മലയാളത്തില്‍ ഒരു അസാധാരണ പുസ്തകമുണ്ട്: ‘ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍.’
ഓരോ പൗരനും വായിച്ചിരിക്കേണ്ട പുസ്തകം. ഒരു ഭരണകൂടം സ്വന്തം ജനങ്ങളില്‍ ഒരു വിഭാഗത്തിനെ തിരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്തതിന്റെ മാസ്റ്റര്‍പ്ലാന്‍ ഈ പുസ്തകത്തിലെ ഇരകളുടെ സംഭാഷണങ്ങളിലൂടെ പുറത്തുവരുന്നു. പത്രപ്രവര്‍ത്തകനായ കൃഷ്ണന് മോഹന്‍ലാലാണ് രചയിതാവ്. പ്രണത ബുക്സ് പ്രസാധകരും. 2002 ഫെബ്രുവരി 27-ാംതീയതി ഗോധ്രാ റെയില്‍വേ സ്റ്റേഷനില്‍ 59 കര്‍സേവകരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ തീവയ്പ് സംഭവത്തിനു പിന്നാലെ നടന്ന മുസ്ലിം വിരുദ്ധ അക്രമങ്ങളാണ് 2002ലെ ഗുജറാത്ത് ലഹളയായി അറിയപ്പെടുന്നത്.
ഗുജറാത്തിലെ അന്നത്തെ 30 ജില്ലകളില്‍ 12 ഇടങ്ങളില്‍ അതീവ ഗുരുതരവും, എട്ടിടങ്ങളില്‍ കുറഞ്ഞ തോതിലും കൂട്ടക്കൊല, ബലാത്സംഗം, സ്ഥാവരജംഗമവസ്തു നശിപ്പിക്കല്‍ തുടങ്ങിയ ഹിംസാ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറി. ലഹള കഴിഞ്ഞ് കാണാതായവര്‍ അടക്കം 1,500 പേര് കൊല്ലപ്പെട്ടു. 624 ഇസ്ലാമിക മത, സാംസ്കാരിക സ്ഥാപനങ്ങള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ലഹളയില്‍ മുന്നൂറോളം സ്ത്രീകള്‍ മാനഭംഗത്തിന് ഇരകളായി. പലരും കൊല്ലപ്പെട്ടു.
ഗുജറാത്തിലെ 2002ലെ കലാപവുമായി ബന്ധപ്പെട്ട നിര്‍ണായക സംഭവങ്ങള്‍ മലയാളികളുടെ അടുത്തെത്തിക്കാന്‍ നടന്ന പരിശ്രമമായിരുന്നു കൃഷ്ണന് മോഹന്‍ലാലിന്റേത്. അടുത്തടുത്ത വന്ന വര്‍ഷങ്ങളിലായി ഭാഷാപോഷിണി വാര്ഷികപ്പതിപ്പിലൂടെയാണ് ഇവ വെളിച്ചം കണ്ടത്. തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഗുജറാത്തില്‍ പോയി കലാപത്തിലെ ഇരകളെ അഭിമുഖം നടത്തിയാണ് ലേഖനങ്ങള്‍ തയ്യാറാക്കിയത്. കലാപബാധിതര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച ഗുജറാത്ത് മുന്‍ ഡിജിപി ആര്.ബി. ശ്രീകുമാറാണ് അവതാരിക എഴുതിയിട്ടുള്ളത്.
ബില്‍ക്കീസ് ബാനുവിന്റെ സഹനങ്ങളും പോരാട്ടവും, സാക്കി ജാഫ്രിയുടെ ഇരുട്ടിലൂടെ നീതിക്കായുള്ള അന്വേഷണവും, കുത്തബുദ്ദീന്‍ അന്‍സാരിയുടെ ഭയം ഏകവികാരമായ തുടര്‍ജീവിതവും, സത്യം വിളിച്ചുപറഞ്ഞതിനുള്ള അമിത് ജത്വായുടെ മരണവും, ടീസ്റ്റയുടെ ചങ്കുറപ്പുള്ള ഒറ്റയാള്‍ പോരാട്ടങ്ങളുമൊക്കെ നമ്മളെ വേദനിപ്പിക്കും.
കലാപത്തില്‍ ശിക്ഷിക്കപ്പെട്ട 12 പേരെ വെറുതെവിട്ടതും സുപ്രീം കോടതി അവരെ വീണ്ടും ജയിലില്‍ അടച്ചതും സമീപകാലത്തെ വലിയ വാര്‍ത്തയായിരുന്നുവല്ലോ? കലാപത്തില്‍ 14 പേര് ക്രൂരമായി ബലാത്സംഗം ചെയ്ത അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിന്റെ ധീരനിലപാടാണ് കേസിനു വഴിത്തിരിവായത്. എന്താണ് ബില്‍ക്കീസിന്റെ പ്രസക്തി? ചാരമായി പോകുമായിരുന്ന ഒരു കേസിനെ അസാധാരണ ഇച്ഛാശക്തിയോടെ ബില്‍ക്കീസ് ഉയര്‍ത്തിയെടുത്തു. ഭരണകൂടങ്ങള്‍ എതിരു നിന്നിട്ടും പിന്തിരിഞ്ഞില്ല. നീതിയും സത്യവും സ്വര്‍ണശോഭയോടെ തിളങ്ങുന്നുവെങ്കില്‍ അതിനു കാരണക്കാരി ബില്‍ക്കീസ് ബാനു ആണ്. ബില്‍ക്കീസ് പറയുന്നു: ”പൊലീസിനു കൊടുക്കാന്‍ എന്റെ കയ്യില്‍ തെളിവുകള്‍ ഇല്ലായിരുന്നു എങ്കിലും ഞാന്‍ പുറത്തുവന്നില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു സംഭവം തന്നെ നടന്നിട്ടില്ല എന്ന് പൊലീസ് സ്ഥാപിക്കുമായിരുന്നു. കാരണം, തെളിവുകള്‍ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല.” ആ തെളിവുകള്‍ നല്കാന് ഒരു ജീവിതംകൊണ്ട് തീരാത്തയത്ര യുദ്ധങ്ങള്‍ കൂടിയാണ് ബില്‍ക്കീസ് നയിച്ചത്. നീതിന്യായ ചരിത്രം അതിന് ബില്ക്കീസിനോടു കടപ്പെട്ടിരിക്കും.
ബില്‍ക്കീസ് ബാനുവുമായുള്ള പുസ്തകത്തിലെ ഇന്റര്‍വ്യൂ മനുഷ്യസ്നേഹികളായ ഏവരുടെയും കണ്ണു നനയ്ക്കും.
”ഞാനെന്തിന് മുഖം മറയ്ക്കണം? അവരല്ലേ ലജ്ജിക്കേണ്ടത്?” ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോള്‍ ഇതായിരുന്നു ബില്‍ക്കീസ് ബാനുവിന്റെ മറുപടി.
പീഡനത്തിന് ഇരയായവരുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ”ഗര്‍ഭിണിയായ എന്നെ പീഡിപ്പിച്ചവരും എന്റെ കുഞ്ഞിനെ കല്ലില്‍ അടിച്ചു കൊന്നവരും തലയുയര്‍ത്തി നടക്കുമ്പോള്‍ ഞാന്‍ മുഖം മറച്ചു നടക്കുക കൂടി ചെയ്യണോ” എന്നാണ് നിരക്ഷരയായ ആ സ്ത്രീ വികാരരഹിതയായി ചോദിച്ചത്. ക്രൂരസംഭവം നടന്നതിനുശേഷം വഡോദരയിലെ താല്‍ജദയില്‍ വച്ച് കാണുമ്പോള്‍ ”എന്റെ കഥ എല്ലാവരും അറിയണം” എന്നാണ് ബില്‍ക്കീസ് ബാനുവിന് പറയാനുണ്ടായിരുന്നത്.
മുഖം മറയ്ക്കാതെ, ബില്‍ക്കീസ് നീതിക്കു വേണ്ടി പോരാടിയപ്പോള്‍ ഒരു സര്‍ക്കാരിനു നഷ്ടമായത് സ്വന്തം മുഖം തന്നെയാണ്. സുപ്രീം കോടതിയുടെ വിധി ജനാധിപത്യ ഇന്ത്യയുടെ മഹിമ ഉയര്‍ത്തുന്നു.
ഈ പുസ്തകത്തിന്റെ വായനക്കു ശേഷവും നിങ്ങളില്‍ അവശേഷിക്കുന്ന കനത്ത നിശ്ശബ്ദതയെയാണ് അതിലേറെ ഭയപ്പെടേണ്ടത്. ചോദ്യങ്ങള്‍ ചോദിക്കുന്ന ജനതയെയാണ് ഭരണകൂടങ്ങള്‍ ഭയപ്പെടുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്ന ജനതയായി വളരാനാണ് നാം ശ്രമിക്കേണ്ടത്. അപ്പോഴാണ് തെരുവില്‍ ഒഴുക്കപ്പെട്ട നീതിമാന്റെ രക്തം സംസാരിക്കാന്‍ തുടങ്ങുന്നതും ജനാധിപത്യം ശക്തിപ്പെടാന്‍ തുടങ്ങുന്നതും.