ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്ത് . അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇക്കാര്യത്തിൽ ആശങ്ക വെളിപ്പെടുത്തിക്കഴിഞ്ഞു . അടിസ്ഥാനപരമായി തന്നെ വിവേചന സ്വഭാവമുള്ളതാണ് നടപടിയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
2019ൽ തന്നെ യു എൻ പറഞ്ഞതുപോലെ, പൗരത്വ നിയമ ഭേദഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്- യുഎൻ ഹൈക്കമ്മീഷണർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയിൽ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിയമം എങ്ങനെ പ്രാവർത്തികമാകുമെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം .മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങൾക്കും നിയമപരമായ തുല്യതയും മൗലികവും ജനാധിപത്യപരവുമായ അവകാശമാണെന്നും യുഎസ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അമേരിക്കയുടെയും യുഎൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസിന്റെയും അഭിപ്രായങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.
പുതിയ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും മുസ്ലിം ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ള നീക്കമാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര സർക്കാർ ആരോപിക്കുന്നു.
എന്നാൽ രാജ്യമെങ്ങും സി എ എയ്ക്കെതിരെ പ്രതിഷേധം വ്യാപകമാണ് .പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ പ്രതിഷേധ റാലി ഇന്ന് നടക്കും. സിലിഗുരിയിലെ മൈനാകിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും ഇടത് പാർട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. അസമിലാണ് നിലവിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നത്. ഓൾ അസം വിദ്യാർത്ഥി യൂണിയൻ രാത്രി ഏറെ വൈകിയും ഗുവാഹത്തിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ദിബ്രുഗഢിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.