ന്യൂ ഡൽഹി: ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക.
സൂക്ഷ്മ പരിശോധന മാർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ 12500 രൂപ കെട്ടിവെച്ചാൽ മതി.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങൾ, രാജസ്ഥാനിലെ 12 മണ്ഡലങ്ങൾ, ഉത്തർപ്രദേശിൽ എട്ട്, മധ്യപ്രദേശിൽ ആറ്, അസ്സമിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അഞ്ച് വീതം മണ്ഡലങ്ങൾ, ബിഹാറിൽ നാല്, പശ്ചിമ ബംഗാളിൽ രണ്ട്, അരുണാചൽ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ആൻഡമാൻ നികോബാർ ദ്വീപുകൾ, ത്രിപുര, സിക്കിം, നാഗാലാന്റ്സ മിസോറാം, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതവും ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും.
രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ്. രണ്ടാം ഘട്ടത്തിൽ കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്.
ജൂൺ നാലിനാണ് ഫലം പുറത്തുവരിക.