സിറിയയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഹൃദയസ്പർശിയായ ചലച്ചിത്രമാണ് ‘ദ് ഓൾഡ് ഓക്ക്’. അതിരുകൾ ഭേദിക്കുന്ന സംഘർഷത്തെ മുൻനിർത്തി യാഥാർത്ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന 2023 ലെ ശ്രദ്ധേയമായ ലോക സിനിമ. ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ എൺപത്തി ഏഴുകാരനായ കെൻ ലോച്ചിൻ്റെ ‘ദി ഓൾഡ് ഓക്ക്’ എഴുപത്തി ആറാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ (ഫ്രാൻസ്) പാം ഡി ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ രണ്ട് സിനിമകൾ ദി വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാർലി (2006), ഐ ഡാനിയൽ ബ്ലേക്ക് (2016) എന്നിവയ്ക്ക് കാൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ ലഭിച്ചു. രണ്ട് തവണ ഈ അവാർഡ് നേടിയ അപൂർവ്വം ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് കെൻ ലോച്ച്. സാമൂഹിക വിമർശനാത്മക സംവിധാന ശൈലിയാണ് അദ്ദേഹത്തിന്റെ സിനിമകൾ സ്വീകരിച്ചു പോരുന്നത്. ഇതികം ഇരുപത്തിയെട്ട് ഫീച്ചർ സിനിമകളും നിരവധി ടെലിവിഷൻ പ്രോഗ്രാമുകളും ഡോകളുമെന്ററികളും അദ്ദേഹത്തിന്റേതായുണ്ട്.
സിറിയയിലെ അസദ് ഭരണകൂടത്തിന്റെ വേട്ടയാടലിൽ നിന്നും രക്ഷപ്പെട്ട് സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതവും തേടി അപകടകരമായ യാത്രകൾ നടത്തുന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബങ്ങൾ. പ്രവർത്തനം നിലച്ച ഖനികൾ ഉള്ള ഇംഗ്ലണ്ടിലെ വടക്കു കിഴക്കൻ നഗരമായ ഡർഹാമിൽ പ്രവിശ്യയിലേക്കാണ് അഭയാർത്ഥികൾ എത്തിച്ചേരുന്നത്. ഉപേക്ഷിക്കപ്പെട്ട ഖനി പരിസരങ്ങളിൽ ഇന്ന് പഴയ പ്രതാപങ്ങളൊന്നുമില്ല, ക്രമേണ ഡർഹാം പ്രവിശ്യയിലെ നരച്ച ആ ടൌൺ ഷിപ്പും ഓർമകളിലേക്ക് സഞ്ചരിക്കുകയാണ്. അതിലേക്കാണ് യുദ്ധമുഖത്തുനിന്നും രക്ഷപ്പെ ട്ടോടിയ സിറിയൻ അഭയാർത്ഥികൾ എത്തുന്നത്. ആഭ്യന്തരയുദ്ധത്തിൽ സകലതും ഇട്ടെറിഞ്ഞു പലായനം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നിസ്വരായ മനുഷ്യരുടെ കഥ.അവിടെ അവരെ സ്വീകരിക്കാൻ കുറച്ച് സന്നദ്ധ പ്രവർത്തകരും ഉണ്ട്. ആഭ്യന്തര സംഘർഷങ്ങളിൽ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട യാരയും കുടുംബവും ആ കൂട്ടത്തിലുണ്ട്.
ഒരു സാധാരണ ഖനി തൊഴിലാളിയുടെ മകനായ ടി ജെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടോണി ജോസ് ബലൻഡൈൻ ആണ് അതിഥികളെ സ്വീകരിക്കാൻ മുന്നിൽ നിൽക്കുന്നത്. ‘ഓൾഡ് ഓക്ക്’ എന്നത് ഡിജെ യുടെ പബ്ബിൻറെ പേരാണ്. ആ പ്രദേശത്തെ ജനങ്ങൾ പതിവായി കൂടിച്ചേരുന്ന സ്ഥലമാണ് ഓൾഡ് ഓക്ക്. യഥാർത്ഥ താൽപര്യങ്ങൾ തിരിച്ചറിയുന്നതിലൂടെയും ഐക്യദാർഢ്യത്തിലൂടെയും നാട്ടുകാർക്ക് കുടിയേറ്റക്കാരോടും അഭയാർത്ഥികളോടും സഹാനുഭൂതി കാണിക്കാൻ കഴിയുമെന്നാണ് ടി ജെ ചിന്തിക്കുന്നത്.
അപ്രതീക്ഷിതമായി അഭയാർത്ഥികൾ കടന്നുവരുമ്പോൾ പഴയ പാരമ്പര്യത്തിലും സംസ്കാരത്തിലും നിലകൊള്ളുന്ന ഭൂരിപക്ഷം പ്രദേശവാസികളും അവരെ മാനസികമായി സ്വീകരിക്കാൻ തയ്യാറാവുന്നില്ല. നേരെ എതിരായിട്ടുള്ള നിലപാടാണ് ടിജെ യുടെ. അഭയാർത്ഥികളെ സ്വീകരിക്കാനും അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുവാനും അതീവ ശ്രദ്ധാലുവാണ് തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി നിരന്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്ന അച്ഛൻ്റെ മകനായ ടി ജെ. വംശീയതയും വെറുപ്പും നിറഞ്ഞ കണ്ണുകളിലൂടെ അഭയാർത്ഥികളെ കാണുന്ന നാട്ടുകാർക്ക് ടി ജെ യുടെ അവരോടുള്ള മൃദു സമീപനം ഇഷ്ടപ്പെടുന്നില്ല. ടി ജെ യും സംഘവും അവർക്ക് സൗജന്യ ഭക്ഷണം ഏർപ്പെടുത്തുമ്പോൾ തദ്ദേശീയരായ ചിലരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും കൂടിച്ചേരുന്നിടത്ത് സാമൂഹികമായ സുരക്ഷ പ്രദാനം ചെയ്ത് അവരെ കൂട്ടിനിർത്തുകയാണ് ടി ജെ. യാരെയും ഇക്കാര്യത്തിൽ അയാളെ സഹായിക്കുന്നുണ്ട്.
സംവിധായകൻ കെൻ ലോച്ചിന്റെ മുൻ ചിത്രമായ ‘ഐ ഡാനിയൽ ബ്ലാക്കിലെ’ നായകനായ ഡേവ് ടേണർ ആണ് ടി ജെ ആയി വേഷമിടുന്നത്. യാരെയായി എബ്ള മാരി വേഷമിടുന്നു. 15-ലധികം സിനിമകളിൽ ലോച്ചിൻ്റെ കൂടെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള പോൾ ലാവെർട്ടിയാണ് തിരക്കഥ ഒരുക്കിയത്. തന്റെ സിനിമകളിലൂടെ അരികുവൽക്കരിക്കപ്പെടുന്ന സാധാരണ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും കുറിച്ചുള്ള കഥകളാണ് കെൻ ലോച് പറഞ്ഞതധികവും.
ഐ ഡാനിയൽ ബ്ലേക്ക്, സോറി വി മിസ്ഡ് യു എന്നീ ചിത്രങ്ങൾക്ക് ശേഷം ലോച്ചിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രമാണ് ദ് ഓൾഡ് ഓക്ക്. മൂന്നു ചിത്രങ്ങളും ട്രൈലോജിയുടെ ഭാഗമായാണ് സിനിമാ ലോകം കാണുന്നത്.
സംഘർഷത്തിനിടയിൽ കേടുപറ്റിയ യാരെയുടെ ക്യാമറ ടി ജെ നന്നാക്കിക്കൊടുക്കുന്നുണ്ട് അയാളുടെ പക്കലുള്ള പഴയ ക്യാമറകൾ വിറ്റ്.
യാരയെ ഡർഹാം കത്തീഡ്രൽ കാണാൻ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഹൃദയസ്പർശിയാണ്, പള്ളിയിലെ ഗായക സംഘത്തിന്റെ പാട്ട് അവളെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെയുള്ള വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ കാണുമ്പോൾ തന്റെ നാട്ടിലെ പാൽമിറയിൽ നടന്ന സംഭവങ്ങൾ ഓർത്ത് അവളുടെ കണ്ണുകൾ നിറയുന്നു. സിറിയയിലെ പാൽമിറയിൽ റോമാക്കാർ സ്ഥാപിച്ച പഴയ ക്ഷേത്രത്തെയും അത് തകർത്തു കളഞ്ഞ മതവെറിയന്മാരെയും യാര ഓർക്കുന്നു.
സ്നേഹത്തിന്റെയും ചേർത്ത് നിർത്തലിന്റെയും കഥയാണ് ഈ സിനിമ. കൂട്ടപ്പലായനം ചെയ്ത് യൂറോപ്പിലെ പല രാജ്യങ്ങളിലും എത്തിച്ചേർന്ന അഭയാർത്ഥികൾ നേരിടുന്ന വംശീയതയും വെറുപ്പും അനുഭവിക്കുന്ന ശാരീരിക മാനസിക ആക്രമണങ്ങളും ഒരുവശത്തും, ഇവരോട് സഹാനുഭൂതിയും കരുതലും പ്രദർശിപ്പിക്കുന്ന ന്യൂനപക്ഷമായ തദ്ദേശീയ വാസികളെ മറുവശത്തും നമുക്ക് കാണാം. മാനവികത അടിവരയിട്ട് പ്രദർശിപ്പിക്കുന്നു ഈ സിനിമ. ലോകത്ത് ഇപ്പോഴും മനസ്സലിവും കഷ്ടപ്പെടുന്നവരോടുള്ള കരുതലും പാടെ നശിച്ചിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഈ ചിത്രം തകർച്ചയുടെ വക്കിലും മനസ്സിൽ പ്രത്യാശയുടെ കിരണങ്ങൾ അവശേഷിപ്പിക്കുന്നു. അപരവൽക്കരിക്കപ്പെടുന്ന, പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങൾക്ക് താങ്ങും തണലും നൽകേണ്ട ചുമതല നമുക്കുണ്ടെന്ന് കൂടി ഓർമിപ്പിക്കുന്നു ഹൃദയ സ്പർശിയായ ഈ കാഴ്ചാനുഭവം.