കോട്ടപ്പുറം: യേശു ശിഷ്യനായ വിശുദ്ധ തോമസിന്റെയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റേയും വിശുദ്ധ ജോണ്‍ ബ്രിട്ടോയുടേയും പാദസ്പര്ശത്താല് അനുഗ്രഹീതവും പൈതൃകസംസ്കൃതിയാല് അലംകൃതവുമായ മുസിരിസ് നഗരിയായ കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം രൂപതയെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പുതിയൊരു ഇടയനെ ചുമതലയേല്പിച്ചു. രൂപതയെ പോറ്റി വളര്‍ത്താനും പരിപാലിക്കാനും 2023ലെ മെത്രാന് സിനഡിന്റെ പശ്ചാത്തലത്തില്‍ ഏവരേയും ആശ്ലേഷിച്ച് ആശ്വസിപ്പിച്ച് കൂടെ കൊണ്ടുനടക്കാനും മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയുക്തനായി. രൂപതയുടെ മൂന്നാമത്തെ ഇടയനായാണ് 2024 ജനുവരി 20ന് മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായത്.
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിച്ച തിരുകര്‍മങ്ങളില്‍ ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതിയും വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. വൈകീട്ട് 3 മണിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. കനത്ത ചൂടു വകവെയ്ക്കാതെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ജനങ്ങള്‍ നേരത്തെ തന്നെ തിങ്ങിക്കൂടിയിരുന്നു. അവതാരകനായ പുരോഹിതന് ഫാ ഡയസ് വലിയമരത്തുങ്കൽ പുതിയ മെത്രാനെക്കുറിച്ച് ചെറുവിവരണം നല്കി. അപ്പോള്‍ മെത്രാഭിഷേകത്തിന്റെ സൂചനയായി കത്തീഡ്രലിലെ മണികള്‍ മുഴങ്ങി. അതിന്റെ അലയൊലികള്‍ കോട്ടപ്പുറം രൂപതയുടെ നാനാഭാഗങ്ങളിലെ ദേവാലയങ്ങളിലേക്കും പടര്‍ന്നു. മൂന്നു മണിക്ക് കത്തീഡ്രലിന്റെ മുഖ്യ കവാടത്തില്‍ എത്തിയ മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍, വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി, എന്നിവര്‍ക്ക് ബിഷപ് ഡോ. അലക്സ് വടക്കുംതല , റവ.ഡോ ജോൺസൻ പങ്കേത്ത് , കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ എന്നിവർ ചേർന്ന് ഉജ്വലമായ സ്വീകരണം നല്കി. 50 പൊൻകുരിശുകളോടു കൂടെ നൂറ് മാലാഖമാരും പരമ്പരാഗത ചട്ടയും മുണ്ടും ധരിച്ച നൂറ് സ്ത്രീകളും അൻമ്പത് അൾത്താരബാലനാരും ചേർന്ന് സ്വീകരണത്തിന് മാറ്റ് കൂട്ടി.അപ്പോള്‍ തിരുക്കര്‍മ്മങ്ങളുടെ ആമുഖഗീതിയായ പരമ്പരാഗത ലത്തീന്‍ ഗാനം എച്ചേ സാച്ചേര്ദോസ് ‘- ‘ഇതാ മഹാപുരോഹിതന്’ എന്നു തുടങ്ങുന്ന സ്വാഗതഗീതി ഗായകസംഘം ആലപിച്ചു. തുടർന്ന് ഫാ.ജോസഫ് മനക്കില് രചിച്ച് ജെറി അമല്‍ദേവ് ഈണം നല്കിയ ‘വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ ‘ എന്ന പ്രവേശന ഗാനം മുഴങ്ങിയപ്പോൾ നിയുക്ത മെത്രാനും മെത്രാന്മാരും മുഖ്യസഹകാര്മ്മികരും മുഖ്യകാര്‍മികനും വൈദീകരും ബലിവേദിയിലേക്ക് പ്രദക്ഷിണമായി എത്തി. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തല സ്വാഗതം ആശംസിച്ചു . ആർച്ച്ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൻ്റെയും, ഡോ. ജോസഫ് കാരിക്കശേരിയുടെയും സേവനങ്ങളെ അദ്ദേഹം സ്മരിച്ചു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിച്ചു. കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ് ആര്‍ച്ച്ബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ദ്വീതിയ ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി. തിരുകര്മങ്ങളില്അത്യുന്നതനെ പാടി പുകഴ്ത്തുന്ന ഗ്ലോറിയ, ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹവും ഒരുമിച്ചുപാടി. സിസ്റ്റർ മെർലിറ്റ സിടിസി, ബ്രദർ ലിജോ ക്രിസ്റ്റി എന്നിവർ ദൈവവചന വായനകൾ നടത്തി. സെബി തുരുത്തിപ്പുറം സങ്കീർത്തനം ആലപിച്ചു ഡീക്കൻ ജോമിറ്റ് ജോയൻ നടുവിലേവീട്ടിൽ സുവിശേഷ പാരായണം നടത്തി.
ദൈവവചനപ്രഘോഷണത്തിനും സുവിശേഷ വായനയ്ക്കും ശേഷം മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു. പരമ്പരാഗത ലത്തീന്‍ പരിശുദ്ധാത്മ ഗീതമായ ” ‘സ്രഷ്ടാവാം പാവനാന്മാവേ’ എന്നു തുടങ്ങുന്ന ഗാനമപ്പോള് ഭക്തിസാന്ദ്രമായി അഭിഷേക വേദിയില്‍ മുഴങ്ങി. രൂപത ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍, ഡോ. അംബ്രോസിനെ മെത്രാനായി അഭിഷേകം ചെയ്യണമെന്ന് ദൈവജനം അങ്ങയോട് അപേക്ഷിക്കുന്നു എന്ന് മുഖ്യകാര്‍മികനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനോട് അഭ്യര്‍ഥിച്ചു. ‘ അതിനുള്ള അപ്പസ്തോലിക തിട്ടൂരം ലഭിച്ചിട്ടുണ്ടോ’ എന്ന് മുഖ്യകാര്മികന് ചോദിച്ചു. ‘ലഭിച്ചിട്ടുണ്ട്’ എന്ന് മറുപടി. ‘എന്നാല്‍ അതിപ്പോള്‍ വായിക്കട്ടെ’ എന്നു കാര്മികന് പറഞ്ഞു. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ബൂള(ത്രീട്ടൂരം,നിയമനപത്രം) ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍ ലത്തീനിലും രൂപതയുടെ മുൻ ചാൻസലർ റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന് മലയാളത്തിലും വായിച്ചു. തുടർന്ന് ഗായയസംഘം ‘സ്തുതി പാടിടാം സ്തുതിപാടിടാം’ എന്ന് ആലപിച്ചു. ഇതിനു ശേഷം കോഴിക്കോട് ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.
തുടര്‍ന്ന് സന്നദ്ധത പ്രകാശന കർമം നടന്നു. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയുക്ത മെത്രാനോട് ‘മെത്രാനായി അഭിഷേകം ചെയ്യപ്പെടേണ്ടയാള്‍ സത്യവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുകയും ചെയ്യുമെന്നുള്ള ദൃഢനിശ്ചയം ബഹുജനസമക്ഷം പ്രഖ്യാപിക്കണമെന്നു സഭാപിതാക്കന്മാരുടെ പരമ്പരാഗതമായ പതിവ് അനുശാസിക്കുന്നതിനാല്‍ മെത്രാനടുത്ത കടമകള്‍, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍, പാപ്പയുടെ പരമാധികാരത്തിനു വിധേയമായി ജീവിതാന്ത്യം വരെ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ സന്നദ്ധനാണോ’ എന്നു തിരക്കി. സന്നദ്ധത അറിയിച്ചതിനു ശേഷം ഫാ. മിഥുൻ മെൻ്റസ് സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. ഈ സമയം മോൺ.ഡോ. അംബ്രോസ് സാഷ്ടാംഗ പ്രണാമം ചെയ്തു. കാര്‍മികരും ദൈവജനവും മുട്ടുകുത്തി ദീര്‍ഘമായ സകലവിശുദ്ധരുടെ പ്രാര്ഥനാമഞ്ജരിയിൽ പങ്കുചേർന്നു.
പ്രാര്‍ഥനയ്ക്കു ശേഷം കൈവയ്പ്പു ശുശ്രൂഷാ കര്‍മം നടന്നു. നിയുക്തമെത്രാന് പ്രധാനകാര്മികനു മുന്നില്‍ മുട്ടുകുത്തി നിന്നു. പ്രധാനകാര്മികനും തുടര്‍ന്ന് സഹകാര്‍മികരും മറ്റു മെത്രാന്മാരും അദ്ദേഹത്തിന്റെ ശിരസില്‍ കൈകള്‍ വച്ച് മൗനമായി പ്രാര്‍ഥിച്ചു. പിന്നീട് ഡോ. കളത്തിപ്പറമ്പില്‍ അതിനു ശേഷം ശിരസ്സിൽ തൈലാഭിഷേകം നടത്തുകയും സുവിശേഷഗ്രന്ഥദാനം നടത്തുകയും ചെയ്തു.
പുതിയ മെത്രാനെ വിശ്വാസത്തിന്റെ മുദ്രയായി മോതിരമണിയിക്കുകയും ശിരസില്‍ വിശുദ്ധിയുടെ പ്രതീകമായ അംശമുടി അണിയിക്കുകയും ദൈവജനപാലനാധികാരത്തിന്റെ ചിഹ്നമായി അധികാരദണ്ഡു നല്‍കുകയും ചെയ്തു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ ബിഷപ്പ് ഡോ. അംബ്രോസിനെ പ്രധാന ഇരിപ്പിടത്തിലേക്ക് മുഖ്യകാർമികൻ (ഭദ്രപീഠാധ്യാസനം) ആനയിച്ച് ഇരുത്തി. സ്ഥാനഹണത്തിന്റെ പ്രതീകമായിരുന്നു അത് .ഈ സമയം ദൈവജനം കരഘോഷം മുഴക്കി.. തുടര്‍ന്ന് എല്ലാ മെത്രാന്മാരും ബിഷപ് ഡോ. അംബ്രോസിന് സമാധാന ചുംബനം നല്കി.
അപ്പോള്‍ ഗായകസംഘം “ദൈവമേ നിൻ കരുണയെത്ര അവർണ്ണനീയം” എന്ന ഗാനം ആലപിച്ചു. രൂപതയിലെ വൈദീകരും സന്യസ്തരും അല്മായ പ്രതിനിധികളും പുതിയ മെത്രാൻ്റെ മോതിരം ചുംബിച്ച് ആദരവും വിധേയത്വം പ്രകടിപ്പിച്ചു. ഈ സമയം ‘ ദിവ്യമാം ശാന്തിതൻ ദൂതനായെന്നെ നീ നിത്യം നയിക്കണമേ’ എന്ന ഗാനം ഗായകസംഘം ആലപിച്ചു.
കാഴ്ചവയ്പ് പ്രദക്ഷിണത്തിൽ ബിഷപ് ഡോ.അംബ്രോസിന്റെ കുടുംബാംഗങ്ങളും രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കുചേർന്നു. ‘കാല്വരിക്കുന്നിന് നിഴലില്‍ കത്തും ദീപ സന്നിധില്‍’ എന്നു തുടങ്ങുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എഴുതി ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനം അപ്പോള്‍ ആലപിച്ചു.. നൈവേദ്യ പ്രാര്‍ഥനയ്ക്കു ശേഷം പുതിയ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്നു. ദിവ്യകാരുണ്യസ്വീകരണ സമയത്ത് കോട്ടപ്പുറത്തിൻ്റെ പുത്രന് യശഃശരീരനായ ഫാ. ജേക്കബ് കല്ലറക്കല്‍ രചിച്ച് ഈണം പകര്‍ന്ന ‘വാവ യേശുനാഥ വാവ സ്നേഹനാഥ’എന്ന ഗാനവും ‘ ദിവ്യസക്രാരിയില്‍ കൂദാശയില്‍’ എന്നാരംഭിക്കുന്ന ഫാ. ജോസഫ് മനക്കില് രചിച്ച് ഫ്രാന്‍സിസ് മനക്കില് ഈണം നല്കിയ ഗാനവും ആലപിച്ചു. ഭയഭക്തിപൂർവം പട്ടുകുടകളുടെ കീഴിൽ എഴുന്നള്ളിച്ചാണ് ദിവ്യകാരുണ്യം നല്‍കിയത്.
ദിവ്യഭോജന പ്രാര്‍ഥനയ്ക്കു ശേഷം ‘ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു
അങ്ങേക്കായെന്നും സ്തോത്രങ്ങൾ’ എന്ന കൃതജ്ഞതാസ്തോത്രഗീതം ആലപിക്കുമ്പോള്‍, ബിഷപ് അംബ്രോസ് ജനമധ്യത്തിലൂടെ നടന്ന് അവരെ ആശീര്‍വദിച്ചു. തുടര്‍ന്ന് അദ്ദേഹം സമാപനാശീര്‍വാദം നല്കി.
തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ഡോ ജിറേലി ബിഷപ് അംബ്രോസിന് ആശംസകള്‍ അറിയിക്കുകയും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നന്ദി പ്രകാശിപ്പിച്ചു.
സാന്ത്വനശുശ്രൂഷയുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്ന ”എന്റെ ജനത്തെ സ്നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും” എന്ന ഏശയ്യാ പ്രവാചകന്റെ വചനം (ഏശയ്യ 40: 1) തന്റെ ആപ്തവാക്യവും സ്ഥാനികചിഹ്നവുമായി തിരഞ്ഞെടുത്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ആശ്വസിപ്പിക്കാനുള്ള ദൗത്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. 29
വൈദികമേലധ്യക്ഷന്മാര്, 300 വൈദീകർ 400 സന്യസ്തർ, മത-രാഷ്ട്രീയ-സാംസ്കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, പതിനായിരത്തിൽപരം വിശ്വാസികള്‍ എന്നിവരുടെ നിറഞ്ഞ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.