വിദ്യാദാനമെന്ന സമര്പ്പിതജീവിതദൗത്യത്തില്, ഭവനദാനമെന്ന കാരുണ്യത്തിന്റെ ബോധനവിദ്യയിലേക്ക് സിസ്റ്റര്‍ ലിസി ചക്കാലക്കലിനെ വിളിച്ചുണര്‍ത്തിയത് നിരാലംബരായി അലമുറയിട്ടു നിലവിളിക്കുന്ന കുറെ കുട്ടികളുടെ നിസ്സഹായതയും ദൈന്യനൊമ്പരങ്ങളുമാണ്. ഒട്ടും സുരക്ഷിതമല്ലാത്ത, സ്വകാര്യതയും സമാധാനവുമില്ലാത്ത കൂരകളിലും ഒറ്റമുറി വാടകവീടുകളിലും കഴിയുന്ന കുട്ടികളുടെ കണ്ണുനീരിന്റെ നീറ്റലറിഞ്ഞ അധ്യാപികയായ ആ കന്യാസ്ത്രീ, സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയും മൗലികാവകാശവും എന്ന നിലയില്‍ വിദ്യാഭ്യാസത്തിനുള്ളത്രയും പ്രാധാന്യം സുരക്ഷിതമായ പാര്പ്പിടത്തിനുമുണ്ട് എന്ന ബോധ്യത്തില്‍ നിന്നു രൂപപ്പെടുത്തിയ മിഷന് പെഡഗോജിയാണ് ഒരു വ്യാഴവട്ടം കൊണ്ട് പശ്ചിമകൊച്ചിയില്‍ ‘ഹൗസ് ചലഞ്ച്’ എന്ന പേരില്‍ ഒട്ടേറെ നിര്‍ധന കുടുംബങ്ങള്‍ക്ക് ‘വീട്’ എന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള മാതൃകാപദ്ധതിയുടെ അടിത്തറയായ ഉള്‍പ്രേരണ.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കരുണാര്‍ദ്ര ശുശ്രൂഷയുടെ ദീപ്ത ദൃഷ്ടാന്തങ്ങളും ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് മേരി സമൂഹത്തിന്റെ സ്ഥാപിക വാഴ്ത്തപ്പെട്ട മേരി ഓഫ് ദ് പാഷന്റെ കാരിസവും പ്രവാചിക ധര്‍മ്മവും സാര്ഥകമാക്കുന്ന പ്രേഷിതദൗത്യത്തില്‍, സാമൂഹികനീതി, മാനവാന്തസ്സ്, മാനുഷികമൂല്യങ്ങള്‍ എന്നിവയുടെ സമൂര്‍ത്ത സാക്ഷ്യമെന്തെന്ന് വിദ്യാര്‍ഥി സമൂഹത്തെയും പൗരസമൂഹത്തെയും പഠിപ്പിക്കാനും സിസ്റ്റര്‍ ലിസി ചക്കാലക്കലിന് ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ കഴിഞ്ഞു. ജാതിമതവര്‍ഗ വേര്‍തിരിവില്ലാതെ, അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ സമ്മാനിക്കാന്‍ എല്ലാ വിഭാഗക്കാരുടെയും പിന്തുണ ഉറപ്പാക്കാനും അവിശ്വസനീയമായ വേഗത്തില്‍ പദ്ധതികള്‍ നടപ്പാക്കാനും സാധിക്കുന്നത് അതുകൊണ്ടുകൂടിയാണ്. ആഴ്ചയില്‍ ഒരു രൂപ വീതം ഭവനപദ്ധതിയിലേക്ക് സ്വരുക്കൂട്ടുന്ന കുട്ടികളും ജന്മദിനത്തിനും വിവാഹവാര്‍ഷികത്തിനും മറ്റുമുള്ള ആഘോഷച്ചെലവുകള്‍ ചുരുക്കി മുടങ്ങാതെ സംഭാനകള്‍ നല്‍കുന്നവരും നിര്‍മാണസാമഗ്രികള്‍ സ്പോണ്സര് ചെയ്യുന്നവരും തൊഴില്‍ദാനം ചെയ്യുന്നവരുമൊക്കെ ഈ സ്നേഹയജ്ഞത്തില് പങ്കുചേരുന്നു. അധ്യാപനത്തില്‍ നിന്ന് പടിയിറങ്ങുമ്പോഴും, സ്കൂളുകളെ സാമൂഹിക ജീവിതാവബോധത്തിന്റെ പഠനക്കളരികളാക്കി മാറ്റുന്നതിനെക്കുറിച്ചാവും സിസ്റ്റര്‍ ലിസിയുടെ ചിന്തകള്‍.
സ്കൂളിലെ തിരക്കിട്ട ജോലികള്‍ കഴിഞ്ഞാല്‍ സിസ്റ്റര്‍ നേരെ പോകുന്നത് ഒരു വീടു പണിയാനുളള സഹായം തേടി, അല്ലെങ്കില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടിലേക്കാകും. സഹാധ്യാപികയായ ലില്ലി പോളും ചേര്‍ന്നതോടെ വിജയത്തിന്റെ ഒരു കൂട്ടുകെട്ടു തന്നെ പിറന്നു. സാധാരണക്കാര്‍ക്ക് ഒരു വീടു പണിയുക എന്നതുതന്നെ വലിയ ബുദ്ധിമുട്ടായ ഇക്കാലത്ത് ഒരു വര്‍ഷത്തില്‍ 17 വീടുവരെ സിസ്റ്റര്‍ ലിസിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ചെലവ്, 500-600 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീടിന്. വൈപ്പിനില്‍ ഒരു കുടുംബം 72 സെന്റ് ഭൂമി സൗജന്യമായി നല്‍കിയതില്‍ 16 വീടുകള്‍, ആരക്കുന്നത്ത് ലഭിച്ച 20 സെന്റില്‍ ഏഴു വീടുകള്‍. പലയിടത്തും വീടുകള്‍ ഒരേസമയം ഉയരുകയാണ്. പട്ടിമറ്റത്ത് ഒരു ഏക്കറില്‍ ഭിന്നശേഷിക്കാര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. ഇരുന്നൂറാമത്തെ വീടിന്റെ പണിയും പൂര്‍ത്തിയാക്കി കൈമാറുമ്പോള്‍ തന്റെ പ്രേഷിത ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് സിസ്റ്റര്‍ ലിസി ചക്കാലക്കല്‍.
തൃശൂര്‍ ജില്ലയിലെ മാള മേലഡൂര് ഇടവകാംഗമാണ് സിസ്റ്റര്‍ ലിസി. മാളിയേക്കല്‍ ചക്കാലയ്ക്കല്‍ മത്തായി കുഞ്ഞുവറീത്-ത്രേസ്യാക്കുട്ടി ദമ്പതികളുടെ എട്ടു മക്കളില്‍ ആറാമത്തെ മകള്‍.
അര്‍പ്പിത ജീവിതത്തിത്തിന്റെ പ്രചോദനം
മക്കള്‍ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കണമെന്നത് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അമ്മയെ പ്രീതിപ്പെടുത്താന്‍ വേണ്ടി രാവിലെ ഞങ്ങളുടെ അടുത്തുള്ള ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ പോകും. പള്ളിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു വീട്ടുകാര്‍. സാവധാനം അത് ദൈവത്തിലേക്കുള്ള അടുപ്പമായി മാറി.
ചോദ്യവും ഉത്തരവും
എല്ലാ ദിവസവും പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ കുരിശുരൂപം നോക്കിയിരിക്കും. യുവാവായ യേശു ഇങ്ങനെ കുരിശില്‍ തറയ്ക്കപ്പെട്ട്, കാലും മുട്ടും ഒക്കെ പൊട്ടി രക്തം ചീന്തി നെഞ്ചില്‍ നിന്ന്
ചോര ഒഴുകി… വളരെ ദയനീയമായ യേശുവിന്റെ രൂപമാണ് കാണാന്‍ സാധിച്ചത്. വളരെ സുന്ദരനും സുമുഖനുമായ ഈ മനുഷ്യന് കുരിശില്‍ കിടന്ന് മരിച്ചതിനെകുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്, സ്വയം ചോദിക്കാറുമുണ്ട്. പള്ളിയില്‍ അച്ചന്മാരുടെ പ്രസംഗങ്ങള്‍ ഒന്നും ചെറുപ്രായത്തില്‍ മനസിലായിരുന്നില്ല. പക്ഷേ ചോദ്യത്തിന്റെ ഉത്തരം എനിക്കു കിട്ടി. നിന്നോടുള്ള സ്നേഹത്തെ പ്രതി ഞാന്‍ എന്റെ ജീവന് നല്കുന്നു എന്ന ഉത്തരം. ഉത്തരം മനസ്സിലായതോടെ ഹൃദയം വളരെയധികം അസ്വസ്ഥമായി. എനിക്കുവേണ്ടി എന്റെ ഈശോ തന്റെ ജീവന് നല്കിയിരിക്കുന്നു. ആ തിരിച്ചറിവ് എന്നില്‍ വല്ലാത്തൊരു ചലനമുണ്ടാക്കി. പിന്നെ എന്റെ ചോദ്യം, എനിക്കുവേണ്ടി നിന്റെ ജീവന് നല്കിയ അങ്ങേയ്ക്കു വേണ്ടി ഞാന്‍ എന്താ ചെയ്യുക എന്നതായിരുന്നു. നീ നിന്റെ ജീവന് എനിക്കു നല്കിയതുപോലെ എനിക്ക് ആകെയുള്ള എന്റെ ജീവിതം മറ്റുള്ളവര്‍ക്കു നല്കാന് വേണ്ടി നിനക്കു സമര്‍പ്പിക്കുന്നു എന്നു ഞാന്‍ തീരുമാനിച്ചു. ഇതിന്റെ വല്യ അര്‍ത്ഥങ്ങളൊന്നും അറിയില്ലെങ്കിലും, ഒരു തീരുമാനം പോലെ അന്നുണ്ടായി. എനിക്ക് എന്റേതായൊരു നിശ്ചയം ഉണ്ടായിരുന്നു എന്നത് ആര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ പുറമെ വലിയ ഭക്തിയോ മറ്റോ പ്രകടിപ്പിച്ചതുമില്ല. സാധാരണ സ്കൂളിലാണ് ഞാന്‍ പഠിച്ചത്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ എന്റെ തീരുമാനം – എനിക്ക് കോണ്‍വെന്റില്‍ ചേര്‍ന്ന് കന്യാസ്ത്രീ ആകണമെന്നത് വീട്ടില്‍ അറിയിച്ചു.
ഇത്ര ചെറുപ്പത്തിലേ, അതിനെക്കുറിച്ചുള്ള തിരിച്ചറിവ് ആയിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. പിന്നീട് പിഡിസി പഠിക്കാനായി പാരലല്‍ കോളജില്‍ ചേര്‍ത്തു. എനിക്ക് പഠിക്കണ്ട, കോണ്‍വെന്റില്‍ പോയാല്‍ മതി എന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍, അപ്പന് പറഞ്ഞു: എന്റെ മോള് പഠിക്കണ്ട, രണ്ടുവര്‍ഷം അവിടെ വെറുതെ പാരലല്‍ കോളജില്‍ പോയിരുന്നാല്‍ മതി! അങ്ങനെ ഞാന്‍ രണ്ടു വര്‍ഷം കളിച്ചുചിരിച്ചു നടന്നു. പിഡിസിക്കാലത്ത്, ഞങ്ങളുടെ പള്ളിയില്‍ രണ്ടു സിസ്റ്റര്മാര് വൊക്കേഷന്‍ പ്രമോഷന് വന്നു. ഞാന്‍ എന്റെ അഡ്രസ്സ് കൊടുത്തു. പ്ലസ്ടു തോറ്റുകഴിഞ്ഞാല്‍ കോണ്‍വെന്റില്‍ എടുക്കുമോ എന്ന് കത്ത് എഴുതി ചോദിക്കുകയും ചെയ്തു. ചേര്‍ക്കാമല്ലോ എന്ന് മറുപടിയും കിട്ടി. ജയിച്ചാല്‍ വീട്ടില്‍ നിന്ന് കോണ്‍വെന്റില്‍ ചേരാന്‍ വിടില്ല. അതിനാല്‍, ജയിക്കാനായി പഠിച്ചില്ല. എന്റെ പരീക്ഷ കഴിഞ്ഞപ്പോള്‍ ആ സിസ്റ്റര്മാര് പാലക്കാടു നിന്നു വീണ്ടും വന്നു. അവരുടെ കൂടെ പോകണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വീട്ടില്‍ വലിയ അതിശയമായി. എന്റെ മനസുമാറിയെന്നാണ് അവര്‍ കരുതിയിരുന്നത്. പാലക്കാട് കോണ്‍വെന്റിനെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത സാഹചര്യത്തില്‍ തത്കാലം മറ്റേതെങ്കിലും കോണ്‍വെന്റിന്റെ കാര്യം നോക്കാം എന്നായി വീട്ടുകാര്‍.
ഫ്രാന്‍സിസ്കന്‍ ജീവിതത്തിലേക്ക്
അമ്മയുടെ ക്ലാസ്മേറ്റ് കോയമ്പത്തൂരിലെ എഫ്.എം.എം. (ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് മേരി) കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്നു. ആ സിസ്റ്ററെ വിളിച്ചു. എനിക്കായി വൊക്കേഷന്‍ പ്രൊമോട്ടറെ ഏര്‍പ്പെടുത്തി. വീട്ടില്‍ വന്ന് കാര്യങ്ങള്‍ വിശദമായി പറഞ്ഞുമനസ്സിലാക്കി അവര്‍ എന്നെ ഒരു ക്യാമ്പില്‍ പങ്കെടുപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. എന്റെ മനസ്സില്‍ ഞാനാഗ്രഹിച്ചവണ്ണം, എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈശോയ്ക്കു വേണ്ടി പ്രേഷിതദൗത്യം ചെയ്യാന്‍ പറ്റിയ സഭയാണിതെന്ന് മനസ്സിലായി. മിഷണറിമാരെപ്പറ്റി അന്നെനിക്ക് വലിയ പിടിപാടില്ലായിരുന്നു. എന്റെ ട്യൂഷന് ക്ലാസ്സില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ ചേച്ചി ആഗോള കത്തോലിക്ക സഭയുടെ ഒരു കോണ്‍വെന്റിലായിരുന്നു. മിഷണറി സമൂഹത്തില്‍ ചേര്‍ന്നാല്‍ ലോകമെമ്പാടും പോകാമെന്നും അവിടങ്ങളിലൊക്കെ പോയി സുവിശേഷവേല ചെയ്യാമെന്നും, പ്രാദേശിക സഭയിലാണെങ്കില്‍ കേരളത്തില്‍ മാത്രമേ സാധ്യതയുള്ളൂവെന്നും മനസിലായി. എഫ്എംഎം സഭയിലെ സ്പിരിച്വാലിറ്റിയും മറ്റും ഷെയര്‍ ചെയ്യുതു കേട്ടപ്പോള്‍ എനിക്ക് ഉറപ്പായി: എനിക്കു വേണ്ടത് ഇതുതന്നെയാണ്. ആ സഭയില്‍ ചേരാനും പ്രവര്‍ത്തിക്കാനും സ്നേഹിക്കാനും എഫ്.എം.എം സഭയുടെ ഭാഗമാകാനും സാധിച്ചു. കോളജ് പഠനം കഴിഞ്ഞ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോയമ്പത്തൂരായിരുന്നു ഫോര്മേഷന്. അതുകഴിഞ്ഞ് ബാംഗളൂരില്‍ ഒരു വര്‍ഷം. ആന്ധ്രയില്‍ ആയിരുന്നു പ്രീ-നൊവിഷ്യേറ്റ്. പിന്നെ വാരണാസിയില്‍ രണ്ടു വര്‍ഷം നൊവിഷ്യേറ്റ്.
ആഗ്രഹിച്ചതും ദൈവം നടത്തിയതും
ഉത്തരേന്ത്യയില്‍ ഏറ്റവും പാവപ്പെട്ടവരുടെ നാട്ടില്‍ മിഷണറിയായി പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം.
ഞങ്ങളുടെ ബാംഗ്ലൂര്‍ പ്രൊവിന്‍സ് കേരളവും കര്‍ണാടകയും ചേര്‍ന്നതായിരുന്നു. ബാംഗളൂരില്‍ ചെന്നപ്പോള്‍ മേലധികാരികള്‍ കേരളത്തിലേക്ക് വിട്ടു. കേരളത്തില്‍ ബിഎഡ് എടുപ്പിച്ചു. എനിക്ക് ശരിക്കു പറഞ്ഞാല്‍ സാമൂഹ്യപ്രവര്‍ത്തക ആകണമെന്നായിരുന്നു ആഗ്രഹം.
അധ്യാപനവും സാമൂഹ്യപ്രവര്‍ത്തനവും
എന്റെ മേലധികാരികള്‍ പറഞ്ഞു, എല്ലാവരും സോഷ്യല്‍ വര്‍ക്കിനു പോയാല്‍ പറ്റില്ല, വിദ്യാഭ്യാസമേഖലയിലും ആളെ ആവശ്യമുണ്ട്. അങ്ങനെ മേലധികാരികള്‍ പറഞ്ഞതനുസരിച്ച്, വിദ്യാഭ്യാസമേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുറച്ച് ഒരു അധ്യാപികയായി മാറി. തിരുവനന്തപുരം അതിരൂപതയിലെ ലൂര്‍ദ്ദ്പുരം സെന്റ് ഹെലന്‍സ് സ്കൂളിലാണ് ആദ്യമായി ചുമതലയേറ്റത്. ഏറ്റവും പാവപ്പെട്ടവരുടെ ഇടയില്‍ പോയി ശബ്ദമില്ലാത്തവര്‍ക്കു വേണ്ടി സംസാരിക്കുകയാണ് സോഷ്യല്‍ വര്‍ക്ക്. അത്തരമൊരു പ്രവാചകദൗത്യം ആയിരുന്നു എന്റെ മനസില്‍. ലൂര്‍ദ്ദ്പുരം സ്കൂളില്‍ ചെന്നപ്പോള്‍ എനിക്കു മനസ്സിലായി, തീരദേശമേഖലയിലുള്ള കുട്ടികളാണ് അവിടെ പഠിക്കാന്‍ വന്നിരുന്നത്. വളരെ പിന്നാക്കം നില്ക്കുന്ന പ്രദേശം. അധ്യാപനം കഴിഞ്ഞുള്ള സമയങ്ങളില്‍ ഈ കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ഇടവകയില്‍ ബിസിസി എന്ന അടിസ്ഥാന ക്രൈസ്തവ സമൂഹ കൂട്ടായ്മ വളരെ ആക്ടീവായിരുന്നു. ബിസിസിയില്‍ എനിക്ക് ആനിമേറ്ററായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതിലൂടെയും വീടുകള്‍ സന്ദര്‍ശിക്കാനും ജനജീവിതം കൂടുതലറിയാനും കഴിഞ്ഞു. ക്ലാസ്റൂമില്‍ ഒതുങ്ങിനില്ക്കുന്ന അധ്യാപിക എന്നതിനപ്പുറം, ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കുന്ന പ്രേഷിതപ്രവര്ത്തകയാകാനും അങ്ങനെ സാധിച്ചു. തീരദേശജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കിയതോടെ, കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തനം നടത്താന്‍ ഞാന്‍ ശ്രമിച്ചു.
ഭവനനിര്‍മാണം എന്ന ആശയം
കൊച്ചി തോപ്പുംപടി ഔവ്വര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ഡറിയിലായിരുന്നു അടുത്ത നിയോഗം. ക്ലാസുകള്‍ കഴിഞ്ഞ് ഞാന്‍ ചെല്ലാനത്തുള്ള കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി. അവിടെ ചുറ്റുപാടുകള്‍ വളരെ മോശമായിരുന്നു. ചോര്‍ച്ചയുള്ള വീടുകള്‍, സൗകര്യങ്ങള്‍ തീരെ ഇല്ല. പ്ലാസ്റ്റിക് ഷീറ്റൊക്കെ ഉപയോഗിച്ചാണ് പലരും മഴയെ പ്രതിരോധിച്ചിരുന്നത്. ചില വീടുകളില്‍ ഗൃഹനാഥന്മാരുടെ മദ്യപാനം ഒരു പ്രശ്നമായിരുന്നു. അത്തരം വീടുകളില്‍ കുട്ടികളും അമ്മമാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാമല്ലോ. അത്തരം വീടുകളിലെ കുട്ടികള്‍ക്കു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിനല്കിയതിനുശേഷം അവരെ വിദ്യാസമ്പന്നരാക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി. അതിനുള്ള ചെറിയ ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരം വന്നു. കുട്ടികളുടെ ദയനീയ മുഖമായിരുന്നു എന്റെ മനസ്സില്‍. ഈ ആഘോഷത്തിന്റെ ഒരു അടയാളമായി, എന്നും ഓര്‍മിക്കത്തക്ക രീതിയില്‍ ഒരു കുട്ടിക്ക് വീടു നിര്‍മ്മിച്ചുകൊടുക്കാം എന്നു ഞാന്‍ നിര്‍ദേശിച്ചു. ഇക്കാര്യം മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ലേശം ബുദ്ധിമുട്ടുണ്ടായെങ്കിലും ഒടുവില്‍ പിടിഎയും മാനേജ്മെന്റും സമ്മതിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്ന ഒട്ടേറെ കുട്ടികള്‍ ഉള്ള സ്കൂളില്‍ നിന്ന് ഒരു കുട്ടിയെ എങ്ങനെ തിരഞ്ഞെടുക്കും എന്നതായിരുന്നു അടുത്ത ചിന്ത.
ആദ്യ വീട് നിര്‍മിച്ച സാഹചര്യം
ആയിടെ എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അച്ഛന് മരിച്ചു. അവരുടെ വീട് ഒറ്റമുറിയുള്ള ഒന്നായിരുന്നു. മഴക്കാലമായിരുന്നു അത്. ചോര്‍ച്ച മാറ്റുന്നതിന് വീടിന്റെ മുകളില്‍ കയറിയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വീട്ടില്‍ മൃതദേഹം കിടത്താനുള്ള സാഹചര്യം പോലുമില്ലാഞ്ഞിട്ട് അവിടുത്ത പറമ്പിലാണ് കിടത്തിയത്. മരിച്ചയാള്‍ കല്‍പ്പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ക്കൊക്കെ വളരെ സങ്കടമായി. എല്ലാവരും വലിയ കരച്ചിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അവിടെ ചെന്ന് കാര്യങ്ങളൊക്കെ തിരക്കിയപ്പോള്‍, അവര്‍ക്ക് സ്വന്തമായി കുറച്ചു സ്ഥലമുണ്ടെന്നു മനസിലായി. ഞാനവരോടു പറഞ്ഞു, മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വീടിന് കല്ലിടല്‍ ചടങ്ങിന് റെഡിയായിക്കോ എന്ന്. ആ സമയത്ത് എന്റെ മനസില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. അതെങ്ങനെ സാധിക്കുമെന്നു പോലും വ്യക്തമായ രൂപമുണ്ടായിരുന്നില്ല. പക്ഷേ, യേശു എന്റെ മനസില്‍ അങ്ങനെ തോന്നിപ്പിച്ചു. 30 ദിവസം കഴിഞ്ഞ് കല്ലിടണമെന്ന് പറഞ്ഞുപോന്നു. അന്നു ഞങ്ങളുടെ ചാപ്പലില്‍ ജോണി അച്ചനാണ് ശുശ്രൂഷ ചെയ്തിരുന്നത്. നമുക്കിങ്ങനെ ഒരു കാര്യം ചെയ്യാനുണ്ട്, എന്തെങ്കിലും സഹായം ചെയ്യണമെന്ന് അച്ചനോട് പറഞ്ഞപ്പോള്‍ പിന്നെ ആലോചിക്കാമെന്നായിരുന്നു പ്രതികരണം. അച്ചനെ ബോധ്യപ്പെടുത്തിയപ്പോള്‍, 25,000 രൂപ കടമായി തന്നു. അതു വച്ച് കാര്യങ്ങള്‍ ചെയ്തു തുടങ്ങാമെന്നു ധാരണയായി. മദര്‍ സൂപ്പീരിയര്‍ അപ്പോള്‍ കൂടെ ഉണ്ടായിരുന്നു. കമ്യൂണിറ്റിയുടെ പിന്തുണ ലഭിക്കാനും അതു പ്രേരണയായി. മദറും 25,000 രൂപ തന്നു. അങ്ങനെ 50,000 രൂപ കിട്ടി. മരിച്ചുപോയ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന്റെ സ്നേഹിതരും സന്നദ്ധരായി. മറ്റു സിസ്റ്റേഴ്സിനോടൊപ്പം വീടുകളും കടകളും കയറിയിറങ്ങി സഹായം അഭ്യര്‍ഥിച്ചു. ശരിക്കുമൊരു ഭിക്ഷതെണ്ടലായിരുന്നു അത്. പലരും കയ്യയച്ച് സഹായിച്ചു. 2012-ലെ ഹൗസ് ചലഞ്ചില്‍ നാലു മാസംകൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 25,000 രൂപ മിച്ചം ഉണ്ടായിരുന്നു. ഒരു വീടു കൂടി നിര്‍മിക്കാമെന്ന ചിന്തയായി. വീണ്ടും സഹായമഭ്യര്ഥിച്ചിറങ്ങി. മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്ത് ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണമുണ്ടായി. പൂര്വ്വവിദ്യാര്ഥികളും നാട്ടുകാരും ഈ സംരംഭം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു.
ഭവനനിര്‍മാണ അനുഭവങ്ങള്‍
സഹായം അഭ്യര്‍ഥിക്കാനായി പലപ്പോഴും ഒറ്റയ്ക്കു പോകേണ്ടിവരുമ്പോള്‍ തുണയായിട്ടുള്ളത് ജപമാലയാണ്. ജപമാലയേന്തി പ്രാര്‍ഥിക്കുമ്പോള്‍ മാതാവിന്റെ മാധ്യസ്ഥ്യം അനുഭവിക്കാന്‍ ഇടയായിട്ടുണ്ട്. ഞങ്ങളുടെ ഇടവക അദ്ഭുത മാതാവിന്റെ ദേവാലയമാണ്. മാതാവിന്റെ ഒരുപാട് അദ്ഭുതങ്ങള്‍ എന്റെ അനുഭവമാണ്. മാതാവ് എന്നും എനിക്ക് തുണയും സംരക്ഷകയുമാണ്. ഞാന്‍ മാതാവിനോട് എന്തു പറഞ്ഞാലും ഈശോ എനിക്കത് നടത്തിതരും എന്ന വിശ്വാസമുണ്ട്. അധികം താമസിയാതെ എനിക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടായി. ലില്ലിപോള്‍ ടീച്ചറെ പോലുള്ള സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ – വലിയ മരുഭൂമിയിലെ തണലുപോലെ ആയിരുന്നു അവരുടെ സൗഹൃദങ്ങള്‍. ഒരിക്കലും മറക്കാന്‍ കഴിയില്ല. ലോകമേ തറവാട് – അതാണ് ഞങ്ങളുടെ സഭാതത്വം. ആഗോള കത്തോലിക്ക സഭാ മിഷണറിമാരാവുമ്പോള് ഈ മനോഭാവത്തോടെയാണ് നമ്മള് നമ്മുടെ പ്രേഷിതരംഗത്തെ സമീപിക്കേണ്ടത്. സര്‍വ്വചരാചരങ്ങളിലും, സര്‍വ്വപ്രപഞ്ചങ്ങളിലും കുടികൊള്ളുന്ന ദൈവത്തെ ദര്‍ശിക്കുക. അപ്പോള്‍ ജാതിയോ മതമോ ബന്ധനങ്ങളോ ഒന്നുമില്ല. അതിരുകളില്ലാത്ത, മതിലുകളില്ലാത്ത സ്നേഹബന്ധവും, പ്രേഷിതദൗത്യം ചെയ്യാനായിട്ടുള്ള മനസുമുണ്ടാകും. ഞാനെല്ലാവരുടേയും, നമുക്ക് എല്ലാവരും എന്നൊരു തോന്നല്‍ ഉണ്ടാകും. അതുകൊണ്ട് എനിക്ക് ആരുടെ മുമ്പിലും കൈനീട്ടാനോ, ആരോടും ചോദിക്കാനോ, ആരിലൂടെ ഇടപെട്ടിട്ട് ഒരു കാര്യം മറ്റുള്ളവര്‍ക്കുവേണ്ടി നടത്തികൊടുക്കാനോ ഒന്നും ഒരു മടിയുമില്ല. സാഹോദര്യമനോഭാവം സന്തോഷങ്ങള്ക്കിടയാക്കും. ഒരു നന്മ ചെയ്യാനിറങ്ങുമ്പോള്‍, ഒരുപാട് നല്ല മനുഷ്യര്‍ നമ്മുടെ ചുറ്റുമുണ്ട്. മാരകരോഗം ബാധിച്ച രോഗികള്‍ പലരും, അവര്‍ക്ക് ഒരു വീട് ലഭിച്ചാല്‍ ആ സന്തോഷം പങ്കുവച്ച് കുറെക്കാലം കൂടി ജീവിക്കുന്നു. മദ്യപാനത്തിന് അടിമകളായിരുന്ന ചിലരെ ബോധവത്കരിച്ച് അവരെ കുറെയൊക്കെ മാറ്റിയെടുക്കാനും കുടുംബം സംരക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കാനും ഭവനപദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. വീട് എന്നാല്‍ കല്ലും മണ്ണും മാത്രമല്ല, അതില്‍ സ്നേഹവും സൗഹാര്‍ദവും ജീവിതവുമൊക്കെയുണ്ട് എന്ന ബോധ്യമാണ് ഏറ്റവും വലുത്. അതാണ് ദൈവത്തിന്റെ സംരക്ഷണം. മനുഷ്യന്റെ ഭാരങ്ങള്‍ ലഘൂകരിക്കുമ്പോള്‍ തന്നെ അവരുടെ അസുഖങ്ങള്‍ മാറുന്നു, പ്രശ്നങ്ങള്‍ മാറുന്നു. അപ്പോള്‍ പരമപ്രധാനം, ഫ്രാന്‍സിസ് പാപ്പാ പറയുന്നതുപോലെ ഒരു കുടുംബത്തിന് ഒരു വീടാണ് ഏറ്റവും ആവശ്യം. അതു നല്കിയിട്ടുവേണം ബാക്കി കാര്യങ്ങള്‍ നോക്കാന്‍. കുടുംബമാണെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി കിടക്കാനൊരു ഭവനം വേണം. അത് ഏറ്റവും അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്.
പ്രഭാഷണങ്ങള്‍ മാത്രം പോരാ
പ്രസംഗത്തോടൊപ്പം പ്രവര്‍ത്തനം കൂടി വേണം. പ്രാര്‍ഥനകളും വലിയ ധ്യാനങ്ങളും നടത്തുന്നത് നല്ല കാര്യമാണ്. മനുഷ്യന് ആന്തരികമായ മാറ്റങ്ങള്‍ ഉണ്ടാകാനും ദൈവത്തോട് അടുക്കാനും ഇതെല്ലാം ഇടവരുത്തും. പക്ഷേ, ഇതെല്ലാം കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ സമാധാനമായി അന്തിയുറങ്ങാന്‍ കഴിയുമോ? പ്രാര്‍ഥന സമയത്ത് ബൈബിള്‍ വായിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയുണ്ടായാലോ? അത്തരം എത്രയോ വീടുകള്‍ ഞാന്‍ കണ്ടിരിക്കുന്നു. നമ്മള് വലിയ ദേവാലയങ്ങള്‍ പണിതുതീര്ക്കുമ്പോള് അവിടേക്ക് കടന്നുവരുന്ന വിശ്വാസികള്‍ക്ക് ഒരു വീട് നല്‍കാനായി നമ്മുടെ സഭ ഉണര്‍ന്നാലേ ഇന്ന് നമ്മുടെ ജനങ്ങള്‍ക്ക് നല്ലതു വരികയുള്ളൂ. നമ്മുടെ ചുറ്റുപാടില്‍, നമ്മുടെ ഇടവകയില്‍ തീരെ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ അവരെ ഏറ്റെടുത്തുകൊണ്ട് ആ ഒരു പരിത്യാഗം സഭയിലൂടെ പ്രകടിപ്പിക്കുമ്പോള്‍ അവിടെയും മനുഷ്യരിലും ഉണര്‍വുണ്ടാകും. ഒരുപാട് വ്യത്യാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. വെറുമൊരു കന്യാസ്ത്രീയായി സമൂഹം കണക്കാക്കുന്ന എനിക്ക് ഇത്രയും സാധിച്ചെങ്കില്‍, നമ്മള് ഒരു കൂട്ടായ്മയായി നിന്നാല്‍ ഈ ലോകം മാറ്റിമറിക്കാന്‍ നമുക്കു സാധിക്കില്ലേ! കുറച്ചുകൂടി ആ പ്രേഷിതദൗത്യത്തിലേക്ക് കടക്കണം. പ്രഭാഷണത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനത്തിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ അവസരം നല്‍കണം. ക്രൈസ്തവ കൂട്ടായ്മയുടെ അടിസ്ഥാനമായ ബിസിസികളെ ഇതിനായി നന്നായി ഉപയോഗിക്കാന്‍ കഴിയും. ഉള്ളവന് ഇല്ലാത്തവനു കൊടുക്കാന്‍ മനസുകാണിക്കുകയേ വേണ്ടൂ. അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. അതു സാധിച്ചാല്‍ ഇത്രയും ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ നമ്മുടെ ഇടയില്‍ കാണില്ല.
അധ്യാപന ജോലിയില്‍ നിന്നു വിരമിക്കുമ്പോള്‍
കുട്ടികളെ പഠിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍, എവിടെക്കാണോ അവരെ നയിക്കുന്നത്, ഏതു മേച്ചില്‍പുറത്തേക്കാണ് അവരെ കൊണ്ടുപോകുന്നത്, അവര്‍ക്ക് സുരക്ഷിതത്വം ഉള്ളത് എവിടെയാണ്, അവരെ സംരക്ഷിക്കാനും അവര്‍ക്കു കൂടുതല്‍ അറിവും സ്വയംപര്യാപ്തതയ്ക്കുള്ള കഴിവും എവിടെ ലഭിക്കും തുടങ്ങിയ ചോദ്യങ്ങള്‍ ഒരു അധ്യാപകനില്‍ ഉണ്ടാകണമെന്നാണ് എന്റെ ബോധ്യം. അതൊരു ഇടയവേലയാണ്. നമ്മള് നല്ല ഇടയന്മാരായിരുന്നാലേ നമ്മുടെ ആടുകളെ സംരക്ഷിക്കാന്‍ സാധിക്കൂ. ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ നാളെ എന്നെക്കാള്‍ നല്ല ഇടയന്മാരായി മാറണമെന്ന ലക്ഷ്യമാണ് വേണ്ടത്. നഷ്ടപ്പെട്ട ആടുകളെ വീണ്ടെടുക്കാനായി ഈശോ എപ്പോഴും തിരഞ്ഞുപോകാറുണ്ട്. നല്ലയിടയന്റെ ഒരു സ്വഭാവമാണത്. രോഗിക്കു വേണ്ടിയാണ് ഡോക്ടര്‍. രോഗമില്ലാത്തവര്ക്കല്ല വൈദ്യനെകൊണ്ട് ആവശ്യം എന്ന് പറഞ്ഞപോലെ, നന്നായി പഠിക്കുകയും നല്ല സ്വഭാവമുള്ളവരായിരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കല്ല ഒരു അധ്യാപകനെ കൊണ്ട് ഏറെ ആവശ്യം. ജീവിതത്തില്‍ ഒരു ലക്ഷ്യവുമില്ലാതെ, നാളെ എന്തായിത്തീരുമെന്ന കഠിനവ്യഥയില്‍ ഉരുകുന്ന കുട്ടികളെയാണ് പ്രത്യേകമായി ഒരു അധ്യാപകന് ശ്രദ്ധിക്കേണ്ടത്. അവന്റെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കാതെ വിമര്‍ശിക്കരുത്.
ഞാനെന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, പ്രേഷിത രംഗത്ത് നിന്ന് ഔദ്യോഗികമായി റിട്ടയറാവുകയാണല്ലോ. എന്റെ ജീവിതത്തില്‍ അധ്യാപനം കരുണയുടെ അരുവിയാക്കി ദൈവം മാറ്റി. ആ അരുവി ഒഴുകുന്നിടത്ത് പച്ചപ്പ് ഉണ്ട്. എന്റെ ഈശോ കരുണയുടെ അരുവിയായി എന്റെ പ്രേഷിതജീവിതത്തെ മാറ്റി.
ഞാനും സുഹൃത്തുക്കളും എല്ലാവരുടെയും സഹായസഹകരണത്തോടെയാണ് വീടുകള്‍ പണിതിട്ടുള്ളത്. ഞാനതില്‍ മുന്‍കൈ എടുത്തിട്ടുണ്ടാകാം. പക്ഷേ എല്ലാവരുടെയും സഹായത്തോടെ, യേശുവിന്റെ കൃപയോടെ, മാതാവിന്റെ മാധ്യസ്ഥത്തോടെ മാത്രമേ എനിക്കതു ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഞങ്ങള്‍ പണിതു നല്കുന്ന 200-ാമത്തെ വീടിന്റെ അവസാനമിനുക്കുപണിയില്‍ ആണ്. ഉടന്‍ പൂര്‍ത്തിയാക്കി താക്കോല്‍ ഏല്പ്പിക്കാനിരിക്കുന്നു. ഒരു ഏക്കര്‍ സ്ഥലം കിട്ടിയതില്‍ ഭിന്നശേഷിക്കാരായിട്ടുള്ളവര്ക്ക് വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മേലധികാരികള്‍ പറയുന്നതുപോലെ, ഈശോയിലൂടെ എന്റെ പ്രേഷിതദൗത്യം എന്തായാലും അതു തുടരാനാകുമെന്നു പ്രതീക്ഷിക്കുന്നു.