തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക്തുടക്കമായി . 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ 2955ഉം ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഭാഷാ വിഷയമാണ് ആദ്യദിവസത്തെ പരീക്ഷ. ഇന്ന് കഴിഞ്ഞാൽ ബുധനാഴ്ചയാണ് അടുത്ത പരീക്ഷ നടക്കുന്നത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തുന്ന പികെഎംഎച്ച്എസ്എസ് ആണ് ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം. 2085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഓരോ വിദ്യാർത്ഥികൾ വീതം പരീക്ഷ എഴുതുന്ന അഞ്ച് സ്കൂളുകളും സംസ്ഥാനത്തുണ്ട്. ഇന്ന് തുടങ്ങുന്ന പരീക്ഷ മാർച്ച് 25ന് അവസാനിക്കും. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.