ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പണിതീരാത്ത രാമജന്മഭൂമി ക്ഷേത്രത്തിലെ ബാലകരാമ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ആധുനിക ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ മഹാമഹമാക്കി മാറ്റാന്‍ ബിജെപിയും സംഘപരിവാറും കൊണ്ടുപിടിച്ച് ശ്രമിച്ചത് ആസന്നമായ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. ഈ രാജ്യത്ത് നമ്മുടെ ജീവിതകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ-മതാത്മക സംഭവമാണ് 2024 ജനുവരി 22ന് അയോധ്യയില്‍ അരങ്ങേറുന്നതെന്ന് അവിടെ സരയൂ നദിയിലെ രാം കീ പൈഡി കടവിനടുത്ത് ലൈവ് ടെലികാസ്റ്റിന് കൂറ്റന്‍ സ്റ്റേജുകളും സ്റ്റുഡിയോ ഫ്ളോറും ‘രാം ആയേംഗേ’ (രാമന് വരും) എന്നും മറ്റും എഴുതിയ ബോര്‍ഡുകളും ഡെക്കിനു മുകളില്‍ ആളുകളെ കയറ്റി ഇന്റര്‍വ്യൂ ചെയ്യാന്‍ പാകത്തില്‍ രൂപകല്പന ചെയ്ത നിറപ്പകിട്ടാര്‍ന്ന ബസുകളുമൊക്കെയായി, കാവിയണിഞ്ഞ് ‘മാധ്യമ കര്‍സേവ’ ചെയ്യാന്‍ ക്യാമ്പ് ചെയ്ത് മാസ് ഹിസ്റ്റീരിയ സൃഷ്ടിച്ചുകൊണ്ടിരുന്ന കോര്‍പറേറ്റ് ബ്രോഡ്കാസ്റ്റിങ് സംഘങ്ങള്‍ സംഗതി വല്ലാതെ പൊലിപ്പിച്ചു.
പതിനൊന്നു ദിവസം കഠിന വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് രാജശ്രീയും ആത്മീയ മാഹാത്മ്യവും ദിവ്യാഭയും വിളങ്ങുന്ന രാജര്‍ഷിയുടെ ഭാവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠയുടെ മുഖ്യയജമാനനായി രാംലല്ലയ്ക്കു വെള്ളിക്കുടയും ചുവന്ന പട്ടുവസ്ത്രവും സമര്‍പ്പിച്ച് അര്‍ച്ചന നടത്താനും ആദ്യ ആരതി ഉഴിയാനും ഗര്‍ഭഗൃഹത്തിലേക്ക് എഴുന്നള്ളുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ മീഡിയ സെന്ററില്‍ മുഴങ്ങിയ ‘ജയ് ശ്രീരാം’ വിളികള്‍ സംഘാതമായ ഉന്മത്താവസ്ഥയുടെയും ആനന്ദമൂര്ച്ഛയുടെയും നിദര്‍ശനമായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന മതനിരപേക്ഷത കാത്തുപാലിക്കുമെന്ന് പാര്‍ലമെന്റിലും രാഷ്ട്രപതിഭവനിലും തിരഞ്ഞെടുപ്പു കമ്മിഷന് മുമ്പാകെയും സത്യപ്രതിജ്ഞ ചെയ്തിട്ടുള്ള പ്രധാനമന്ത്രിക്ക് എങ്ങനെ ഒരു മതാചാര്യന്റെ വേഷത്തില്‍ പൂജയും അര്‍ച്ചനയും മന്ത്രോച്ചാരണവും നടത്താന്‍ കഴിയുന്നു എന്നു ചോദിക്കാന്‍ ഒരു ശങ്കരാചാര്യര്‍ ധൈര്യം കാട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ബൈറ്റ് മുഖ്യധാര മാധ്യമങ്ങള്‍ക്കു വേണ്ട.
അഞ്ഞൂറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം രാംലല്ലയെ അയോധ്യയിലെ ജന്മഭൂമിയില് തിരിച്ചെത്തിക്കാനുള്ള നിയോഗം തനിക്കാണെന്ന് പ്രധാനമന്ത്രി അനുസ്മരിക്കുന്നുണ്ട്. ”നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വ ക്ഷമയ്ക്കും എണ്ണമറ്റ ബലിദാനങ്ങള്‍ക്കും പരിത്യാഗങ്ങള്‍ക്കും പ്രായശ്ചിത്തത്തിനും ശേഷം നമ്മുടെ ശ്രീരാമചന്ദ്രന് അയോധ്യയിലേക്കു മടങ്ങിവന്നിരിക്കുന്നു.” ഇതു കാലചക്രത്തില്‍ ഒരു നവയുഗാരംഭമാണ്. വരാനിരിക്കുന്ന ആയിരം വര്‍ഷത്തെ ഭാരതത്തിനായി പുതിയൊരു അടിത്തറ പാകുകയാണ് താനെന്ന് മോദി പറഞ്ഞുവയ്ക്കുന്നു. സംഘപരിവാറിന്റെയും ബിജെപിയുടെയും ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപന സ്വപ്നത്തെക്കുറിച്ചുള്ള വാങ്മയം ശ്രീകോവിലില്‍ പ്രധാനമന്ത്രിയോടൊപ്പം അര്‍ച്ചനയിലും കീര്‍ത്തനത്തിലും മറ്റും പങ്കുചേര്‍ന്ന രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ രാമരാജ്യ വ്യാഖ്യാനത്തിലും മിഴിവുറ്റതാകുന്നു.
സനാതന ധര്‍മ്മത്തിന്റെ പരമാചാര്യന്മാരായ ശങ്കരാചാര്യന്മാരെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും ക്ഷേത്രപ്രതിഷ്ഠയില്‍ പ്രധാനികളായി നിലകൊള്ളുന്നത്. ദേവന്റെ ശരീരമാണ് ക്ഷേത്രം, വിഗ്രഹം ആത്മാവാണ് എന്നതിനാല്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാതെ പ്രാണപ്രതിഷ്ഠ നടത്തുന്നത് ധര്‍മശാസ്ത്രത്തിന് എതിരാണെന്ന് ഉത്തരാഖണ്ഡിലെ ബദ്രികാശ്രമം ജ്യോതിഷ് പീഠത്തിലെ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറയുന്നു. ക്ഷേത്രത്തിന്റെ ശിഖരം, ആമലകാ, കലശ് എന്നിവ പൂര്‍ത്തിയായിട്ടില്ല. ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് മോദി മുഖ്യകാര്‍മികത്വം വഹിച്ചപ്പോഴെന്നപോലെ പ്രതിഷ്ഠാകര്മത്തിനും നിശ്ചയിച്ച നാളും സമയവും അശുഭകരമാണ്. യജമാനന് എന്ന നിലയില്‍ പ്രതിഷ്ഠയില്‍ പങ്കുചേരണമെങ്കില്‍ മോദി ഭാര്യസമേതം വരേണ്ടതാണെന്നും ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് പറയുന്നു. അയോധ്യയില്‍ ധര്‍മ്മാചാര്യന്മാരുടെ നേതൃത്വത്തിലുള്ള രാമാലയ ട്രസ്റ്റ് നിലവിലുണ്ടായിരുന്നു. സുപ്രീം കോടതി രാമാലയ ട്രസ്റ്റിനെ അംഗീകരിച്ചതുമാണ്. എന്നാല്‍ പ്രധാനമന്ത്രി തന്റെ വിശ്വസ്തരുടെ ട്രസ്റ്റ് രൂപവത്കരിച്ചതിലും ശങ്കരാചാര്യര്‍ക്ക് എതിര്‍പ്പുണ്ട്. വാരാണസിയില്‍ മോദി നടപ്പാക്കിയ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയില്‍ ഗംഗാ ഘാട്ട് പരിക്രമ ഭാഗത്തെ നൂറ്റമ്പതോളം പുരാതന ആരാധനസ്ഥലികളും പ്രതിഷ്ഠകളും നശിപ്പിക്കപ്പെട്ടു എന്ന് ആരോപിച്ച് അവിമുക്തേശ്വരാനന്ദ് സത്യഗ്രഹം നടത്തിയിരുന്നു.
മോദി രാംലല്ല വിഗ്രഹത്തില്‍ തൊടുന്നതു കണ്ട് കയ്യടിക്കാന്‍ ശങ്കരാചാര്യര്‍ ഉണ്ടാകണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒഡീഷ ജഗന്നാഥപുരിയിലെ ഗോവര്ധന് പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രതികരിച്ചു. പുരി ശങ്കരമഠത്തിന്റെ അതിര്‍ത്തി പ്രയാഗ് വരെയുണ്ട്. എന്നാല്‍ അയോധ്യയുടെ കാര്യത്തില്‍ ഒരിക്കല്‍ പോലും തന്റെ ഉപദേശം തേടിയില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരാളെ മാത്രമേ കൂടെ കൂട്ടാവൂ എന്നു നിര്‍ദേശം ലഭിച്ചു. നൂറുപേരെ കൊണ്ടുചെല്ലാന്‍ പറഞ്ഞാലും ശാസ്ത്രവിധിപ്രകാരമല്ലാത്ത ചടങ്ങില്‍ താന്‍ പങ്കെടുക്കുകയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് ദ്വാരക ശാരദാപീഠത്തിലെ സദാനന്ദ് സരസ്വതിയും കര്‍ണാടക ശൃംഗേരി ശാരദാപീഠത്തിലെ ഭാരതി തീര്‍ഥയും പ്രാണപ്രതിഷ്ഠയ്ക്ക് എത്തിയില്ല.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ രണ്ടു സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപിക്ക് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളരാനും കേന്ദ്രത്തിലും, ദക്ഷിണേന്ത്യയിലൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലേറാനും വഴിതെളിച്ചത് രാമജന്മഭൂമി പ്രക്ഷോഭമാണ്.
വിശ്വഹിന്ദു പരിഷത്തിന്റെയും സന്ന്യാസിമാരുടെയും നേതൃത്വത്തില്‍ 1988-89 കാലത്ത് തുടങ്ങിയ രാം ശിലാപൂജയും, 1990-ല്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള എല്‍.കെ അദ്വാനിയുടെ രഥയാത്രയും അക്രമത്തില്‍ മുങ്ങിയ കര്‍സേവയും, 1992 ഡിസംബര്‍ ആറിലെ ബാബ്റി മസ്ജിദ് തകര്‍ക്കലും ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിലെ നാഴികക്കല്ലുകളാണ്. ഇപ്പോള്‍ 96 വയസുള്ള അദ്വാനിയും, തൊണ്ണൂറുകാരനായ മുരളി മനോഹര്‍ ജോഷിയും അയോധ്യയിലെ അതിശൈത്യം താങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ പ്രാണപ്രതിഷ്ഠാ കര്‍മത്തിന് വരേണ്ടതില്ല എന്ന് അയോധ്യ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആ ആദ്യകാല നേതാക്കളെ അറിയിക്കുകയുണ്ടായി.
പേര്‍ഷ്യനില്‍ ഔധ് എന്നു വിളിച്ചിരുന്ന അയോധ്യയില്‍ 1528-ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ജനറലായ മിര്ബഫി നിര്‍മിച്ചതാണ് ബാബ്റി മസ്ജിദ്. 1949 ഡിസംബറില്‍, ഗോരഖ്നാഥ് പീഠാധിപനും ഹിന്ദു മഹാസഭാ നേതാവുമായ മഹന്ത് ദിഗ് വിജയനാഥിന്റെ (ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ഗാമി) കാര്‍മികത്വത്തില്‍ നടത്തിയ പൂജാകര്മങ്ങള്ക്കൊടുവിലാണ് ബാബ്റി മസ്ജിദിന്റെ താഴികക്കുടത്തിനു താഴെയായി രാംലല്ലയുടെയും സീതയുടെയും മൂര്‍ത്തികള്‍ ”അദ്ഭുതകരമായി പ്രത്യക്ഷപ്പെട്ടത്.” പള്ളിയില്‍ നിന്ന് ആ വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയിലെറിയാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും കേന്ദ്ര ആഭ്യന്തരമന്ത്രി വല്ലഭ്ഭായ് പട്ടേലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്തിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഫൈസാബാദ് ഡപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്ട്രേട്ടുമായിരുന്ന കുട്ടനാട് കൈനകരി കണ്ടംകളത്തില്‍ കെ.കെ നായര്‍ ഹിന്ദുക്കളുടെ തിരിച്ചടിയുണ്ടാകുമെന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവു നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തു. നായരും യുപിക്കാരിയായ ഭാര്യ ശകുന്തളയും പിന്നീട് ഭാരതീയ ജനസംഘില്‍ ചേര്‍ന്നു യുപി നിയമസഭയിലും ഇന്ത്യന്‍ പാര്ലമെന്റിലുമെത്തിയത് അനുബന്ധ കഥ. പുതിയ ക്ഷേത്രസമുച്ചയത്തില്‍ നായര്‍ക്ക് സ്മാരകമൊരുക്കുന്നുണ്ട്.
രാമജന്മഭൂമി തര്‍ക്കഭൂമി സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാബെഞ്ച് 2019 നവംബറില്‍ തീര്പ്പുകല്പിച്ചത് അസാധാരണമായ ഒരു ഉത്തരവിലൂടെയാണ്. ക്ഷേത്രം പൊളിച്ചാണ് ബാബ് റി മസ്ജിദ് നിര്‍മിച്ചതെന്ന വാദത്തിന് തെളിവൊന്നും കോടതി കണ്ടെത്തിയില്ല. പള്ളി കൈയേറി ആദ്യം വിഗ്രഹം പ്രതിഷ്ഠിച്ചതും പിന്നീട് പള്ളി തകര്‍ത്തതും നിയമവിരുദ്ധമാണ്, ക്രിമിനല്‍ കുറ്റമാണ്. അതേസമയം, പ്രത്യേക സാഹചര്യങ്ങളും വിശ്വാസപാരമ്പര്യവും മുന്‍നിര്‍ത്തി 2.7 ഏക്കര്‍ തര്‍ക്കഭൂമി ക്ഷേത്ര നിര്‍മാണ ട്രസ്റ്റിനു കൈമാറണം. തകര്‍ക്കപ്പെട്ട മസ്ജിദിനു പകരം പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനു നല്‍കണമെന്നും കോടതി വിധിച്ചു. അയോധ്യയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ ധന്നിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിനെ ഏല്പിച്ചു. ഇന്തോ ഇസ് ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനു കീഴില്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല എന്ന പേരില്‍ മസ്ജിദ് നിര്‍മിക്കുമെന്ന് പ്രഖ്യാപനമുണ്ടായതല്ലാതെ അഞ്ചേക്കര്‍ കൃഷിഭൂമി തരംമാറ്റല്‍ പോലും പൂര്‍ത്തിയായിട്ടില്ല.
ലഖ്നൗവില്‍ നിന്ന് 140 കിലോമീറ്റര്‍ പടിഞ്ഞാറായി, ഫൈസാബാദിലെ അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രസമുച്ചയം പൂര്‍ത്തിയാകുന്നതോടെ പ്രതിമാസം 45 ലക്ഷം തീര്‍ഥാടകരും ടൂറിസ്റ്റുകളും ഇവിടെ എത്തുമെന്നാണ് കണക്കാക്കുന്നത്. അയോധ്യയില്‍ 31,000 കോടി രൂപ ചെലവില്‍ 178 വികസന പദ്ധതികള്‍ നടപ്പാക്കിയതായി യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നു. അടുത്ത 10 വര്‍ഷം 85,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.
രാം പഥ്, ഭക്തി പഥ്, ധര്‍മ്മ പഥ്, ശ്രീരാം ജന്മഭൂമി പഥ് എന്നിങ്ങനെ പുതിയ നാലുവരി റോഡുകള്‍ക്കായി അയോധ്യയില്‍ നാലായിരത്തോളം വീടുകളും കടകളും പൊളിച്ചുനീക്കി.
മഹര്‍ഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അയോധ്യാ ധാം എന്ന പേരില്‍ 1,450 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് 101 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ രണ്ടു ദിവസം 123 ഫ്ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്തു. ക്ഷേത്രത്തിന്റെ വാസ്തുശില്പ മാതൃകയില്‍ പണിതീര്‍ത്ത മൂന്നു നിലയുള്ള അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനില്‍ 12 ലിഫ്റ്റുകളും 14 എസ്കലേറ്ററുകളുമുണ്ട്. ഇന്ത്യയിലെ 25 പ്രധാന നഗരങ്ങളില്‍ നിന്നായി ആയിരം സ്പെഷല്‍ ട്രെയിനുകളാണ് തീര്‍ഥാടകര്‍ക്കുവേണ്ടി പ്രത്യേകം ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പായി ഗ്രാമങ്ങളില്‍ നിന്ന് പതിനായിരകണക്കിന് തീര്‍ഥാടകരെ സൗജന്യമായി അയോധ്യയില്‍ എത്തിക്കാന്‍ സംഘ്പരിവാര്‍ സംവിധാനമൊരുക്കുന്നുണ്ട്.
അമേരിക്കയിലെ റാഡിസണ്‍ ഗ്രൂപ്പും, ഇന്ത്യയിലെ ടാജ്, ഐടിസി ഗ്രൂപ്പുകളും അയോധ്യയില്‍ ലക്ഷ്വറി ഹോട്ടലുകള്‍ നിര്‍മിക്കുന്നു. പ്രദേശത്തെ രാജകുടുംബം വക 200 മുറിയുള്ള കൊട്ടാരം ഒബ്രോയ് ഗ്രൂപ്പ് ഹോട്ടലാക്കുന്നു. ലുലു ഗ്രൂപ്പ് 300 റൂം പഞ്ചനക്ഷത്ര ഹോട്ടലിന് ഭൂമി വാങ്ങി. നയാഘാട്ടിലെ തീന് കലശ് ക്ഷേത്രവളപ്പില്‍ അയോധ്യ മേയര്‍ ബിജെപി നേതാവ് മഹന്ത് ഗിരീഷ്പതി ത്രിപാഠി രാഘവ് ഇന്‍ എന്ന പേരില്‍ ഗസ്റ്റ് ഹൗസ് ഒരുക്കിയിരിക്കുന്നു. ചെറുതും വലുതുമായി 175 ഹോട്ടലുകളും 500 പുതിയ ഗസ്റ്റ് ഹൗസുകളുമാണ് വരുന്നത്. സര്‍ക്കാര്‍ 25% സബ്സിഡി നല്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമാകുന്ന അയോധ്യ ഇന്ത്യയിലെ വത്തിക്കാനാകും എന്നാണ് ബിജെപി വക്താവ് അവകാശപ്പെടുന്നത്.
അയോധ്യ ക്ഷേത്രത്തിനു പിന്നാലെ, മഥുരയിലെ കൃഷ്ണജന്മഭൂമിയോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മോസ്ക്, വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് എന്നിവ ഹിന്ദുത്വ അജന്‍ഡയില്‍ നിലവിലുണ്ട്. ”യേ തോ സിര്‍ഫ് ഛാംകീ ഹേ, കാശി-മഥുര ബാക്കി ഹേ” (ഇതൊരു ട്രെയ്ലര് മാത്രം, കാശിയും മഥുരയും വരാനിരിക്കുന്നു) എന്നാണ് മുദ്രാവാക്യം. മഥുരയില്‍ ഭഗവാന് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍, ഷാഹി ഈദ്ഗാഹ് തര്‍ക്കം പരിശോധിക്കാന്‍ കമ്മിഷണറെ നിയോഗിക്കാനുള്ള അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഗ്യാന്‍വാപി മോസ്ക്കില്‍ വിഗ്രഹങ്ങളോ പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങളോ ഉണ്ടോ എന്നു പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്ഖനനം നടത്തിയിരുന്നു. ആരാധനാലയങ്ങളുടെ 1947 ഓഗസ്റ്റ് 15-ലെ തത്സ്ഥിതിയില് മാറ്റംവരുത്താനാവില്ല എന്ന 1991-ലെ നിയമം നോക്കുകുത്തിയാണ്.
മഹാത്മാഗാന്ധി 1929-ല്‍ യങ് ഇന്ത്യനില്‍ എഴുതി: ”രാമരാജ്യം എന്നാല്‍ ഹിന്ദു രാജ്യമല്ല. രാമരാജ്യം ഈശ്വരന്റെ രാജ്യമാണ്. രാമനും റഹീമും എനിക്ക് ഒന്നുതന്നെയാണ്. സത്യത്തിന്റെയും നീതിയുടെയും ഈശ്വരനെയല്ലാതെ മറ്റൊരു ദൈവം എനിക്കില്ല.” മതനിരപേക്ഷതയില്‍ നിന്ന് ഹിന്ദുത്വ ദേശീയതയുടെ പ്രധാനാചാര്യന്റെ മേലങ്കിയണിയാന് മോദി തിടുക്കം കൂട്ടുന്നത് ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും മാതൃക പിന്തുടരാനാണോ?
ഹിന്ദുരാഷ്ട്രനിര്‍മിതിയുടെ പഞ്ചാംഗത്തില്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ജനുവരി 22 ‘ജയ് ശ്രീറാം’ എന്ന് അടയാളപ്പെടുത്തുമ്പോള്‍, ജനുവരി 30 ഗാന്ധിസ്മരണയില്‍ ‘ഹേ റാം!’ എന്ന വിലാപവുമുണ്ട്. രണ്ടിനുമിടയില്‍, ജനുവരി 26ന് മോദിയുടെ നവയുഗത്തില്‍ റിപ്പബ്ലിക് ദിനത്തിന് എന്താണു പ്രസക്തി?