തിരുവനന്തപുരം: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി മാര്‍ച്ച് 22 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരെയും വിശ്വാസികളെയും ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച അതിരൂപതയിലെ പള്ളികളില്‍ വായിച്ചു.
”മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാര്‍ദ്ദത്തെ തകര്‍ക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറുകയും ചെയ്യുന്നു. 2014-ല്‍ ക്രൈസ്തവര്‍ക്കു നേരെ 147 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2023-ല്‍ ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ 687 ആയി,” സര്‍ക്കുലറില്‍ പറയുന്നു.
മാര്‍ച്ച് 22-ന് ദേശീയതലത്തില്‍ രൂപതകളില്‍ ഉപവാസ പ്രാര്‍ഥനാദിനം ആചരിക്കാന്‍ രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍, തിരുവനന്തപുരം അതിരൂപതയിലും വെള്ളിയാഴ്ച എല്ലാ ഇടവകകളിലും കുരിശിന്റെ വഴിക്കുശേഷം ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തുകയും എല്ലാ മുതിര്‍ന്ന വിശ്വാസികളും ഒരുനേരത്തെ ആഹാരം ഉപേക്ഷിച്ച് ഉപവസിക്കുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സാധിക്കുന്ന ഇടവകകളില്‍ ബൈബിള്‍ പാരായണം, രാത്രി ജാഗരണം, മുഴുവന്‍ രഹസ്യങ്ങളും ധ്യാനിച്ചുകൊണ്ടുള്ള ജപമാല എന്നിവയും സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.
”ഉപവാസ പ്രാര്‍ഥനാദിനം ഏറ്റവും ഫലപ്രദമായ രീതിയില്‍ നമുക്ക് ആചരിക്കാം. അങ്ങനെ നമ്മുടെ രാജ്യത്തിന്റെയും സഭയുടെയും നന്മയ്ക്കായി പ്രാര്‍ഥനയുടെ ശക്തി പരമാവധി പ്രയോജനപ്പെടുത്താം,” ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അതിരൂപതയിലെ ദൈവജനത്തെ ഉദ്ബോധിപ്പിച്ചു.
ബിജെപി ഭരിക്കുന്ന വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പുരില്‍ കുക്കി ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ ഇംഫാലിലെ ഭൂരിപക്ഷ മെയ്തെയ് ഹിന്ദു-സനമാഹി വിഭാഗക്കാര്‍ ഭരണകൂടത്തിന്റെയും പൊലീസ് ആയുധപ്പുരകളില്‍ നിന്ന് ആധുനിക ആയുധശേഖരങ്ങള്‍ കൈവശപ്പെടുത്തിയ സായുധ തീവ്രവാദി സംഘങ്ങളുടെയും പിന്തുണയോടെ പത്തുമാസത്തിലേറെയായി നടത്തിവരുന്ന വംശീയ അതിക്രമങ്ങള്‍ തടയാന്‍ സൈന്യത്തിനോ കേന്ദ്ര സായുധസേനയ്ക്കോ കഴിയാത്ത അവസ്ഥയിലെത്തിയിട്ടും പ്രധാനമന്ത്രി മോദി അവിടേയ്ക്കു തിരിഞ്ഞുനോക്കിയിട്ടില്ല. മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 209 പേരില്‍ ഭൂരിപക്ഷവും കുക്കി ക്രൈസ്തവരാണ്. 350 ക്രൈസ്തവ ദേവാലയങ്ങളും വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. വാസസ്ഥലങ്ങളില്‍ നിന്ന് പ്രാണഭീതിയോടെ പലായനം ചെയ്ത അറുപതിനായിരത്തിലേറെപ്പേര്‍ 10 മാസത്തിലേറെയായി ദുരിതാശ്വാസക്യാമ്പുകളില്‍ കിടന്നു നരകിക്കുകയാണ്. ഒരു ലോക്സഭാ സീറ്റിലേക്ക് രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന ഈ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി സ്പെഷല്‍ പോളിങ് ബൂത്തുകള്‍ ഒരുക്കി ബിജെപി-മെയ്തെയ് ആധിപത്യത്തിന്റെ നിയമപരമായ സ്ഥിരീകരണം ഉറപ്പാക്കുന്നു.
ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ നിരവധി കത്തോലിക്കാ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും പാസ്റ്റര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസുകള്‍ എടുത്ത് പലരെയും വിചാരണ കൂടാതെ തടവിലിട്ടിരിക്കയാണ്.
ഝാര്‍ഖണ്ഡില്‍ ആദിവാസികളുടെ പാരമ്പര്യ വനഭൂമിയും കൃഷിയിടങ്ങളും കോര്‍പറേറ്റുകള്‍ കൊള്ളയടിക്കുന്നതിനെതിരെ അവരെ ബോധവത്കരിച്ച് അവകാശസമരങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിവന്ന എണ്‍പത്തിനാലുകാരനായ ജസ്യുറ്റ് മിഷനറി ഫാ. സ്റ്റാന്‍ സാമിയെ കള്ളക്കേസില്‍ കുടുക്കി നഗര നക്സല്‍ എന്നു മുദ്രകുത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കൊവിഡ് കാലത്ത് എന്‍ഐഎ നവിമുംബൈയിലെ ജയിലിലടച്ച് ജീവരക്ഷയ്ക്കുള്ള ചികിത്സ പോലും നിഷേധിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊന്നിട്ടും ആ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യാന്‍ ഇന്നുവരെ രാജ്യത്തെ സഭാനേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.