ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. രാജസ്ഥാനിൽ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സോണിയ ഗാന്ധി ഇന്നു തന്നെ നാമ നിർദേശ പത്രിക സമർപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. പത്രികാ സമർപ്പണത്തിനു വേണ്ടി സോണിയ ജയ്പുരിലേക്കു തിരിച്ചു. കഴിഞ്ഞ 25 വർഷമായി സോണിയ ലോക്സഭയിൽ അംഗമാണ്.
ബിഹാർ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിഹാറിൽ അഖിലേഷ് പ്രസാദ് സിംഗ്, ഹിമാചൽ പ്രദേശിൽ അഭിഷേക് മനു സിംഗ്വി, മഹാരാഷ്ട്രയിൽ ചന്ദ്രകാന്ത് ഹാർഡോൺ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ഇവരും ഉടൻ പത്രിക സമർപ്പിക്കും.