വിജയപുരം: ദൈവസ്നേഹത്തിന്റെ കരുത്തും കരുതലുമായി മോണ്‍. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി സ്ഥാനമേറ്റു. വിമലഗിരി കത്തീഡ്രലില്‍ സംഘടിപ്പിച്ച തിരുകര്‍മങ്ങളില്‍ വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. അവതാരകനും വിജയപുരം രൂപത പിആര്‍ഒയുമായ ഹെന്റി പുതിയ വിജയപുരം രൂപതയുടെ ചരിത്രവും വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രവും നിയുക്ത മെത്രാന്റെ ചെറുവിവരണവും നല്കി. അതിന്റെ തമിഴ് വിവരണവും ഉണ്ടായിരുന്നു. കത്തീഡ്രലിന്റെ മുഖ്യ കവാടത്തില്‍ വിജയപുരം മെത്രാന് ഡോ. സെബാസ്റ്റിയന് തെക്കത്തച്ചേരിലിനോടൊപ്പം എത്തിയ മോണ്‍. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ അവിടെ സ്വീകരിക്കാന്‍ എത്തിയിരുന്ന സഭാ മേലധികാരികളേയും ജനങ്ങളേയും കൈകൂപ്പി വന്ദിച്ചു. അണയാം ഒന്നായി അണയാം എന്ന ഗാനമപ്പോള് ഗായകസംഘം ആലപിച്ചു.
ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ ആമുഖം പറഞ്ഞു. രൂപതയുടെ ചെറുവിവരണം അദ്ദേഹം നല്കി. അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് ജെ. നെറ്റോയും സഹകാര്‍മികരായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കര്‍ത്താവിന്റെ മുഖം പ്രതിബിംബിക്കുന്നവരാണ് ഇടയന്മാര് എന്നദ്ദേഹം പറഞ്ഞു. സ്നേഹം കൊണ്ട് തന്റെ ജനങ്ങളെ നിറയ്ക്കുക എന്നതാണ് പുതിയ മെത്രാന്റെ ചക്രവാളവും ചാലഞ്ചുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവവചനപ്രഘോഷണത്തിനും സുവിശേഷ വായനയ്ക്കും ശേഷം മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു. പരിശുദ്ധാത്മാവിന്റെ പരമ്പരാഗത ലത്തീന്‍ ഗാനമായ വേനി ക്രിയേറ്റൂര് സ്പിരിത്തൂസ് ഗായസംഘവും ജനങ്ങളും ആലപിച്ചു. വിജയപുരം രൂപത ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് കോട്ടക്കാട്ടില്‍ ”ഡോ. ജസ്റ്റിനെ മെത്രാനായി അഭിഷേകം ചെയ്യണമെന്ന് ദൈവജനം അങ്ങയോട് അപേക്ഷിക്കുന്നു” എന്ന് മുഖ്യകാര്‍മികനായ ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തച്ചേരിലിനോട് ഉണര്‍ത്തിച്ചു. ”അതിനുള്ള അപ്പസ്തോലിക തിട്ടൂരം ലഭിച്ചിട്ടുണ്ടോ” എന്ന് മുഖ്യകാര്മികന് ചോദിച്ചു. ”ലഭിച്ചിട്ടുണ്ട്” എന്ന് മറുപടി. ”എന്നാല്‍ അതിപ്പോള്‍ വായിക്കട്ടെ” എന്നു കാര്മികന് പറഞ്ഞു. മോണ്‍. ജസ്റ്റിന് മഠത്തില്‍പറമ്പിലിനെ വിജയപുരം സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള (തീട്ടൂരം) ചാന്‍സലര്‍ മോണ്‍. ജോസ് നവസ് ലത്തീനിലും വൈസ്ചാന്‍സലര്‍ സിസ്റ്റര്‍ മേരി അന്‍സ ഡിഎച്ച് മലയാളത്തിലും വായിച്ചു. ‘ദൈവത്തിനു നന്ദി സ്തുതി പാടീടാം ദൈവമേ’ എന്ന ഗാനത്തിനു ശേഷം കോഴിക്കോട് ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.
തുടര്‍ന്ന് ഡോ. സെബാസ്റ്റിയന് തെക്കത്തച്ചേരില്‍, നിയുക്ത മെത്രാനോട്, അഭിഷേകം ചെയ്യപ്പെടേണ്ടയാള്‍ സത്യവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുകയും ചെയ്യുമെന്നുള്ള ദൃഢനിശ്ചയം ബഹുജനസമക്ഷം പ്രഖ്യാപിക്കണമെന്നു സഭാപിതാക്കന്മാരുടെ പരമ്പരാഗതമായ പതിവ് അനുശാസിക്കുന്നതിനാല്‍ ഏറ്റവും പ്രിയപ്പെട്ട ജസ്റ്റിന്, മെത്രാനടുത്ത കടമകള്‍, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍, പാപ്പായുടെ പരമാധികാരത്തിനു വിധേയമായി ജീവിതാന്ത്യം വരെ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ സന്നദ്ധനാണോ, വിശ്വാസസമ്പത്ത് അഭംഗുരം കാത്തുസൂക്ഷിക്കാന്‍ അങ്ങ് തയ്യാറാണോ, പത്രോസ് അപ്പസ്തോലന്റെ പിന്‍ഗാമിയെ അനുസരിക്കാന്‍ സന്നദ്ധനാണോ, ദരിദ്രരോട് കരുണയും സാനുഭൂതിയും പ്രകടിപ്പിക്കാന്‍ സന്നദ്ധനാണോ, വഴി തെറ്റിപ്പോയവരെ തിരികെ കൊണ്ടുവരാന്‍ തയ്യാറാണോ എന്ന് ആരാഞ്ഞു. സന്നദ്ധത അറിയിച്ചതിനു ശേഷം മുഖ്യകാര്മികന് ആമുഖ പ്രാര്‍ഥന നടത്തി. ഡോ. ജസ്റ്റിന് സാഷ്ടാംഗ പ്രണാമം ചെയ്യുകയും കാര്‍മികരും ദൈവജനവും മുട്ടുകുത്തി ദീര്‍ഘമായ സകലവിശുദ്ധരുടെ പ്രാര്ഥനാമഞ്ജരി ആലപിക്കുകയും ചെയ്തു.
പ്രാര്‍ഥനയ്ക്കു ശേഷം കൈവയ്പ്പു ശുശ്രൂഷാ കര്‍മം നടന്നു. നിയുക്തമെത്രാന് പ്രധാനകാര്മികനു മുന്നില്‍ മുട്ടുകുത്തി നിന്നു. പ്രധാനകാര്മികനും തുടര്‍ന്ന് സഹകാര്‍മികരും മറ്റു മെത്രാന്മാരും അദ്ദേഹത്തിന്റെ ശിരസില്‍ കൈകള്‍ വച്ച് മൗനമായി പ്രാര്‍ഥിച്ചു. പിന്നീട് ഡോ. സെബാസ്റ്റിയന് തെക്കത്തച്ചേരില്‍ നിയുക്തമെത്രാന്റെ ശിരസിനു മീതെ സുവിശേഷഗ്രന്ഥം തുറന്നു വച്ച് പ്രതിഷ്ഠാപന പ്രാര്‍ഥന ചൊല്ലുകയും അതിനു ശേഷം തൈലാഭിഷേകം നടത്തുകയും സുവിശേഷഗ്രന്ഥദാനം നടത്തുകയും ചെയ്തു.
പുതിയ മെത്രാനെ വിശ്വസ്തതയുടെ മുദ്രയായി മോതിരമണിയിക്കുകയും ജനപാലനാധികാരത്തിന്റെ ചിഹ്നമായി അധികാരദണ്ഡ് നല്‍കുകയും ശിരസില്‍ വിശുദ്ധിയുടെ പ്രതീകമായ അംശമുടി അണിയിക്കുകയും ചെയ്തു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ അദ്ദേഹത്തെ പ്രധാന ഇരിപ്പിടത്തിലേക്ക് ആനയിച്ചു. സ്ഥാനാരോഹണത്തിന്റെ പ്രതീകമായിരുന്നു അത്. തുടര്‍ന്ന് എല്ലാ മെത്രാന്മാരും ബിഷപ് ജസ്റ്റിന് സമാധാന ചുംബനം നല്കി. തുടര്‍ന്ന് വിജയപുരം രൂപതയിലെ വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികള്‍ മെത്രാനോടുള്ള തങ്ങളുടെ ആദരവും വിധേയത്വവും പ്രകടമാക്കി മുദ്രമോതിരം ചുംബിച്ചു.
പുതിയ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്നു. കാഴ്ചവയ്പില്‍ ബിഷപ് ജസ്റ്റിന്റെ കുടുംബാംഗങ്ങളും രൂപതയിലെ വിവിധ ശുശ്രൂഷാസമിതി അംഗങ്ങളും സംബന്ധിച്ചു. നൈവേദ്യ പ്രാര്‍ഥനയ്ക്കു ശേഷം ദിവ്യകാരുണ്യസ്വീകരണത്തില്‍ ബിഷപ് ജസ്റ്റിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തില്‍ നിന്നു ദിവ്യകാരുണ്യം സ്വീകരിച്ചു. ദിവ്യഭോജന പ്രാര്‍ഥനയ്ക്കു ശേഷം ‘ദൈവമേ ഞങ്ങള്‍ നിന്നേ വാഴ്ത്തുന്നു’ എന്ന കൃതജ്ഞതാസ്തോത്രഗീതം ആലപിക്കുമ്പോള്‍, ബിഷപ് ജസ്റ്റിന് ജനമധ്യത്തിലൂടെ നടന്ന് അവരെ ആശീര്‍വദിച്ചു. തുടര്‍ന്ന് അദ്ദേഹം സമാപനാശീര്‍വാദം നല്കി.
കെസിബിസി പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ്, കര്‍ദിനാള്‍ എമരിറ്റസ് മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. സൂസപാക്യം, സേവറിയോസ്, മാര്‍ മാത്യു മൂലക്കാട്ടില്‍, തോമസ് മാര്‍ കുറിലോസ്, ജോസഫ് പെരുന്തോട്ടം, ബോസ്കോ പുത്തൂര്‍, ഗീവര്‍ഗീസ് മാര്‍ എഫ്രേം, മാര്‍ ജോസഫ് പാംപ്ലാനി, ബിഷപുമാരായ ഡോ. അലക്സ് വടക്കുംതല, ഡോ. ജോസഫ് കരയില്‍, ഡോ.വിന്‍സെന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. ജോസഫ് കാരിക്കശേരി, ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍. പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യുസ് മാര്‍ പോളികാര്പ്, യോഹന്നാന് മാര്‍ തിയോഡീഷ്യസ്,, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, യോഹന്നാന് മാര്‍ ക്രിസോസ്റ്റം, രാഷ്ട്രീയ-സാംസ്കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, വൈദികര്‍, സന്ന്യസ്തര്‍, അയ്യായിരത്തില്‍ പരം വിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.