തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം തന്നെയാണെന്ന് വി എം സുധീരൻ ആരോപിച്ചു. സംഭവത്തില്‍ ഡീനിന്റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി എം സുധീരന് ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധാര്‍ത്ഥനെതിരായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശനും പ്രതികരിച്ചു. റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം ഇതിന്റെ തെളിവാണ്. വിവരങ്ങള്‍ മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. ഡീനിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്നും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് മുന്നോട്ട് പോകണമെന്നും ജയപ്രകാശന്‍ ആവശ്യപ്പെട്ടു.