ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 16-ാം ദിവസവും പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു , ഖനൗരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍ഷക സമരം.
ദില്ലി ചലോ മാര്‍ച്ച് തുടരുന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. വിളകളുടെ താങ്ങ് വിലയടക്കമുള്ള വിഷയങ്ങളില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഖനൂരി അതിർത്തിയിൽ, പ്രക്ഷോഭത്തിന്റെ 15-ാം ദിവസത്തിൽ 50 വയസുള്ള മറ്റൊരു കർഷകൻ കൂടി മരണത്തിന് കീഴടങ്ങി. പട്യാലയിലെ റാണോ നിവാസിയായ കർണയിൽ സിങ്ങാണ് മരിച്ചത്. സമരത്തിലായിരുന്ന 50 കാരന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കര്‍ണയില്‍ സിങ് മരിച്ചത്.
സമരത്തില്‍ കർഷകരും പൊലീസുകാരും അടക്കം 8 പേരാണ് ഇതുവരെ മരിച്ചത്. ഗ്യാൻ സിങ് (65), മഞ്ജിത് സിങ് (72), ശുഭ്കരണ്‍ സിങ് (21), ദർശൻ സിങ് (62), കർണയിൽ സിംഗ് (50) എന്നിവരെ കൂടാതെ, എസ്ഐ ഹിരാലാൽ (58), എസ്ഐ കൗശൽ കുമാർ (56), എസ്ഐ വിജയ് കുമാർ (40) എന്നിവര്‍ക്കും ജീവഹാനിയുണ്ടായി.