തമിഴ് സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച് മലയാള നാടകവേദിക്ക് സ്വന്തമായ മുഖം നൽകുന്നതിൽ വി.എസ്. ആൻഡ്രൂസ് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. യശ:ശരീരനായ വി.എസ് ആൻഡ്രൂസിനെക്കുറിച്ച് ഒരു ലഘുഗ്രന്ഥം “ആൻഡ്രൂസ് മാസ്റ്റർ” കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. കെ. ശ്രീകുമാറാണ് അഭിനന്ദനീയമായ ആ ദൗത്യം നിർവഹിച്ചിട്ടുള്ളത്.
പ്രഹസനങ്ങളും ഏകാങ്കങ്ങളുമടക്കം നാല്പത്തിയൊമ്പതു നാടകങ്ങൾ രചിച്ച അദ്ദേഹത്തിന് ദൗർഭാഗ്യവശാൽ നമ്മുടെ നാടകചരിത്രങ്ങളിലോ സാഹിത്യചരിത്രങ്ങളിലോ അർഹമായ സ്ഥാനം ലഭിച്ചിട്ടില്ല. നടൻ, പൊതുപ്രവർത്തകൻ, പത്ര പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പത്തൊമ്പതു വയസ്സു മുതൽ എഴുപതുവയസ്സുവരെ കലാപ്രവർത്തനത്തിനുവേണ്ടി ജീവിച്ച ഈ നാടകാചാര്യൻ നാടകചരിത്രങ്ങളിൽ വിസ്മരിക്കപ്പെടുന്നത് തികഞ്ഞ നന്ദികേടാണ്.
നാടകം, കവിത, ആക്ഷേപഹാസ്യം എന്നിങ്ങനെ വിവിധ സാഹിത്യ മേഖലകളിലായി അറുപത്തൊന്നു കൃതികൾ അദ്ദേഹം മലയാളത്തിനു നൽകിയിട്ടുണ്ടെങ്കിലും അവയിൽ ഭൂരിപക്ഷവും അച്ചടിച്ചിട്ടില്ല. വർഷ ങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച കൃതികൾ ഇപ്പോൾ കിട്ടാനുമില്ല. എ. അഗസ്റ്റിൻ ലന്തപ്പറമ്പിൽ പ്രസാധനം ചെയ്ത ആൻഡ്രൂസിൻ്റെ ആത്മകഥ പല കേന്ദ്രങ്ങളിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല.
കടലോര ഗ്രാമമായ ചെല്ലാനത്ത് 1872 മെയ് അഞ്ചിനാണ് സംജോൺ – ജോണമ്മ ദമ്പതികളുടെ മകനായി ആൻഡ്രൂസ് ജനിച്ചത്.പണ്ടുകാലത്ത് കാട് നിറഞ്ഞ കടലോര പ്രദേശമായിരുന്നു അത് “ചെല്ലാവനം” ലോപിച്ച് ചെല്ലാനമായി. തണ്ടപ്പുലരും കുഴിപുലരും അവിടുത്തെ ആദിമനിവാസികൾ. കാലം മാറിയപ്പോൾ അയൽ ഗ്രാമങ്ങളിൽ നിന്നും ചിലർ ചെല്ലാനത്തെത്തി. കാട് വെട്ടിത്തെളിച്ചു. ഫലപുഷ്ടിയാർന്ന മണ്ണ്. കടലിന്റെ നനവ്. ചെല്ലാനം കൃഷിഭൂമിയായി.ആദ്യം നെല്ലും പിന്നീട് തെങ്ങും വളക്കൂറുള്ള മണ്ണിൽ വിളഞ്ഞു. മനുഷ്യരെ അടിമകളാക്കി വിറ്റ ചരിത്രവും ചെല്ലാനത്തിനുണ്ട്. ആൻഡ്രൂസിന്റെ അപ്പൂപ്പന്റെ അപ്പനാണ് കാട്ടൂരിൽ നിന്നും ചെല്ലാനത്ത് വന്ന് താമസമാക്കിയ ആദ്യ വ്യക്തി. അക്കാലത്ത് ചെല്ലാനത്ത് ഉണ്ടായിരുന്ന ഇരുമ്പനം ഗോവിന്ദൻ ആശാനിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസം ആൻഡ്രൂസ് ആരംഭിച്ചു. ഏഴാമത്തെ വയസ്സിൽ തുമ്പോളിയിലെ ചിറ്റമ്മ കുഞ്ഞാ ആൻഡ്രൂസിനെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് തുമ്പോളി പള്ളി വക സ്കൂളിൽ പഠനം തുടർന്നു. കൗമാരം പിന്നിട്ട കഥാപുരുഷൻ ആലപ്പുഴയിലെ ഒരു കടയിൽ കണക്കെഴുത്തുകാരൻ ആകുന്നുണ്ട്. അവിടെ നിന്നാണ് നാടകത്തിന്റെയും സംഗീതത്തിന്റെയും ലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. അക്കാലത്തെ നാടകങ്ങൾ തമിഴിലാണ്. അതുകൊണ്ടുതന്നെ തമിഴ് പഠിക്കാൻ സിമിയോൻ അണ്ണാവി എന്ന ഗുരുവിനെ അദ്ദേഹം കണ്ടെത്തി. തമിഴ്നാട്ടിൽ നിന്ന് എത്തിയ നാടക സംഘങ്ങൾ ആലപ്പുഴയിൽ വന്നും പോയിരുന്നു. അവ ആൻഡ്രൂസിൽ പുതിയ സ്വപ്നങ്ങൾ വിതച്ചു. ജ്ഞാനമോഹിനി എന്ന തമിഴ് നാടകം പത്തൊമ്പതാമത്തെ വയസ്സിൽ അദ്ദേഹം എഴുതി. അതേക്കുറിച്ച് ആത്മകഥയിൽ ആൻഡ്രൂസ് എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്: പള്ളിത്തോട്ടിലെ ഒരു പ്രബലവ്യക്തിയും പ്രശാന്തനുമായ പറയകാട്ടു വീട്ടിൽ ബർണാഡ് എന്ന ആളുടെ മാനേജ്മെൻ്റിൽ ഒരു നാടകസമിതി രൂപവൽക്കരിച്ചിട്ടു എന്നെ അവരുടെ ട്യൂട്ടറായി ക്ഷണിച്ചു. ഞാൻ അതു സ്വീകരിച്ചു. എഴുതിവെച്ചിരുന്ന ‘ജ്ഞാനമോഹിനി’യും കല്പിതകഥയായ “സുകുമാരസുതന്തര’വും അഭ്യസിപ്പിച്ചുതുടങ്ങി. അതിന്റെ അരങ്ങേറ്റ ത്തോടുകൂടി ഞാൻ പ്രശസ്തിയുടെ പടിയിലേയ്ക്ക് ഉയർന്നുതുടങ്ങി. പലരുടെ അഭിനന്ദനങ്ങളും സംഭാവനകളുംകൊണ്ട് ഞാൻ മൂടപ്പെട്ടു.”
തുമ്പോളിയിൽ നിന്നും ചെല്ലാനത്ത് മടങ്ങി എത്തിയ ആൻഡ്രൂസ് പിതാവ് ആരംഭിച്ച വിദ്യാലയത്തിൽ അധ്യാപകനായി ചേർന്നു. അവിടെയും നാടകസപര്യ തുടർന്നു.
മലയാള നാടകവേദിയുടെ വളർച്ചയ്ക്ക് തീരദേശവും ലത്തീൻ സമൂഹവും നൽകിയ സംഭാവനകൾ പുസ്തകത്തിൽ വായിച്ചെടുക്കാനാവും.
ആൻഡ്രൂസിലെ നാടകകൃത്തിനെ കണ്ടെത്തി സഹൃദയ സമക്ഷം കൊണ്ടുവന്നത് പറയക്കാട് ബർണാഡാണ്. അദ്ദേഹത്തിൻ്റെ നാടകസമിതി ജ്ഞാമോഹിനി, സുകുമാരസുതന്തര എന്നീ നാടകങ്ങളുമായി മലയാളക്കരയുടെ വിവിധ ദേശങ്ങളിൽ പ്രയാണം നടത്തി. ചെല്ലാനത്തിന്റെ അതിരുകൾ വിട്ടു ആൻഡ്രൂസ് മാസ്റ്റർ പ്രശസ്തനായി. തുടർന്ന് അദ്ദേഹം രചിച്ച ഇസ്താക്കിചരിതം അരങ്ങിൽ അവതരിപ്പിക്കുന്ന സമയത്തുതന്നെ തുറവൂർ ശ്രീ നരസിംഹ വിലാസം ബുക്ക് ഡിപ്പോ പുസ്തകരൂപത്തിൽ ഇറക്കി. പിന്നീട് അദ്ദേഹത്തെ പള്ളിപ്പുറത്തുകാർ അവിടേക്കു ക്ഷണിക്കുന്നു. പി. കെ. ദേവസിക്കുട്ടി എന്ന നാട്ടുപ്രമാണിയുടെ നേതൃത്വത്തിലാണ് അവിടെ ഇസ്താക്കിചരിതം അരങ്ങേറുന്നത്. നാടകകൃത്തിൻ്റെ മേൽനോട്ടവും അതിനുണ്ടായി.
1921ൽ ജ്ഞാനസുന്ദരി എന്ന നാടകം രചിക്കുമ്പോൾ അനേകം മലയാള സംഗീത നാടകങ്ങൾ അരങ്ങത്തിയിരുന്നു. പണ്ഡിറ്റ് കറുപ്പനും മഹാകവി കുട്ടമത്തും കെസി കേശവപ്പിള്ളയും അക്കൂട്ടത്തിൽ ഉണ്ട്. ഇടയ്ക്ക് മലയാള മനോരമ ആരംഭിച്ച നാടക സമിതിയുമായി ആൻഡ്രൂസ് മാസ്റ്റർ കരാർ ഒപ്പിട്ടെങ്കിലും ആ ശ്രമം വിജയിച്ചില്ല. കണ്ടത്തിൽ ചെറിയാൻ മാപ്പിള അദ്ദേഹത്തിൻ്റെ നാടകങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി തിളങ്ങിയ ഓച്ചിറ വേലുക്കുട്ടിയെയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരേയും പാപ്പുക്കുട്ടി ഭാഗവതരെയും രംഗത്ത് എത്തിച്ചത് ആൻഡ്രൂസ് മാഷാണ്. എറണാകുളം മഹാരാജാസ് കോളേജിലും സെൻ്റ് ആൽബർട്സ് കോളജിലും അദ്ദേഹത്തിൻ്റെ നാടകങ്ങൾ അരങ്ങേറി.
തികഞ്ഞ വിശ്വാസിയായിരുന്ന ആൻഡ്രൂസ് മാസ്റ്റർ പ്രാർത്ഥനകളിലും തിരുകർമ്മങ്ങളിലും സജീവമായി പങ്ക് കൊള്ളുമായിരുന്നു. നാടകം സാമൂഹ്യവിരുദ്ധരുടെ കൂത്തരങ്ങാണെന്നുള്ള ചിലരുടെ ഉപദേശം കൊണ്ട് കൊല്ലവർഷം 1100ൽ വരാപ്പുഴ മെത്രാപ്പോലീത്ത ഒരു നിരോധന ഉത്തരവിറക്കി. ക്രിസ്ത്യാനികൾ രാത്രികാലങ്ങളിൽ നാടകം അഭിനയിക്കാൻ പാടില്ലെന്ന് ആയിരുന്നു അത്. പള്ളിപ്പുറത്ത് ജ്ഞാനസുന്ദരി അവതരിപ്പിക്കാൻ തയ്യാറാകുന്ന സമയത്ത് ആയിരുന്നു ആ ഉത്തരവ്. നാടകം പകൽ മാത്രമാക്കി ചുരുക്കിയപ്പോൾ പലരും പിൻവാങ്ങി. ആൻഡ്രൂസ് മാഷ് പള്ളിപ്പുറത്ത് ഓടിയെത്തി. മാഷിൻ്റെ പ്രേരണയിൽ പകൽ നാടകപരിശീലനം നടന്നു. ഒടുവിൽ, പരിശീലനം കഴിഞ്ഞ് നാടകം അരങ്ങിലെത്തേണ്ട സമയമായി. അപ്പോൾ ആൻഡ്രൂസ് സംഘാംഗങ്ങളെ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു:
“സുഹൃത്തുക്കളേ, നമ്മളിവിടെ അവതരിപ്പിക്കാൻ പോവുന്നത് ക്രിസ്തീയനാടകമാണ്. ദൈവാനുഗ്രഹമുണ്ടെങ്കിൽ നാടകാവതരണത്തിന് യാതൊരു തടസ്സവുമുണ്ടാവില്ല. നന്നായി അഭിനയിക്കാനാവണമെങ്കിൽ നമ്മളിപ്പോൾത്തന്നെ കുമ്പസാരിച്ച് ദൈവകാരുണ്യം നേടണം.”
ഈ വാക്കുകൾ നടന്മാരിൽ ചിലരുടെ നെറ്റിചുളിപ്പിച്ചു. എങ്കിലും മാസ്റ്ററെ ധിക്കരിക്കാതെ അവരും അതനുസരിച്ചു. എല്ലാവരുടെയും കുമ്പസാരം കഴിഞ്ഞപ്പോൾ ആൻഡ്രൂസ് തന്നെ മെത്രാപ്പോലീത്തയെ ഈ വിവരം ധരിപ്പിച്ചു. ‘ജ്ഞാനസുന്ദരീചരിതം’ നാടകത്തിൻ്റെ സദുദ്ദേശ്യവും കലാകാരന്മാരുടെ ഹൃദയശുദ്ധിയും അറിഞ്ഞ് മെത്രാപ്പോലീത്ത തന്റെ നിരോധന ഉത്തരവ് പിൻവലിച്ചു. അങ്ങനെ നിറഞ്ഞുകവിഞ്ഞ കാണികളുടെ സാന്നിധ്യത്തിൽ പള്ളിപ്പുറത്ത് രാത്രികാലത്ത് നാടകം അരങ്ങേറി. പിന്നീട് പല രാത്രികളിലും ഈ നാടകം പ്രദേശവാസികൾ ആസ്വദിച്ചു.
പറുദീസനഷ്ടവും മിശിഹാ ചരിത്രവും മലയാളനാടക ചരിത്രത്തിലെ മഹാത്ഭുതങ്ങൾ ആയിരുന്നു. ആർട്ടിസ്റ്റ് പിജെ ചെറിയാന്റെ നേതൃത്വത്തിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും ഈ നാടകം അവതരിപ്പിക്കപ്പെട്ടു. നാടകം കണ്ട് ആയിരങ്ങൾ മുട്ടുകുത്തി കരഞ്ഞ സംഭവങ്ങൾ വലിയ വാർത്തകളായി. മാഷിൻ്റെ നാടകങ്ങൾ മംഗലപ്പുഴ സെമിനാരിയിലെ എസ് എച്ച് ലീഗ് പോലും പ്രസിദ്ധീകരിക്കാൻ തുടങ്ങി. വിഎസ് ആൻഡ്രൂസിന്റെ സംഭാവനകളെ കത്തോലിക്കാ സഭ ആദരിക്കുന്നതിന്റെ ഭാഗമായി പോപ്പ് ജോൺ ഇരുപത്തി മൂന്നാമൻ “ബെനമെരേന്തി” ബഹുമതി നൽകി. ആ കലാപ്രതിഭയ്ക്കുള്ള വലിയ ആദരമായിരുന്നു അത്.1968ൽ നടകാചാര്യ ഇഹലോകവാസം വെടിഞ്ഞു.
വിഎസ് ആൻഡ്രൂസിന്റെ സംഭവബഹുലമായ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഡോ. ശ്രീകുമാറിന്റെ പുസ്തകം ഒരു അമൂല്യനിധിയാണ്. പുസ്തകത്തിൻ്റെ അനുബന്ധമായി വിഎസ് ആൻഡ്രൂസിന്റെ കൃതികൾ, അദ്ദേഹം രചിച്ച സംഗീത നാടകങ്ങളിലെ പ്രശസ്ത ഗാനങ്ങൾ,ശ്ലോകങ്ങൾ,ലഭിച്ച ബഹുമതികൾ അനുമോദനങ്ങൾ, തൊഴിലാളി പാട്ടുകൾ എന്നിവ ചേർത്തിട്ടുണ്ട്.