്യങ്ങളും മണികണ്ഠാ, നീ നോക്കിക്കൊള്ളു. ഞാൻ മുമ്പേ നടക്കുക മാത്രമേയുള്ളൂ’- അവൻ പറഞ്ഞു. മണികണ്ഠനെന്ന കാള ശിരസ്സുകുനിച്ച് ആ നിർദേശം ഭവ്യതയോടെ സ്വീകരിച്ചു. ചുമതലകളൊന്നുമില്ലാതെ വമ്പൻ, അശ്രദ്ധനായങ്ങനെ നീങ്ങവേ, മണികണ്ഠനെന്ന കാള തികച്ചും അപ്രതീക്ഷിതമായി, തൻ്റെ മുഴുത്ത കൊമ്പുകൾ രണ്ടും അപ്രതിരോധ്യമായ ശക്തിയോടുകൂടെ വമ്പൻ്റെ പള്ളയിൽ പ്രയോഗിച്ചു. വമ്പൻ കിടന്നു പുളഞ്ഞുപിടച്ചു. മണികണ്ഠൻ തൻ്റെ ചോരപുരണ്ട കൊമ്പുകൾ വലിച്ചൂരിയപ്പോൾ വമ്പൻ ഒരുവശത്തേക്കു വീണു. അവൻ്റെ പള്ളയിൽ നിന്നു ചീറ്റിയ ചോരകണ്ട് മണികണ്ഠൻ ആഹ്ളാദിച്ചു. അവൻ്റെ അവസാനത്തെ പിടച്ചിലിൽ നേതൃസ്ഥാനത്തേക്കുള്ള പടവുകൾ മണികണ്ഠൻ കണ്ടു.
വായന സമൂഹത്തിന് ദിശാമുഖം നൽകുന്ന മിന്നാവെട്ടമായി മാറുന്നതാണ് സാനു മാഷിൻ്റെ കഥകളിലെ കാര്യപ്പൊരുളുകൾ.