താന്‍ വ്യാപരിച്ച കര്‍മമണ്ഡലങ്ങളിലെല്ലാം അനിതരസാധാരണമായ സിദ്ധികള്‍ പ്രകടമാക്കിയ അദ്ഭുത പ്രതിഭയായിരുന്നു വിന്‍സെന്റ് ഗോമസ്. കലാരംഗത്ത് ഗായകന്, സംഗീത സംവിധായകന്, നിര്‍മാതാവ്, സംഘാടകന്‍, ക്വയര്‍ മാസ്റ്റര്‍ എന്നീ നിലകളില്‍ പ്രശോഭിച്ച വിന്‍സെന്റ് ഗോമസ് ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ, 400 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നീ ഇനങ്ങളിലും പ്രതിഭയുടെ മിന്നലാട്ടം പകര്‍ന്നിട്ടുണ്ട്. പ്രാവു വളര്‍ത്തുന്നതിലും പ്രാവുകളെ പറത്തുന്നതിലും നൈപുണ്യമുണ്ടായിരുന്ന വിന്‍സെന്റ് നാഷണല്‍ പീജിയാന് ഫ്ളൈയേഴ്സ് അസോസിയേഷന് അംഗവുമായിരുന്നു. അങ്ങനെ കലയിലും കളത്തിലും ആകാശത്തും തിളങ്ങിയ താരമായിരുന്നു വിന്‍സെന്റ് ഗോമസ്.
കായികരംഗത്ത് കേരള ബാസ്ക്കറ്റ് ബോള്‍ ടീം അംഗം, കേരള യൂണിവേഴ്സിറ്റി ടീമംഗം, തിരുവനന്തപുരം ജില്ലാ ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ തിളങ്ങിയ വിന്‍സെന്റ് താന്‍ ജോലി ചെയ്തിരുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനുവേണ്ടി ദേശീയ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ആഴത്തില്‍ നിന്നു ഞാന്‍ വിളിക്കുന്നു
അങ്ങേ നോക്കി പരംപൊരുളേ
മാമക രോദനം കേട്ടിടുവാന്
ദൈവമേ നീ ചെവി ചായ്ക്കണമേ
എന്നു തുടങ്ങുന്ന പരേത ശുശ്രൂഷകള്‍ക്കു പാടുന്ന ഗാനം വിന്‍സന്റ് ഗോമസിന്റെ ശബ്ദത്തിലൂടെയാണ് കേരളം കേട്ടത്. സിസ്റ്റര്‍ ആനി ഡി.എം. എഴുതി എം.ജെ. തോമസ് സംഗീതം നല്കിയ ഈ ഗാനം 1975-ലാണ് പുറത്തിറങ്ങിയത്. ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ, ആയിരം കൈത്തിരി കൈകളിലേന്തി ആരാധനാര്ച്ചന ചെയ്യുന്നു ഞങ്ങള്‍, എന്തെന്തു പാവനം, ഈശന് നന്മകളെ, നിര്‍മല മേരിയമ്മേ, ആപാദചൂഢം മുറിവണിഞ്ഞു, ഈ കുരിശിന്റെ പാതയില്‍ എന്നിങ്ങനെ 1970-80 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ എല്‍.പി. റെക്കോര്‍ഡുകളിലെ നൂറുകണക്കിനു ഗാനങ്ങള്‍ക്ക് വിന്‍സെന്റ് ഗോമസ് ശബ്ദം നല്‍കിയിട്ടുണ്ട്.
പ്രഫ. ഒ.എന്‍.വി. കുറുപ്പ് എഴുതി എം.കെ. അര്ജുനന് മാസ്റ്റര്‍ സംഗീതം നല്കിയ കൈക്കൊള്കീ പ്രാര്‍ത്ഥനാ എന്ന ഗാനവും ഒ.എന്‍.വി.യുടെ തന്നെ രചനയായ പാനപാത്രം എന്നില്‍നിന്നും എടുത്തു നീക്കണേ (സംഗീതം: ജോയ് തോട്ടാന്‍) എന്നീ ഗാനവും വിന്‍സെന്റ് ഗോമസാണ് പാടിയത്. വിന്‍സെന്റ് ഗോമസ് സംഗീതം നല്കിയ ഗാനങ്ങള്‍ എസ്. ജാനകി, പി. സുശീല, കെ.എസ്. ചിത്ര തുടങ്ങിയ പ്രഗത്ഭര്‍ ആലപിച്ചിട്ടുണ്ട്. ഇതില്‍ എസ്. ജാനകി ആലപിച്ച ദേവാ നിന് സന്നിധിയില്‍ എന്‍ യാതന വേദനകള്‍, പി. സുശീല പാടിയ രക്ഷകനേ എന്‍ രക്ഷകനേ എന്ന പാട്ടുകളും ഏറെ പ്രശസ്തമാണ്.
വളരെ ചെറുപ്പത്തില്‍ത്തന്നെ ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായിരുന്ന വിന്‍സന്റ് ഗാനമേളകളില്‍ പ്രേക്ഷകരുടെ ഇഷ്ട ഗായകനായിരുന്നു.
1950 മാര്‍ച്ച് 11ന് സൈമണ്‍ ഗോമസ് കാര്‍മല്‍ ഗോമസ് ദമ്പതികളുടെ എട്ടു മക്കളില്‍ ആറാമനായി ജനിച്ചു. കുട്ടിക്കാലം മുതല്‍ തിരുവനന്തപുരം ബിഷപ് പീറ്റര്‍ ബെര്‍നാര്‍ഡ് പെരേരയുടെ ദിവ്യബലികളിലെ മുഖ്യഗായകനായി തുടക്കം. ബിഷപ് പെരേരയുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ പാര്‍ട്ണറുമായിരുന്നു വിന്‍സെന്റ് ഗോമസ്. തിരുവനന്തപുരം ലൂര്‍ദ് പള്ളിയിലെ ദേവാലയ ഗായകസംഘത്തില്‍ ചേര്‍ന്നതോടെ പ്രവര്‍ത്തനമേഖല കൂടുതല്‍ വിപുലമായി. വെള്ളയമ്പരം സെന്റ് തെരേസ പള്ളിയിലെ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. ഗുരു അന്നപൂര്‍ണി വൈദ്യനാഥന്, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്നിവരുടെ കീഴില്‍ സംഗീതം പഠിച്ചു. 2006 നവംബര്‍ 25ന് ലോകത്തോടു വിടപറഞ്ഞു.
ഭാര്യ മേരി ജോയ്സ് വി. തോട്ടാന്‍. മക്കള്‍: കമീല വിന്‍സെന്റ്, റോസ് മേരി വിന്‍സെന്റ്, റൈഫി വിന്‍സെന്റ് ഗോമസ് (ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അണ്ടര്‍ 17, അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഐ.പി.എല്‍ രാജസ്ഥാന് റോയല്‍സ്, കൊച്ചി ടസ്ക്കേഴ്സ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചു).
വിന്‍സെന്റ് ഗോമസിനൊപ്പം സംഗീതരംഗത്ത് പ്രവര്‍ത്തിച്ച മൂന്നുപേര്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നു.
പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് (സംഗീത സംവിധായകന്)
”1976-ല്‍ ഞാന്‍ സംഗീത സംവിധായകനായി തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ ചേര്‍ന്നു. ആ വര്‍ഷത്തെ ഓണപ്പാട്ടുകളുടെ റെക്കോര്‍ഡിംഗിനായി വന്ന യുവഗായകരില്‍ വിന്‍സെന്റ് ഗോമസുമുണ്ടായിരുന്നു. അന്ന് പരിചയപ്പെട്ടു. പിന്നെ എന്റെ ശിഷ്യനായി. സുഹൃത്തായി, സഹോദരനായി മരണംവരെ കൂടെയുണ്ടായിരുന്നു. വിന്‍സെന്റിന്റെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. മക്കളായ കമീലയെയും റോസിനെയും ഞാന്‍ സംഗീതം പഠിപ്പിച്ചിട്ടുണ്ട്. രാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ വിന്‍സെന്റ് പ്രത്യേക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാഗങ്ങളെപ്പറ്റിയും സംഗീത സംവിധാനത്തെപ്പറ്റിയും പഠിപ്പിക്കാന്‍ ഞാനും ശ്രമിച്ചു. സംഗീതഞ്ജരായ കെ.പി. ഉദയഭാനു, എം.ജി. രാധാകൃഷ്ണന്, തബലിസ്റ്റ് മണി, വയലിനിസ്റ്റ് സ്വാമി എന്നിവരോടൊപ്പം ഞാനും വിന്‍സെന്റും ചേര്‍ന്ന് ഹൃദയബന്ധമുള്ളൊരു സംഗീത കൂട്ടായ്മ രൂപം കൊള്ളുകയായിരുന്നു. പാട്ടിനെപ്പറ്റി ചര്‍ച്ച ചെയ്തും പാട്ടുകള്‍ പാടിയും ഞങ്ങള്‍ മറ്റൊരു ലോകത്തിലാകുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. ഈ കൂട്ടുകാരില്‍ മണിയെയും എന്നെയും ഇവിടെ വിട്ടിട്ട് ബാക്കിയെല്ലാവരും സ്വര്‍ഗീയ സംഗീതാലാപനത്തിനു യാത്രയായി. ഞാന്‍ സംഗീതം നല്കിയ നിരവധി ലളിതഗാനങ്ങള്‍ ആകാശവാണിക്കുവേണ്ടി വിന്‍സെന്റ് പാടിയിട്ടുണ്ട്. ക്രിസ്തുവിനോട് വിന്സെന്റിനുള്ള ഭക്തിയും സ്നേഹവും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കടുത്ത ഭക്തനായിരുന്നു. അതുപോലെ ദേവാലയ സംഗീതമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. അതുകഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളു. എല്ലാ ക്രിസ്മസിനും പുതിയ പാട്ടുകള്‍ ഒരുക്കും. മരണംവരെ എല്ലാ ക്രിസ്മസിനും മുടങ്ങാതെ കേക്കുമായി വന്നിരുന്ന എന്റെ വിന്‍സെന്റിനെ എനിക്കു മറക്കാനാവില്ല. പ്രണാമം.”
ജോയ് തോട്ടാന്‍ (സംഗീത സംവിധായകന്)
”1970 കളില്‍ തിരുവനന്തപുരം ലൂര്‍ദ്ദ് പള്ളിയിലെ ഗായകസംഘത്തിലൂടെയാണ് ഞാനും വിന്‍സെന്റും ഒരുമിച്ചുള്ള സംഗീതയാത്ര ആരംഭിക്കുന്നത്. ഞാന്‍ സംഗീതം നല്കിയ കുറെ ലളിതഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും വിന്‍സെന്റ് പാടിയിട്ടുണ്ട്. തിരുവനന്തപുരം റേഡിയോ നിലയത്തിനുവേണ്ടി ഞാന്‍ സംഗീതം നല്കിയ പാട്ടുകളില്‍ ഏറെയും പാടിയിട്ടുള്ളത് വിന്‍സെന്റായിരുന്നു. ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ വിന്‍സന്റ് നിലനിര്‍ത്തിയിരുന്ന മേന്മ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്തെന്തു പാവനം, ഈ കുരിശിന്റെ പാതയില്‍, ജഗദീശനെ ദൈവമേ, ആടുകള്‍ക്കായി ജീവനേകും, ദിവ്യകാരുണ്യമേ ദിവ്യകാരുണ്യമേ ദൈവം നിയോഗിച്ച ദിവ്യകാരുണ്യമേ തുടങ്ങിയ എന്റെ സംഗീതത്തില്‍ പിറന്ന പാട്ടുകള്‍ക്ക് ശബ്ദം കൊടുത്തത് എന്റെ വിന്‍സെന്റായിരുന്നു.”
കെ.എസ്. ചിത്ര (ഗായിക)
”ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വിന്‍സെന്റ് ഗോമസിനൊപ്പം നൂറുകണക്കിനു വേദികളില്‍ ഗാനമേളകളില്‍ പാടിയിട്ടുണ്ട്. അന്നത്തെ ഒരു താരമായിരുന്നു വിന്‍സെന്റ് ഗോമസ്. എപ്പോഴും ചിരിച്ചുകൊണ്ട് സൗമ്യമായി പെരുമാറുന്ന സവിശേഷമായൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു വിന്‍സെന്റ്. വിന്‍സെന്റ് സംഗീതം നല്കിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ബോധവത്കരണ ഗാനങ്ങള്‍ എല്ലാം ഞാന്‍ പാടിയിട്ടുണ്ട്. 1984-ല്‍ ‘അന്നൈ വേളാങ്കണ്ണി മാതാവിന് ഗിതങ്കള്’ എന്നൊരു കസെറ്റില്‍ വിന്‍സെന്റ് ഗോമസ് സംഗീതം നല്‍കിയൊരു ഗാനം ഞാനും വിന്‍സെന്റ് ഗോമസും ചേര്‍ന്നു പാടിയിട്ടുണ്ട്. വിദ്യ ആന്റണിയാണ് ഗാനരചന നിര്‍വഹിച്ചത്. വിന്‍സെന്റ് ഗോമസിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ എന്റെ അഞ്ജലി.”
ലോകത്തോടു വിട പറഞ്ഞത് വിന്‍സെന്റ് ഗോമസ് മാത്രം. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇന്നും ഇവിടെ അള്‍ത്താരകളിലും വേദികളിലും മുഴങ്ങുന്നുണ്ട്.