ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വൻഭൂൽപുരയിലെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കപ്പെട്ട മദ്രസ പൊളിച്ച് മാറ്റാനുള്ള നീക്കത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവ്. പ്രദേശത്ത് ഇൻ്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു. ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
സംഘർഷത്തിൽ പൊലീസുകാർക്ക് പുറമെ നിരവധി ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ആക്രമണം ആരംഭിച്ചതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെയാണ് അക്രമം സംഘർഷമായി മാറിയത്. പൊലീസ് സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആൾക്കൂട്ടം തീയിട്ടു. പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സാധാരണ നില നിലനിർത്താൻ കലാപകാരികളെ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് മുഖ്യമന്ത്രിയെ അറിയിച്ചു.
മദ്രസയും നമാസ് സൈറ്റും പൂര്‍ണമായും നിയമവിരുദ്ധമാണെന്നാണ് മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു. സമീപത്തെ മൂന്നേക്കര്‍ സ്ഥലം നഗരസഭ നേരത്തെ ഏറ്റെടുക്കുകയും അനധികൃത മദ്രസയും നമസ്കാര സ്ഥലവും സീല്‍ ചെയ്യുകയും ചെയ്തിരുന്നു.