അപ്പന് എഴുതിയ ഗാനങ്ങളും മകന്റെ ധ്യാനവിചാരങ്ങളും ചേര്‍ന്നൊരു കാല്‍വരി യാത്ര. ആത്മീയചിന്തകനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടിക്കാടും കവിയും അധ്യാപകനുമായിരുന്ന ജോസ് പി. കട്ടിക്കാടും ചേര്‍ന്നാണ് കാല്‍വരി എന്നു പേരിട്ട കുരിശിന്റെ വഴി 2008 ല്‍ റെക്കോര്‍ഡ് ചെയ്തു പുറത്തിറക്കിയത്. കൊച്ചി രൂപതയിലെ പൂങ്കാവ് ഇടവകയില്‍ എല്ലാ നോമ്പുകാലത്തും പുതിയ കുരിശിന്റെ വഴി രചിക്കുന്ന പതിവുണ്ട്. 1958 മുതല്‍ 55 വര്‍ഷം ഈ പുണ്യസൃഷ്ടി നിര്‍വഹിച്ചത് ജോസ് പി. കട്ടിക്കാടായിരുന്നു.
ഇങ്ങനെ എഴുതപ്പെട്ട കുരിശിന്റെ വഴികളില്‍ നിന്നും ഒരെണ്ണം തെരഞ്ഞെടുത്തു റെക്കോര്‍ഡ് ചെയ്തപ്പോള്‍ അതിനു ധ്യാനചിന്തകളുടെയും പ്രാര്‍ഥനകളുടെയും അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ഫാ. ബോബി ജോസ് ആയിരുന്നു. ജോണ്സണ് മങ്ങഴ സംഗീതം നല്കിയ പതിനാറു ഗാനങ്ങളും ആലപിച്ചത് കെസ്റ്ററും സംഘവും. ജോസ് പി. കട്ടികാട് എന്ന കവിയുടെ ലളിതപദപ്രയോഗങ്ങള് ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അതിവൈകാരികമായും വിശുദ്ധമായും നമുക്കു മുന്നില്‍ തുറന്നു വരച്ചുകാട്ടുന്നുണ്ട്.
പ്രാരംഭഗാനം
കാലം നമിക്കുന്നകാല്വരിയില്
മാനസം നൊന്തു വരുന്നു നാഥാ
ഈ മിഴിനീരിലലിഞ്ഞിടാത്ത
പാപക്കറയേതു പാരിടത്തില്‍
പുതുതലമുറയ്ക്ക് ആത്മീയതയുടെ തുറവി നല്കുന്ന ചിന്തകനായ ഫാ. ബോബി ജോസ് എഴുതുന്ന പ്രാരംഭപ്രാര്ഥന വായിക്കാം.
‘നരജന്മത്തിന്റെ ഉള്ളടരുകളില്‍ എവിടെയോ ഒരു കുരിശു വിശ്വപ്രകൃതി അടയാളപ്പെടുത്തിയിട്ടുണ്ട്. ധ്യാനത്തിന്റെയും സ്നേഹത്തിന്റെയും സൂര്യവെളിച്ചത്തിലേക്കു കരം വിരിച്ചുപിടിച്ചു നില്ക്കുക. ചാഞ്ഞുവീഴുന്ന നിങ്ങളുടെ നിഴലില്‍ കുരിശുണ്ട് . ജീവനോടൊപ്പം കൊണ്ടുനടക്കുന്ന ചില സഹനാനുഭങ്ങളെ സ്നേഹം കൊണ്ടും വെട്ടം കൊണ്ടും അര്‍ത്ഥം കൊണ്ടും
പൊതിയുകയാണ് കുരിശിന്റെ വഴി പ്രാര്‍ഥനകളുടെ ധര്‍മം. സ്വന്തം സങ്കടങ്ങളെ അവന്റെ സങ്കടങ്ങളുമായി ചേര്‍ത്തു വായിക്കാന്‍ അതു നിങ്ങള്‍ക്കു ഒരു ഊഴം സമ്മാനിക്കുന്നു.
അമ്മയും മകനും വ്യാകുലയാത്രയില് കണ്ടുമുട്ടുന്ന രംഗമാണ് കുരിശിന്റെ വഴിയിലെ ഏറ്റവും വൈകാരികമായ നിമിഷമെന്നു ഏറെ എഴുതപ്പെട്ടിട്ടുണ്ട്.
നാലാം സ്ഥലത്തിനു വേണ്ടി നമ്മുടെ ‘അപ്പനും മകനും രചിച്ചതു താഴെ വായിക്കാം.
‘മുന്നമേ ശെമയോന് പറഞ്ഞ സത്യം
നേര്‍ക്കു നേരായവള് കണ്ടറിഞ്ഞു
ഏറെ നിശിതമാം വാള്‍മുനകള്‍
മാതാവിന് നെഞ്ചില്‍ തറഞ്ഞുകേറി
വഴിയോരങ്ങളിലൊന്നില് മറിയം തന്റെ പുത്രനെ കാത്തു നില്ക്കുന്നു. ശിമയോന്റെ വാക്കു പൂര്‍ത്തിയായേ തീരൂ. മറിയത്തിന്റെ നെഞ്ചു വ്യാകുലസമുദ്രമായി. എന്നിട്ടും അവള് അവനെ തടയുന്നില്ല. ലോകത്തിനു വേണ്ടി അര്‍പ്പിക്കപ്പെട്ട ബലിക്കുഞ്ഞാട്. തനിക്കവനെ തടയാന്‍ അവകാശമില്ലെന്ന് അവളറിഞ്ഞു. തന്റെ സാന്നിധ്യത്തിലൂടെ അവള് അവനു ശക്തി പകര്‍ന്നു. പറയുനാവാത്ത വ്യഥയില്‍ നടന്നു നീങ്ങുന്ന ദൈവപുത്രാ ദുരന്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അങ്ങേ മാതാവിന്റെ മനസ്സു ഞങ്ങള്‍ക്കു തരേണമേ. ദൈവഹിതങ്ങള്‍ എത്ര വേദന നിറഞ്ഞതാണെങ്കിലും അവയോടു അതേ എന്നു പറയുന്ന അവിടുത്തെ മാതാവിന്റെ മനസ്സ്. ഈ അനുഗ്രഹത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
പതിമൂന്നാം സ്ഥലത്തു വീണ്ടും അമ്മയുടെ ദുഃഖം ഇരുവരും കുറിച്ചിട്ടത് ഇങ്ങനെ:
‘നാടാകെ നന്മകള് ചെയ്തപുത്രന്
ജീവനില്ലാതെ മടിത്തടത്തില്‍
ആരോടീ സങ്കടം പങ്കുവയ്ക്കാന്‍
വ്യാകുലവാളുകള് എത്ര നെഞ്ഞില്‍ ‘
‘മറിയം ‘ – കണ്ണീര്പ്പാടങ്ങളിലൂടെ അലയാന്‍ വിധിക്കപെട്ട എല്ലാ അമ്മമാരുടെയും ആദ്യരൂപം. ദൈവത്തിന്റെ വെളിപാടുകളോട് അതേ എന്നു പറയുമ്പോള്‍ അവള് എല്ലാ നൊമ്പരങ്ങളോടും ആമേന്‍ പറയുകയായിരുന്നു. സംശയിക്കപ്പെടുന്ന ഉദരത്തിലെ കുഞ്ഞ്. എല്ലാ സത്രങ്ങളും കൊട്ടിയടക്കപ്പെടുന്ന തിരസ്കരണത്തിന്റെ രാവ്. ഒരു കുഞ്ഞു ജീവനെ സംരക്ഷിക്കാന്‍ അടിമത്തത്തിന്റെ നാട്ടിലേക്കു പലായനം. നെഞ്ചു പിളര്‍ക്കുന്ന വാളിനെക്കുറിച്ചു ശെമയോന്റെ പ്രവചനം. വര്‍ണങ്ങളുടെയും ആരവങ്ങളുടെയും ഉത്സവഭൂമിയില്‍ കൈവിട്ടുപോകുന്ന പുത്രന്. ജോസഫിന്റെ മരണം. വീടുവിട്ടിറങ്ങുന്ന മകന്. അവനെക്കുറിച്ചു കേള്‍ക്കുന്ന അശുഭകരമായ കാര്യങ്ങള്‍. നഗരങ്ങള്‍ അവനെ തിരസ്കരിക്കുന്നു. സിനഗോഗുകള്‍ അവനു വേണ്ടി കെണിയൊരുക്കുന്നു. രാത്രിയുറക്കത്തിനു വഞ്ചിയുടെ അമരങ്ങള്‍.
അത്താഴത്തിനു കവര്‍ന്നെടുത്ത കതിര്മണികള്. സുഖദുഃഖങ്ങള്‍ പങ്കിടാന്‍ ഒരു സഖി പോലുമില്ലാതെ പോകുന്നവന്. കുരിശിന്റെ വഴി. ഒടുവില്‍ തലയോടിടം. പിന്നെ പിയത്ത. ഓരോ അമ്മയ്ക്കും ഒരു സ്വപ്നമുണ്ട്. സ്വന്തം മകന്റെ മടിയില്‍ കിടന്നു മരിക്കണമെന്ന സ്വപ്നം. അതും നിഷേധിക്കപ്പെടുന്നു. ഒരു പാവം സ്ത്രീ. സുവിശേഷം അങ്ങനെ ഒരമ്മയുടെ കണ്ണീരില്‍ നിറഞ്ഞ അക്ഷരക്കൂട്ടമാകുന്നു. ഈ ‘അമ്മ പഠിപ്പിക്കുന്നത്, ഈ ‘അമ്മ മാത്രമല്ല എല്ലാ അമ്മമാരും പഠിപ്പിക്കുന്നത് സ്നേഹം വലിയൊരു നൊമ്പരമാണെന്നാണ്. സ്നേഹവാത്സല്യങ്ങളുടെ ഈ അടയാത്ത കോവിലില്‍ തല കുനിച്ചു മിഴിപൂട്ടി നില്ക്കുമ്പോള് കരഞ്ഞു പോകുന്നത് സ്വന്തം അമ്മയെ ഓര്‍ത്താണ്. എത്ര ജന്മം കൊണ്ട് ഈ കടങ്ങള്‍ വീട്ടാനാകും എന്ന വ്യഥ കൊണ്ടാണ്.’
ഈ അപ്പനും മകനും ചിന്തകളുടെ വേറിട്ടൊരു പാത നമുക്ക് മുന്നില്‍ തുറന്നിടുകയാണ്. നോമ്പുകാലത്തില്‍ നമുക്കും ചരിക്കാം, ഈ പാതയിലൂടെ.