ന്യൂഡൽഹി: എഴുപത്തിയഞ്ചാം റിപബ്ലിക് ദിന പരേഡ് നേരിട്ട് കാണാൻ കേരളത്തിൽനിന്ന് 200 ഓളം പേർക്ക് ക്ഷണം. 26 ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിലാണ് പരേഡ് നടക്കുക. വിവിധ മേഘലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികൾക്കാണ് പരിപാടിയിൽ പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ളത്.
വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, വീർ ഗാഥ 3.0 മത്സര വിജയികളായ വിദ്യാർഥികളും ഇതിൽ ഉൾപ്പെടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 15,000 ത്തോളം ആളുകളാണ് ഇത്തവണ റിപബ്ലിക് ദിന പരേഡിലെ പ്രത്യേക ക്ഷണിതാക്കൾ.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് പരേഡിലേയ്ക്ക് പ്രത്യേക ക്ഷണമുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, വനിതാ തൊഴിലാളികൾ, സ്വയം സഹായ സംഘങ്ങൾ, ഉത്പാദക സംഘങ്ങൾ തുടങ്ങിയവർക്കാണ് പരേഡ് നേരിട്ട് കാണാൻ ക്ഷണം ലഭിച്ചത്.