ഇടയവഴികളില്‍ കത്തുകളിലൂടെ സൗഹൃദവും സ്നേഹവും നിലനിര്‍ത്തിയ നന്മയാണ് അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവിന്റെ വിരമിക്കല്‍ വാര്‍ത്തയില്‍ മനസ്സില്‍ ഓടിയെത്തിയത്. നാലുവര്‍ഷം പുനലൂരും 15 വര്‍ഷം കൊച്ചിയിലും മെത്രാനായി സേവനം ചെയ്ത അദ്ദേഹം പൗരോഹിത്യശുശ്രൂഷയില് 50 അമ്പതു വര്‍ഷവും പിന്നിട്ടു. ഈ നീണ്ട ശുശ്രൂഷ കാലത്ത് ‘കത്തെഴുതല്‍’ അദ്ദേഹം മനസ്സിന് ഇഷ്ടമുള്ള കാര്യമാക്കി.
ഈ കത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത 33 എണ്ണം പുസ്തകമായി സമാഹരിച്ചിട്ടുണ്ട്. ‘അനുഭവങ്ങള്‍, അനുധ്യാനങ്ങള്‍.’ കത്തെഴുത്ത് ശീലമാക്കിയതിനെക്കുറിച്ച് കരിയില്‍ പിതാവ് പുസ്തകത്തിന്റെ മുഖവുരയില്‍ കുറിച്ചിട്ടുണ്ട്.
സ്കൂള്‍ ക്ലാസില്‍ പഠിച്ചിരുന്നപ്പോഴാണ് കത്ത് എന്ന രചനാരൂപവുമായി ഞാന്‍ ആദ്യം പരിചയപ്പെടുന്നത്. സ്കൂളിനു തൊട്ടടുത്തായിരുന്നു പോസ്റ്റോഫീസ്. മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും അയയ്ക്കുന്ന കത്തുകളുടെ ഇടപാടാണ് അവിടെ നടക്കുന്നത് എന്നു മനസ്സിലാക്കിയിരുന്നു. അക്കാലത്ത് എഴുത്തെഴുതാനും മറുപടി കാക്കാനുമൊന്നും എനിക്കവസരമുണ്ടായില്ല.
ലേഖനമെന്നു പേരിട്ട് പള്ളിയില്‍ വായിച്ചിരുന്ന വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും ലിഖിതങ്ങള്‍, വാസ്തവത്തില്‍ സഭകള്‍ക്കും മറ്റുമുള്ള എഴുത്തുകളായിരുന്നു വെന്ന് സെമിനാരിയില്‍ ചേര്‍ന്നതിനു ശേഷമാണ് എനിക്കു മനസ്സിലായത്. അവയെ ലേഖനങ്ങളാക്കി പരത്തിക്കളഞ്ഞപ്പോള് ആ എഴുത്തുകളുടെ വൈകാരികതയും ആത്മാവിഷ്കാരച്ചൂടും കൈമോശം വരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. അപ്പോസ്തലന്മാര് വിവിധ സഭകള്ക്കയച്ചത് എല്ലാം എഴുത്തുകളായിരുന്നു, ലേഖനത്തിന്റെ വലുപ്പം അവയ്ക്കുണ്ടെങ്കിലും.
പഠിക്കാനായി റോമിലെത്തിയപ്പോള്‍ പോള്‍ ആറാമന്‍ പിതാവായിരുന്നു പാപ്പാ. അദ്ദേഹം മരിച്ചപ്പോള്‍ പിന്‍ഗാമിയായി വന്നത് വെനീസിലെ പാത്രിയാര്‍ക്കീസായ കാര്‍ഡിനല്‍ അല്‍ബീനോ ലുച്ചിയാനി ആയിരുന്നു. ഒട്ടും വൈകാതെ അദ്ദേഹത്തിന്റെ Illustrissimi എന്ന പുസ്തകം പുറത്തിറങ്ങി. പ്രശസ്തരായ സാഹിത്യകാരന്മാര്ക്കും പുണ്യവാന്മാര്ക്കും കര്‍ത്താവായ യേശുവിനും അദ്ദേഹമെഴുതിയ തുറന്നകത്തുകളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. II Messaggero di S. Antonio എന്ന മാസികയിലാണ് ഈ പ്രതിമാസ എഴുത്തുകള്‍ വന്നുകൊണ്ടിരുന്നത്.
കര്‍ദിനാള്‍ അല്‍ബീനോ ലുച്ചിയാനിയുടെ സ്വാധീനം എന്നിലുണ്ടെന്നു സന്തോഷപൂര്‍വം പറയട്ടെ. ഒരുപക്ഷേ, ഈ എഴു ത്തിലൂടെ കടന്നുപോകുമ്പോള്‍ വിശുദ്ധ പൗലോസിന്റെ സ്വാധീനമാവാം അതിലും കൂടുതലായി മുന്തിനില്ക്കുന്നത്. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് പറയുന്നതിനും കേള്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സമയമില്ലാതിരുന്ന ആഥന്‍സുകാരോട് അരെയോപ്പാഗസില്‍ വച്ചു വിശുദ്ധ പൗലോസ്, അവരുടെ ആരാധനാവസ്തുക്കള്ക്കിടയില് കണ്ട അജ്ഞാതദേവനെക്കുറിച്ചും സംസാരിച്ചു. ആ അജ്ഞാതദേവനില്നിന്ന് കര്‍ത്താവായ യേശുക്രിസ്തുവിലേക്ക് വിശ്വാസത്തിന്റെ പാലംപണിത പൗലോസിന്റെ രീതിയാണ് ഞാന്‍ ഈ എഴുത്തുകളില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്.
പഴയ രീതിയിലുള്ള എഴുത്തുകള്‍ ഇന്ന് തീരെ അവഗണിക്കപ്പെട്ടുപോയിട്ടുണ്ട്. ന്യൂജെന്‍ കാലമാണല്ലോ? എന്നാല്‍ ‘കത്ത്’ എന്നൊരു സാഹിത്യരൂപമുണ്ട്. അതില്‍ കരിയില്‍ പിതാവിന്റെ കത്തുകള്‍ക്കുള്ള സവിശേഷത മൂന്നെണ്ണമായി പ്രഫ. എം. തോമസ് മാത്യു അവതാരികയില്‍ പറയുന്നുണ്ട്: ഒന്നാമത്തേത്, വായനക്കാരുമായി ഈ ഗ്രന്ഥവും ഗ്രന്ഥകര്‍ത്താവും പങ്കിടുന്ന ഊഷ്മളമായ ആത്മബന്ധമാണ്. സമകാലികജീവിതം സാഹചര്യങ്ങളോടും അവ ഉയര്‍ത്തുന്ന ധാര്‍മികവും ആധ്യാത്മികവുമായ സമസ്യകളോടും പ്രതികരിക്കുന്ന രീതിയാണ് രണ്ടാമത്തേത്. മൂന്നാമത്തേത്, ആ പ്രതികരണങ്ങള്‍ ആ വിധം രൂപപ്പെടുത്തിയ ദൈവവചനത്തിന്റെ സമൃദ്ധമായ സൂചനകളാണ്. ചുരുക്കത്തില്‍, വ്യക്തിത്വത്തെയും ജീവിതബോധത്തെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഭാഗഭാഗിത്വം ബൈബിളിനും അതു സാക്ഷ്യംവഹിക്കുന്ന ദൈവാനുഭവത്തിനും വിട്ടുകൊടുത്ത പക്വവും ധന്യവുമായ ഒരു മനസ്സ്, തനിക്കു ലഭിച്ച നിയോഗം തന്നെ ഏറ്റെടുക്കാന്‍ കൃപ ലഭിച്ച സഹചരരുമായി നടത്തുന്ന ആത്മസംവാദമാണ് ‘അനുഭവങ്ങള്‍ അനുധ്യാനങ്ങള്‍’ എന്ന കൃതി.
സ്ഫുടം ചെയ്ത ഭാഷയും അതില്‍ അന്തര്‍ലീനമായിട്ടുള്ള ആശയങ്ങളുമാണ് ജോസഫ് കരിയില്‍ പിതാവിന്റെ എഴുത്ത് ശ്രേഷ്ഠമാക്കുന്നത്. കാനാന്‍ദേശം എന്ന കത്തില്‍ തന്റെ രൂപതയിലെ പുരോഹിതര്‍ക്ക് മിഷന് പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്കാന് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെയാണ്: ലോകത്ത് എവിടെയെങ്കിലും ഒരു വഴി ഉണ്ടെങ്കില്‍, അത് ആരോ ഒരാള്‍ വെട്ടിത്തെളിച്ചതാണ്. അതിനുമുമ്പ് അത് അവിടെ ഉണ്ടായിരുന്നില്ല. ഉത്പത്തിയുടെ ഭാഷ ഉപയോഗിച്ചാല്‍, അവിടം രൂപരഹിതവും ശൂന്യവുമായിരുന്നു(1, 2), വെളിച്ചമുണ്ടാകുന്നതും വെളിച്ചം ഇരുളില്‍നിന്നു വേര്‍തിരിയുന്നതും ബാക്കിയെല്ലാം പ്രത്യക്ഷപ്പെടുന്നതും പിന്നെയാണ്. വഴിയില്ലാതിരുന്നിടത്ത് ഒരു വഴി ഉണ്ടാകുമ്പോള്‍ ആ ഭാഗത്ത് വെളിച്ചമുണ്ടാകുന്നതും ഇരുള് പിന്നോട്ടുമാറുന്നതും ഇന്നത്തെയും അനുഭവമാണല്ലോ. വഴിതേടിവന്നവരെല്ലാം വഴികാണാഞ്ഞ് സ്തംഭിച്ചു നിന്നിരുന്നെങ്കില്‍, ആ വഴി ഇന്നും അവിടെ തുറക്കാതെ കിടന്നേനേ!ഇതിനു മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത വഴികളിലൂടെ ദൈവജനത്തെ മുന്നോട്ടു നയിക്കുന്നവരാണ് പുരോഹിതന്മാര് ( ജോഷ്വ 3, 4).
കത്തുകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത് ഗ്രന്ഥകാരന്റെ വൈവിധ്യമാര്‍ന്ന വായനയാണ്. ചില അധ്യായങ്ങളുടെ അനുബന്ധമായി ചെറിയ കുറിപ്പുകള്‍ ഉണ്ട്. ഒരു ഉദാഹരണം സൂചിപ്പിക്കാം.
വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളുടെ ആറാം പതിപ്പ് മാതൃഭൂമി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. രണ്ടു ഭാഗങ്ങളായി 1418 പേജുകളുണ്ടെങ്കിലും വായിച്ചിരിക്കേണ്ടാരു പുസ്തകമാണത് (മുമ്പ് വായിച്ചിട്ടില്ലെങ്കില്‍!). ലോകത്തില്‍ രണ്ടുതരം പൗരന്മാരുണ്ടെന്നു പറയുന്നു – ‘പാവങ്ങള്‍’ വായിച്ചിട്ടുള്ളവരും വായിച്ചിട്ടില്ലാത്തവരും’ എന്ന് എം. മുകുന്ദന് എഴുതിയിട്ടുണ്ട്. ‘ലെ മിസ്സെരാബിളേ’ നിസ്സംശയമായും ജീവകാരുണ്യത്തിന്റെ പുസ്തകമാണെന്ന് ചാള്‍സ് ബോദ്ലെയര് പറയുന്നു. നിരാര്‍ദ്രമായ നീതി നടത്തിപ്പിന്റെ വക്താവായ ഴാവേ നമ്മെ ഒരു ഭീകരസത്വത്തെപ്പോലെ പേടിപ്പിക്കും. ‘ഴാങ്ങ് വാല് ഴാങ്ങ്’ നമ്മെ കാരുണ്യതീരങ്ങളിലേയ്ക്ക് കൈ പിടിച്ചെത്തിക്കും. കാരുണ്യവര്‍ഷത്തിന്റെ ഒരുക്കത്തിനായി പാവങ്ങളുടെ വായന ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.