ന്യൂഡൽഹി : കർഷക സമരത്തിനിടെ യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. നീതി ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കർഷക സംഘടനകളുടെ അറിയിച്ചത് .ഖനൗരി അതിർത്തിയിലെ പ്രതിഷേധത്തിനിടെയാണ് കഴുത്തിന് പിന്നിൽ വെടിയേറ്റ് യുവ കർഷകൻ കൊല്ലപ്പെട്ടത്.
ബട്ടിൻഡയിലെ ബെല്ലോയിൽ നിന്നുള്ള യുവ കർഷകൻ ശുഭകരൻ സിങ്ങാണ് (21) മരിച്ചത്. കർഷകന്റെ മരണത്തിൽ ഇന്നലെ (ഫെബ്രുവരി 23) കരിദിനമായി ആചരിച്ചിരുന്നു. സംയുക്ത കിസാൻ മോർച്ചയാണ് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. ഹരിയാന പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കർഷകർക്ക് നേരെ വെടിയുതിർത്ത ഹരിയാന പൊലീസിനും അർധസൈനിക വിഭാഗത്തിനുമെതിരെ നടപടി വേണമെന്നും കർഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു.
മരിച്ച ശുഭ്കരൻ സിങ്ങിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കർഷക മാർച്ച് പുനരാരംഭിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 29 വരെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തുടരുമെന്നും കർഷകർ അറിയിച്ചു.