ഇന്ത്യാ രാജ്യത്ത് പൗരന് വിലയുണ്ടെന്ന് കരുതുന്ന ഒരു നീതിപീഠം ഇനിയും ബാക്കിയുണ്ടെന്ന ഒരു പ്രത്യാശ പകര്‍ന്ന വിധിയായിരിന്നു, ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചത്. 2002ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വര്‍ഗീയ കലാപത്തില്‍, ബില്‍ക്കിസ് ബാനുവിനെ അതിനികൃഷ്ടമായി പീഡിപ്പിച്ച 11 കുറ്റവാളികളെ കുറ്റവിമുക്തരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് നാഗരത്നയും ജസ്റ്റിസ് ഉജല്‍ ഭുയാനും ഒന്നിച്ചെഴുതിയ ഈ വിധി അത്രമേല്‍ ഈ രാജ്യമനഃസാക്ഷി ആശിച്ചതാണ്.
കഴിഞ്ഞ 21 വര്‍ഷങ്ങളായി ബില്‍ക്കിസ് ബാനു അനുഭവിച്ച മാനസികപ്രതിസന്ധികളും കുടിച്ച കണ്ണീരും വൃഥാവിലായില്ല.
അതുകൊണ്ടാണ് നാളിതുവരെ മുഖം മറക്കാതെ മീഡിയയെ നേരിട്ട ആ ധീരവനിത, വിധിക്കുശേഷം ജനുവരി എട്ടിന് എഴുതിയ കുറിപ്പില്‍ ‘ഇന്നാണ് ശരിക്കും എന്റെ പുതുവത്സര പിറവി ദിനം. ഞാന്‍ ആശ്വാസത്തിന്റെ കണ്ണീര് തേങ്ങിച്ചൊരിഞ്ഞു. ഒന്നരവര്‍ഷത്തിനിടയില്‍ ആദ്യമായി ഞാന്‍ പുഞ്ചിരിച്ചു. എന്റെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. പര്‍വ്വതത്തിന്റെ കനമുള്ള ഒരു കല്ല് നെഞ്ചില്‍ നിന്നും എടുത്തു മാറ്റിയ പോലെ എനിക്ക് തോന്നുന്നു. എനിക്ക് വീണ്ടും ശ്വസിക്കാനാകുമെന്നും. ഇങ്ങനെയാണ് നീതി അനുഭവപ്പെടുന്നത്.
എനിക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കും എല്ലാവര്ക്കും തുല്യനീതി എന്നതിന്റെ ന്യായീകരണവും പ്രത്യാശയും പ്രദാനം ചെയ്തതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് ഞാന്‍ നന്ദി പറയുന്നു’
വര്‍ഗീയ ഭ്രാന്തുപിടിച്ച അക്രമികളുടെ കണ്‍വെട്ടത്തു നിന്ന് എവിടേക്കെങ്കിലും രക്ഷപ്പെടാന്‍ മൂന്നു വയസ്സുള്ള കുട്ടിയും കുടുംബാംഗങ്ങളുമൊത്ത് പലായനം ചെയ്തതാണ് ബില്‍ക്കിസ് ബാനു. അന്നവള്‍ക്ക് പ്രായം 21 വയസ്സ്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അക്രമികള്‍ അവളെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ 14 പേരെ കൊന്നുതള്ളുകയും ചെയ്തു. മരിച്ചെന്നു കരുതി വേട്ടനായ്ക്കള്‍ ഉപേക്ഷിച്ചു പോയ ബില്ക്കിസില് പക്ഷേ, ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നു. നീതിക്കുവേണ്ടി ഉള്‍ക്കരുത്തോടെ പോരാടാനുള്ള നിയോഗമായിരിക്കാം ജീവിതത്തിലേക്കുള്ള അവളുടെ ആ തിരിച്ചു വരവ്. ബില്‍ക്കിസ് ബാനുവിന്റെ നിയമ പോരാട്ടത്തിനൊടുവില്‍ കുറ്റവാളികള്‍ക്ക് മഹാരാഷ്ട്രയിലെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
‘എന്റെ കുടുംബം നശിപ്പിച്ചവര്‍ക്കും എന്റെ നിലനില്‍പ്പിനെത്തന്നെ ഭീകരപ്പെടുത്തിയവര്‍ക്കും ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2022 ആഗസ്റ്റ് 15 ന് മുന്‍കൂര്‍ മോചനം നല്കിയപ്പോള് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. എന്റെ ശക്തിയുടെ സംഭരണി വറ്റിപ്പോയതായി എനിക്ക് തോന്നി. ഒരു ദശലക്ഷം ഐക്യദാര്‍ഢ്യം എന്നിലെത്തിച്ചേരും വരെ. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുന്നോട്ടു വന്നു. എനിക്കൊപ്പം നിന്നു. എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. മുംബൈയില്‍ നിന്ന് 8500 പേരും മറ്റിടങ്ങളില്‍ നിന്ന് 6000 പേരും അപേക്ഷകള്‍ സമര്‍പ്പിച്ചു. 10000 പേര് തുറന്ന കത്തുകളെഴുതി. കര്‍ണ്ണാടകത്തിലെ 29 ജില്ലകളില്‍ നിന്നായി 40000 പേരും അത് തന്നെ ചെയ്തു. ഈ മനുഷ്യര്‍ക്കോരോരുത്തര്‍ക്കും എന്റെ നന്ദി. നിങ്ങള്‍ തന്ന വിലമതിക്കാനാകാത്ത ഐക്യദാര്‍ഢ്യത്തിനും ശക്തിക്കും. നിങ്ങള്‍ എനിക്ക് പൊതുതാനുള്ള ഇച്ഛാശക്തി തന്നു. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതി എന്ന ആശയത്തെ സംരക്ഷിച്ചു നിര്‍ത്തിയതിന് നന്ദി’ ബില്‍ക്കിസിന്റെ വാക്കുകള്‍.
ഈ വാക്കുകള്‍ അക്രമികള്‍ സംഘിഭരണകൂടത്തിന്റെ ഒത്താശയോടെ പുറത്തിറങ്ങിയപ്പോള്‍ മാല ഇട്ടും ലഡു നല്‍കിയും സ്വീകരിക്കാന്‍ കൂടിയ പരിവാര ബന്ധുക്കളായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജനക്കൂട്ടത്തിന് നല്കുന്ന കൃത്യമായ മുന്നറിയിപ്പാണ്. അക്രമികള്‍ ബ്രാഹ്മണര്‍ ആയതിനാല്‍ കുറ്റം ചെയ്തിരിക്കാന്‍ സാധ്യതയില്ലെന്ന് പ്രസ്താവിച്ച ഗുജറാത്തിലെ ബിജെപി എംഎല്‍എയുടെ മുഖത്തേറ്റ കനത്ത അടിയാണ് .
ജനാധിപത്യ ഇന്ത്യയുടെ ഭരണകൂടം ബലാത്സംഘികള്ക്ക് ഒപ്പം നിന്നപ്പോള്‍, നീണ്ട നിയമ യുദ്ധത്തില്‍ ശോഭ ഗുപ്ത എന്ന വക്കീല്‍ സ്ത്രീപക്ഷ രാഷ്ട്രീയ-പൊതുപ്രവര്‍ത്തകരായ സുഭാഷിണി അലി, മഹുവ മൊയ്ത്ര, രേവതി ലോള്, രൂപ് രേഖ വര്‍മ, ടീസ്ത സെതില്‍വാദ് എന്നിവര്‍ നല്കിയ അതിശക്തമായ പിന്തുണ കൂടി ബില്‍ക്കിസിന്റെ ഐതിഹാസിക പോരാട്ടത്തിന് ബലമേകി.
ഓര്‍ക്കണം, ബില്‍ക്കീസ് ബാനുവിനെ ആക്രമിച്ച എല്ലാ സംഘി പുരുഷന്മാരും ബില്‍ക്കിസിനെ കുട്ടിക്കാലം തൊട്ടേ നേരിട്ട് അറിയാവുന്നവര്‍ ആയിരുന്നു. അവരുടെ വീട്ടില്‍ നിന്ന് പാല് വാങ്ങിച്ചിരുന്ന, അവര്‍ ചാച്ച എന്നു വിളിച്ചിരുന്ന വൃദ്ധന് മുതല്‍ അവരുടെ അച്ഛനെ ചികില്‍സിച്ചിരുന്ന വൈദ്യന് വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ബില്‍ക്കിസിന്റെ കയ്യില്‍ നിന്നു കുഞ്ഞിനെ വാങ്ങി നിലത്തടിച്ചു കൊന്നതും ഇവര്‍ തന്നെ ആയിരുന്നു. ഫാസിസത്തെയാകണം നമ്മള്, വിശിഷ്യാ സ്ത്രീകള്‍ മുഖ്യശത്രുവായി കാണേണ്ടതും എതിര്‍ക്കേണ്ടതും എന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുക എന്നേ പറയാനുള്ളൂ.