തിരുവനന്തപുരം : വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി.
അതേസമയം കഴിഞ്ഞ ദിവസം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചു. 3200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രൂപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.