ന്യൂഡൽഹി : നാളെ രാവിലെ 11 ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കുമെന്ന് കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവാൻ സിംഗ് പന്ദർ . ഒന്നുകിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. അല്ലെങ്കിൽ ബാരിക്കേഡുകൾ നീക്കി ഡൽഹിയിലേക്ക് മാർച്ച് നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചു.
‘ഒരു കാരണവശാലും ഞങ്ങളെ ഡൽഹിയിൽ പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകരുമായി ചർച്ച നടത്തി പരിഹാരം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങളെ അനുവദിക്കണം. ഞങ്ങൾ ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിക്കുമ്പോൾ ഷെല്ലാക്രമണം നടത്തുന്നു. ട്രാക്ടറുകളുടെ ടയറുകളിലേക്ക് വെടിയുതിർക്കുന്നു. കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കില്ലെന്നാണ് ഹരിയാന ഡിജിപി പറഞ്ഞത്.
എങ്കിൽ അത് ഉപയോഗിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഹരിയാനയിലെ സ്ഥിതി കശ്മീരിലെ പോലെയാണ്. ഞങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാരായിരിക്കും’- കർഷക നേതാവ് സർവാൻ സിംഗ് പറഞ്ഞു.
കേന്ദ്രവുമായി ഇന്നലെ കർഷകർ നാലാം ഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച പരാജയപ്പെട്ടുവെന്നും കാർഷിക വിരുദ്ധ നയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരുമെന്നും സംഘടനകൾ അറിയിച്ചു. പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ എംഎസ്പി നിരക്കിൽ വാങ്ങാനുള്ള സർക്കാർ നിർദേശം തള്ളിക്കളയുന്നു.
ബാക്കിയുള്ള വിളകളെ എംഎസ്പിയുടെ പരിധിയിൽ നിന്ന് മാറ്റി നിർത്തുന്നത് ഉചിതമല്ലെന്നും കർഷകർ അറിയിച്ചു. സ്വാമിനാഥൻ കമ്മിഷന് ശുപാർശ ചെയ്യുന്ന എംഎസ്പിയുടെ ‘സി-2 പ്ലസ് 50 ശതമാനം’ എന്ന ഫോർമുലയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.