അങ്ങ് ജനിച്ചു വളര്‍ന്ന നാട് വൈപ്പിന്കരയിലെ മുനമ്പം പള്ളിപ്പുറമാണ്. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലം. വിശ്വാസപരമായും പ്രാധാന്യമുണ്ട്. അങ്ങയുടെ ദൈവവിളിക്ക് മഞ്ഞുമാതാവിന്റെ നാട് എത്രമാത്രം സഹായകമായിരുന്നിട്ടുണ്ട്?
മഞ്ഞുമാതാവിനോടുള്ള ഭക്തി പള്ളിപ്പുറം പ്രദേശവാസികളുടെ ജീവശ്വാസത്തിന്റെ ഭാഗമാണ്. അത് ഈ നാടിന്റെ ഒരു സ്വകാര്യ അഹങ്കാരമാണെന്നു പറയാം. എന്റെ മാതാപിതാക്കള്‍ക്കും മഞ്ഞുമാതാവിനോട് വലിയ ഭക്തിയുണ്ടായിരുന്നു. അമ്മ പഠിപ്പിച്ച സുന്ദരമായ പ്രാര്‍ഥന പലപ്പോഴും ഞാന്‍ ചൊല്ലാറുണ്ട്: ”മഞ്ഞുമാതാവേ, മലപോലെ വന്നതെല്ലാം മഞ്ഞാക്കി തീര്‍ക്കണമേ. യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ, പെട്ടെന്നുള്ള മരണത്തില്‍ നിന്ന് രക്ഷിക്കണമേ.” കുഞ്ഞുനാള് മുതല്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നതും അതിനു മുമ്പ് പള്ളിക്കുമുമ്പിലുള്ള മഞ്ഞുമാതാവിന്റെ കപ്പേളയില്‍ പ്രാര്‍ഥിക്കുന്നതുമെല്ലാം പതിവായിരുന്നു. അഞ്ചു വയസ് മുതല്‍ മഞ്ഞുമാതാ പള്ളിയിലെ അള്‍ത്താര ബാലനുമായി. ഇതെല്ലാം ദൈവവിളിയെ സ്വാധീനിച്ചിട്ടുണ്ട്.
മാതാപിതാക്കളുടെ ജീവിതവും അവര്‍ മക്കളെ വളര്‍ത്തിയ രീതിയുമൊക്കെ ദൈവവിളിയെ സ്വാധീനിക്കാറുണ്ട്. അങ്ങയുടെ അനുഭവം?
തീര്‍ച്ചയായും എന്റെ മാതാപിതാക്കള്‍ എന്റെ വൈദിക ജീവിതത്തിലേക്കുള്ള ദൈവവിളിയില്‍ വലിയ പ്രചോദനവും സ്വാധീനവും ആയിരുന്നു. അനുദിന ദിവ്യബലി മുടക്കാത്ത വ്യക്തിയായിരുന്നു അമ്മ. അപ്പനാകട്ടെ ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നതു മുതല്‍ എനിക്കുവേണ്ടി കുര്‍ബാന മുടക്കിയിട്ടില്ല. അതിനുവേണ്ടിയുള്ള നൈവേദ്യമായി ജീവിതം തന്നെ അപ്പന് മാറ്റിയെടുത്തു. അപ്പന് പ്രാര്‍ഥനയില്‍ കണിശക്കാരനായിരുന്നു. അമ്മയ്ക്കാകട്ടെ ചിരിക്കാനും പ്രാര്‍ഥിക്കാനും മാത്രമാണ് അറിയാമായിരുന്നത്. മക്കള്‍ അനുദിന ദിവ്യബലിയില്‍ പങ്കെടുക്കണമെന്ന സ്നേഹപൂര്‍വമായ ശാഠ്യവും അമ്മയ്ക്കുണ്ടായിരുന്നു. ഇതൊക്കെ എന്റെ ജീവിതത്തെയും ദൈവവിളിയെയും സ്വാധീനിച്ചു.
ദൈവവിളിയിലേക്കുള്ള പ്രചോദനമായി പ്രവര്‍ത്തിച്ച, സ്വാധീനിച്ച, പ്രചോദിപ്പിച്ച ഏതെങ്കിലും വൈദികരോ സന്ന്യസ്തരോ അല്മായരോ ഉണ്ടോ?
പള്ളിപ്പുറം പള്ളിയിലെ വൈദികരെല്ലാം എനിക്ക് പ്രചോദനമായിരുന്നു. മഞ്ഞുമാതാ ഇടവകയില്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ് വളവന്തറ, കൊച്ചച്ചന്മാരായിരുന്ന ഫാ. പോള്‍ തുണ്ടിയില്‍, ഫാ. ആന്റണി കൊപ്പാണ്ടുശ്ശേരി, ഫാ. ജോസഫ് തണ്ണിക്കോട്ട്, ഫാ. ആന്റണി മഠത്തിപറമ്പില്‍ എന്നിവരെല്ലാം എന്റെ ദൈവവിളിയെ സ്വാധീനിച്ചവരാണ്. അതുപോലെ പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരും മതാധ്യാപകരുമെല്ലാം വൈദിക ജീവിതത്തിലേക്ക് എനിക്ക് പ്രചോദനമേകിയവരാണ്.
പൈതൃക സമ്പന്നമായ കോട്ടപ്പുറം രൂപതയുടെ മെത്രാന് ആകുമ്പോള്‍ ആത്മീയ ഭൗതിക മേഖലകളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്? മുന്‍ഗാമികള്‍ രണ്ടുപേരുടെയും പ്രവര്‍ത്തനം എത്രമാത്രം സ്വാധീനിക്കും?
എല്ലാ ജനവിഭാഗങ്ങളോടും സ്നേഹത്തോടും സൗഹാര്‍ദ്ദത്തോടും കൂടെ ഇടപെട്ടിരുന്ന ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റെ മതസൗഹാര്‍ദ്ദപരമായ രീതിയും പാവപ്പെട്ടവരോട് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ച ജോസഫ് കാരിക്കശേരി പിതാവിന്റെ ശൈലിയും മുന്നോട്ടുള്ള പാതയില്‍ വഴിവിളക്കാണ്. അഭിവന്ദ്യ പിതാക്കന്മാര് കാണിച്ചുതന്ന വലിയ തുറവിയുടെ മനോഭാവം, അത് തീര്‍ച്ചയായും പിന്തുടരും. ആത്മീയമായും ഭൗതികമായും രൂപത ഇനിയും ഒരുപാട് വളരേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഏതുവിധത്തില്‍ ആയിരിക്കണമെന്നത് കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തേണ്ടതാണ്. എങ്കിലും വിശ്വാസ കാര്യങ്ങളില്‍ ആന്തരീകരണവും ആഴത്തിലുള്ള ആത്മീയതയും പ്രധാനപ്പെട്ടതാണെന്നു കരുതുന്നു.
കോട്ടപ്പുറം രൂപത വളരെ വിസ്തൃതമാണ്. എന്നാല്‍ ചില മേഖലകളില്‍ റോമന്‍ കത്തോലിക്കാ പള്ളികള്‍ തീരെ ഇല്ലാത്ത അവസ്ഥയുണ്ട്. കൂടുതല്‍ ആരാധനാലയങ്ങള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുക്കുമോ?
അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി പിതാവ് രൂപതയുടെ വടക്കന്‍ മിഷന് മേഖലയുടെ വികസനത്തിനും ഉന്നമനത്തിനുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയുണ്ടായി. വടക്കന്‍ മിഷന് മേഖലയ്ക്കു വേണ്ടി ഒരു എപ്പിസ്കോപ്പല്‍ വികാരിയെത്തന്നെ അദ്ദേഹം നിയമിച്ചു. പിതാവ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ഒരു ആടും നഷ്ടപ്പെട്ടു പോകരുതല്ലോ. അതിനാല്‍ അജപാലന ആവശ്യങ്ങള്‍ക്കനുസരിച്ച് ആ മേഖലയില്‍ ചിതറിപ്പാര്‍ക്കുന്ന റോമന്‍ കത്തോലിക്കര്‍ക്കായി പള്ളികള്‍ സ്ഥാപിക്കാനും ആരാധനയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ശ്രമിക്കും.
കോട്ടപ്പുറം രൂപത സാധാരണക്കാരായ വിശ്വാസികള്‍ ജീവിക്കുന്ന സ്ഥലമാണെന്നു പറയാം. നിര്‍മാണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരാണ് ബഹുഭൂരിപക്ഷം പേരും. കിഡ്സിന്റെ പ്രവര്‍ത്തനം കുറേക്കൂടി വ്യാപിപ്പിച്ച് ഇവരെ മുഖ്യധാരയില്‍ എത്തിക്കാനും അടുത്ത തലമുറയെ വിദ്യാസമ്പന്നരാക്കാനും പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടോ?
സാധാരണക്കാരായ ജനങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ നിരവധി പദ്ധതികള്‍ മുന്‍പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. വിവിധ ജോലികള്‍ ചെയ്യുന്നവരുടെ സംഗമങ്ങള്‍ നടത്തി അവരെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇനിയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കേണ്ടതുണ്ട് .പ്രത്യേകിച്ച്, സാധാരണക്കാരായ തൊഴിലാളികളെ സാമ്പാദ്യശീലത്തിലേക്കു വളര്‍ത്താനും അതുപോലെ അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുമൊക്കെയുള്ള പദ്ധതികള്‍ ഇനിയും ഉണ്ടാകണം. ഇതിനൊക്കെയായുള്ള കിഡ്സിന്റെ പ്രവര്‍ത്തനങ്ങളെ ബലപ്പെടുത്തണം.
രൂപതയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറവാണ്. അത് പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകുമോ?
രൂപതയുടെ കീഴില്‍ രണ്ട് സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനാഞ്ചേരിക്കുന്നിലെ പ്രസന്റേഷന് കോളജും കിഡ്സിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന സ്റ്റെല്ല മാരിസ് കോളജും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവുക നല്ലതുതന്നെ. എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് അത്തരം സ്ഥാപനങ്ങളിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കുക എന്നുള്ളത്. അതിന്റെ ഭാഗമായാണ് കുട്ടികളുടെ സമഗ്ര വളര്‍ച്ച മുന്നില്‍ കണ്ട് ജെറ്റ് (ഖഋഠ ഖീ്യീൗ െഋിവമിരലാലി േീള ഠമഹലിെേ) എന്ന പദ്ധതി കിഡ്സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ആസൂത്രണം ചെയ്തുവരുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേകമായി ഒരു വൈദികനെ നിയമിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
ഇന്നത്തെ യുവാക്കള്‍ ആത്മീയതയോട് വിമുഖത കാണിക്കുന്നുവെന്നും ദൈവവിളികള്‍ കുറയുന്നുവെന്നും പരാതികള്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ എല്ലാകാലത്തും ഇതു തന്നെയായിരുന്നില്ലേ സ്ഥിതി? പുതിയ കാലഘട്ടത്തില്‍ യുവാക്കളെ സഭയോടു ചേര്‍ത്തുനിര്‍ത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതല്ലേ?
നാളത്തെ സഭയാണ് യുവജനങ്ങള്‍. യുവത്വത്തിന്റെ പ്രത്യേകതകള്‍ ആ പ്രായത്തിനുണ്ട്. അതു മനസിലാക്കി യുവജനങ്ങളെ സഭയോടു ചേര്‍ത്തുതന്നെ നിര്‍ത്തണം. ആത്മീയത എന്നു പറയുമ്പോള്‍ ജീവിതപ്രശ്നങ്ങളുമായി സംവാദത്തില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ചില കാഴ്ചപ്പാടുകള്‍ ആണ്. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തീര്‍ച്ചയായും അവര്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കും. യുവജനങ്ങളെ വിശ്വസിക്കുകയും അവരെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് ഉത്തരവാദിത്വമുള്ളവരാക്കുകയും വേണം. ഈ ഉത്തരവാദിത്വബോധവും അത് ഏറ്റെടുക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും അവരെ ദൈവത്തിലേക്ക്, ആത്മീയതയിലേക്ക് നയിച്ചുകൊള്ളും.
യുദ്ധങ്ങള്‍, അസമത്വങ്ങള്‍, വര്‍ണ്ണവിവേചനം തുടങ്ങി ലോകം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ ജനറല്‍ അസംബ്ലി പാപ്പാ വിളിച്ചുചേര്‍ത്തത്. കാലത്തിന്റെ മാറ്റം സഭ ഉള്‍ക്കൊണ്ടുവെന്ന് സിനഡാത്മക സിനഡിന്റെ ആദ്യഘട്ട ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ പറയാന്‍ സാധിക്കുമോ?
തീര്‍ച്ചയായും സഭ കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ സഭയില്‍ എല്ലാവരും (വ്യക്തിപരമായി) ഇത് ഉള്‍കൊണ്ടിട്ടുണ്ടോ എന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. താഴെത്തട്ടിലേക്ക് നമുക്ക് കാര്യങ്ങളെ എത്തിക്കാന്‍ സാധിച്ചോ എന്നുള്ളതും പരിശോധിക്കണം. ഫ്രാന്‍സിസ് പാപ്പായുടെ മനസ്സോളം സഭയ്ക്കും സഭയിലെ നേതൃത്വത്തിനും വിശ്വാസീ സമൂഹത്തിനും വളരാന്‍ സാധിച്ചോ എന്നതും വിലയിരുത്തപ്പെടേണ്ടതാണ്.
സെമിനാരികളുടെ ചുമതലകള്‍ അങ്ങ് വഹിച്ചിരുന്നുവല്ലോ. ഇപ്പോഴത്തെ രൂപീകരണ രീതികളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വേണമെന്നു തോന്നുന്നുണ്ടോ? ഉദാഹരണത്തിന്, പഠനദൈര്ഘ്യം, പാഠ്യവിഷയങ്ങള്‍ എന്നിവ.
വൈദിക പരിശീലനത്തിലും പൗരോഹിത്യ ജീവിതത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. മാറ്റാന്‍ പറ്റാത്ത, എന്നും മാറാതെ നിലനില്ക്കേണ്ട പൗരോഹിത്യത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ ഉണ്ടെന്ന് അനുസ്മരിച്ചുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ഇന്നത്തെ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനിക കാലഘട്ടത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ അജപാലന കാര്യങ്ങളില്‍ കൂടുതല്‍ പ്രായോഗികമായ പരിശീലനം നല്കുകതന്നെ വേണം. പഠനം പ്രധാനപ്പെട്ടതുതന്നെ. പക്ഷേ വൈദിക ജീവിതത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങള്‍ പരിശീലന കാലത്ത് കൊടുക്കാന്‍ ആകണം. ഫ്രാന്‍സിസ് പാപ്പായുടെ മനസ്സുപോലെ, ആടുകളുടെ മണമുള്ള, കരുണയുള്ള, കരുതലുള്ള ഇടയന്മാര് രൂപപ്പെടേണ്ടിയിരിക്കുന്നു.
മാധ്യമങ്ങളിലൂടെ സഭയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനെ ഫലപ്രദമായ നേരിടാന്‍ നമുക്കു പലപ്പോഴും കഴിയുന്നില്ല. പുതിയ മാധ്യമ രീതികള്‍ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനും തയ്യാറാകേണ്ടതല്ലേ?
മാധ്യമങ്ങളെ സഭ വളരെ പ്രാധാന്യത്തോടെ തന്നെയാണ് വീക്ഷിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡിക്രിയായ ഇന്റര്‍ മിറിഫിക്ക (കിലേൃ ങശൃശളശരമ) ഇതേക്കുറിച്ച് വളരെ ശക്തമായി പറയുന്നുണ്ട്. കൗണ്‍സില്‍ കഴിഞ്ഞ് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്രയും പ്രാധാന്യത്തോടെ ഈ രംഗത്തെ നമ്മള് കാണാതെ പോകുന്നുണ്ടോ എന്നു വിലയിരുത്തണം. അതുപോലെ, ഇക്കാലഘട്ടത്തില്‍ മാധ്യമരംഗം വളരെ സജീവവും സ്വാധീനശക്തിയുള്ളതുമായതിനാല് സെമിനാരികളില്‍ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ കൂടിയും, ഈ വിഷയത്തിന് കൂടുതല്‍ ശ്രദ്ധ നല്കേണ്ടതുണ്ടെന്നു തോന്നുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകളെയും നമ്മള് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സഭയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കുള്ള ഒരു മറുപടി കൂടിയായിരിക്കും ഇത്. ഈയിടെ ഇറങ്ങിയ ‘ഫെയ്സ് ഓഫ് ദ് ഫെയ്ലെസ്’ പോലുള്ള സിനിമകളെ നമ്മള് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ പേര് കാണുകയും വേണം.
കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ലത്തീന്‍ സഭയ്ക്ക് എത്രമാത്രം പ്രയോജനം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്? അടുത്തിടെ കെആര്‍എല്‍സിസി സംഘടിപ്പിച്ച ജനജാഗരം പദ്ധതി പോലുള്ളവ ഭാവിയില്‍ പ്രയോജനപ്രദം ആകുമെന്ന് കരുതുന്നുണ്ടോ?
പല തുരുത്തുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന്‍ രൂപതകളെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനും സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി ഒരേ ശബ്ദത്തോടുകൂടി കൂട്ടായി പ്രവര്‍ത്തിക്കുന്നതിനുമെല്ലാം കെആര്‍എല്‍സിസി പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇനിയും നമ്മള് ബഹുദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്റെ പൊതുവായ പ്രശ്നങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഉയര്‍ത്തിയുള്ള ‘ജനജാഗരം’ നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു. അതിനു ഫലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യങ്ങള്‍ നമ്മുടെ ജനങ്ങളിലേക്ക് എത്രമാത്രം എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതും ചിന്തിക്കേണ്ടതുതന്നെയാണ്.
സഭാത്മക കാര്യങ്ങളിലെ നമ്മുടെ തീക്ഷ്ണതയും സുവിശേഷവത്ക്കരണത്തിലും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിലുമുള്ള ജാഗ്രതയും ശ്രദ്ധേയമാണ്. ഇതിനു സമാന്തരമായ സാമൂഹിക വികസനത്തിന് സാമുദായിക മുന്നേറ്റം, അധികാര പങ്കാളിത്തത്തിനായുള്ള രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയിലെ പോരായ്മകളാണ് ലത്തീന്‍ സമൂഹത്തിന്റെ പരാധീനതകള്‍ക്കു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സഭയുടെ സാമൂഹിക ദര്‍ശനത്തില്‍ ഇത് ഉള്‍പ്പെടുന്നില്ലേ?
സഭയുടെ സാമൂഹിക ദര്‍ശനത്തില്‍ ഇക്കാര്യം തീര്‍ച്ചയായും ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ അവകാശങ്ങള്‍ക്കു വേണ്ടിയിട്ടുള്ള പോരാട്ടം നമ്മള് നടത്തിക്കൊണ്ടിരിക്കുന്നത്. സമുദായ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് അധികാരത്തില്‍ പങ്കാളിത്തത്തിനായുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടിയിരിക്കുന്നു.
മെത്രാന് എന്ന നിലയില്‍ പിതാവിന്റെ ആപ്തവാക്യം എന്താണ്? എന്താണ് അതിന്റെ പൊരുള്‍? സ്ഥാനികമുദ്രയിലെ അര്ഥസൂചനകളും വിശദീകരിക്കാമോ?
”എന്റെ ജനത്തെ സ്നേഹിക്കാനും അവര്‍ക്ക് സാന്ത്വനമേകാനും” എന്ന ആപ്തവാക്യമാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. ഏശയ്യ പ്രവാചകന്റെ പുസ്തകം 40: 1 ആണ് അതിന് ആധാരം. അജപാലന അനുഭവങ്ങളില്‍ ആശ്വാസം തേടിയെത്തുന്ന ഒരുപാടു പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ഥാടനകേന്ദ്രത്തില്‍ സേവനം ചെയ്യുമ്പോള്‍. രോഗവും കടബാധ്യതയും ഒക്കെയായി നിസ്സഹായാവസ്ഥയില്‍ ആയിരിക്കുന്ന വളരെയധികം പേരെ ദിവസവും കാണാനും അവരുമായി സംസാരിക്കാനുമെല്ലാം സാധിച്ചിട്ടുണ്ട്. അതൊക്കെയാണ് ആശ്വസിപ്പിക്കാനുള്ള ദൗത്യത്തെ കുറിച്ചുള്ള ചിന്ത മനസ്സില്‍ ഉദിപ്പിച്ചത്. അതുപോലെ എന്റെ ആത്മീയ പിതാവ് എനിക്കുവേണ്ടി പ്രാര്‍ഥിച്ച അവസരത്തില്‍ ഒരു വിശറി കാണുന്നതിനെക്കുറിച്ച് പറയുകയുണ്ടായി. അതും ആശ്വസിപ്പിക്കാനുള്ള ദൗത്യം എന്റെ മനസ്സില്‍ ഉറപ്പിച്ചു. ഭൗതികമായി ഒന്നും കൊടുത്തില്ലെങ്കില്‍ പോലും കേള്‍ക്കാനുള്ള മനസ്സുണ്ടെങ്കില്‍ അത് വലിയ ആശ്വാസം നല്‍കുമെന്ന് പലപ്പോഴും അനുഭവം പഠിപ്പിച്ചിട്ടുണ്ട്.
സ്ഥാചിഹ്നത്തില് ആദ്യഘടകം ക്രിസ്തുവിന്റെ മുറിപ്പെട്ട കരമാണ്. ഇന്ത്യന്‍ നാട്യശാസ്ത്രത്തിലെ അഭയമുദ്രയാണത്. തന്റെ ജനത്തിന് ക്രിസ്തുവിന്റെ സ്നേഹസാന്ത്വനം ഏകുന്ന മെത്രാന്റെ ജീവിതദൗത്യം ഇത് വെളിപ്പെടുത്തുന്നു. അഭയ മുദ്രയ്ക്ക് സമീപം ഇംഗ്ലീഷിലെ ‘ജ’ എന്ന അക്ഷരമാണ്. ഗ്രീക്കില്‍ അത് ‘തുശേെീ’െ ക്രിസ്തോസ് (തൃശേെീ)െ ആണ്. ക്രിസ്തു സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ മെത്രാന്റെ അംശവടിയെയും അജപാലകന്റെ നേതൃസ്ഥാനത്തെയും ഈ ചിഹ്നം വ്യക്തമാക്കുന്നു. മുറിക്കപ്പെട്ട അപ്പം, അജഗണങ്ങള്‍ക്കായി മുറിക്കപ്പെടുന്ന ഇടയന്റെ സ്വയാര്‍പ്പണത്തെ ദൃശ്യവല്‍ക്കരിക്കുന്നു.
മിലാനിലെ വിശുദ്ധ അംബ്രോസിന്റെ പേരുകാരനായി ഇതിനുമുമ്പ് മലയാളക്കരയില്‍ ഏതെങ്കിലും യൂറോപ്യന്‍ മിഷനറി മെത്രാന് ഉണ്ടായിട്ടുണ്ടാകാം. വേദപാരംഗതനായ അംബ്രോസിന്റെ ദൈവശാസ്ത്ര രചനകളോ ജീവിതദൃഷ്ടാന്തങ്ങളോ ആയി ബന്ധപ്പെട്ട എന്തെങ്കിലും പിതാവിനെ സ്വാധീനിച്ചിട്ടുണ്ടോ? വൈപ്പിന്കരയിലെ എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയുമായി ബന്ധപ്പെട്ട് കുടുംബത്തിലെ എന്തെങ്കിലും അനുഭവം ജ്ഞാനസ്നാന നാമം ലഭിക്കാന്‍ കാരണമായിട്ടുണ്ടോ?
വിജയപുരം രൂപതയുടെ രണ്ടാമത്തെ മെത്രാന് അംബ്രോസ് നാമധാരിയായിരുന്നു. ബിഷപ് ഡോ. ജോണ്‍ അംബ്രോസ് അബസോളോ ഒസിഡി (1950 1971). യാമപ്രാര്‍ഥനകളുടെ ഭാഗമായുള്ള വിശുദ്ധ അംബ്രോസിന്റെ സങ്കീര്‍ത്തനങ്ങളുടെ വ്യാഖ്യാനം എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. മഹാവിശുദ്ധനായ അഗസ്റ്റിനെ മാനസാന്തരപ്പെടുത്തിയ വ്യക്തിയാണ് വിശുദ്ധ അംബ്രാസ് എന്നതും പലപ്പോഴും ഓര്‍മ്മയില്‍ വരാറുണ്ട്. എന്റെ അമ്മയുടെ വീട് എടവനക്കാടാണ്. ജ്യേഷ്ഠന് ഏലിയാസ് ജോപ്പന്റെ ജനനത്തിനു ശേഷം മാതാപിതാക്കള്‍ക്കു ലഭിച്ചത് രണ്ടു പെണ്മക്കളെയാണ്. അതുകൊണ്ട് അടുത്തത് ഒരു ആണ്‍കുഞ്ഞിനു വേണ്ടി അവര്‍ ആഗ്രഹിച്ചിരുന്നു. ആണ്‍കുഞ്ഞിനെ ലഭിച്ചാല്‍ വിശുദ്ധ അംബ്രോസിന്റെ പേരിടാമെന്നും എല്ലാവര്‍ഷവും വിശുദ്ധന് അടിമ കഴിക്കാമെന്നും അമ്മ നേര്‍ന്നിരുന്നു. അങ്ങനെയാണ് ആ പേര് എനിക്കു ലഭിച്ചത്. എനിക്ക് എപ്പോഴും അവിടെ പോയി അടിമ കഴിക്കാന്‍ സാധിച്ചില്ലെങ്കില്തന്നെ കുടുംബത്തിലെ ആരെങ്കിലും പോയി എനിക്കുവേണ്ടി ഇപ്പോഴും ആ നേര്‍ച്ച നിര്‍വഹിക്കുന്നുണ്ട്.
ഏറെ ഇഷ്ടപ്പെടുന്ന പ്രാര്‍ഥന ജപം, ഉരുവിടുന്ന ഇമ്പമേറിയ വരികള്‍ ഏതാണ് – വിശിഷ്ട അനുഷ്ഠാനചര്യ പോലെ എന്തെങ്കിലും?
സഭ എന്നെ ഭരമേല്പ്പിച്ച ഔദ്യോഗിക യാമപ്രാര്ഥനകള് ജീവിതത്തിന്റെ ഭാഗമാണ്. അതുപോലെ വിശുദ്ധബലിക്കു ശേഷമുള്ള കൃതജ്ഞതാ പ്രാര്‍ഥന വളരെയധികം ഇഷ്ടപ്പെടുന്നു. ഇടവകയില്‍ ആയിരുന്നപ്പോള്‍ ഈ സമയം ഇടവകയുടെ വിശുദ്ധീകരണത്തിനു വേണ്ടിയാണ് പ്രാര്‍ഥിച്ചിരുന്നത്. ഇപ്പോള്‍ അതു രൂപതയുടെ വിശുദ്ധീകരണത്തിനു വേണ്ടിയായി. കുറെ നാളുകളായി ‘പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യണമേ’ എന്ന പ്രാര്‍ഥന ഒരു ഉള്‍പ്രേരണയാല്‍ കൂടെകൂടെ ചൊല്ലുമായിരുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള പരിശുദ്ധ ജപമാല വൈദികജീവിതത്തിന്റെ കരുത്താണ്. കരുണയുടെ ജപമാലയും എനിക്ക് വളരെ ഇഷ്ടമാണ്.