പതിനെട്ടാം വയസ്സില്‍ ആദ്യ കഥ ‘ചരമവാര്‍ഷികം’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് മലയാള സാഹിത്യത്തില്‍ തന്റെ സ്ഥാനമുറപ്പിച്ച ജോസഫ് വൈറ്റില വിട പറഞ്ഞു. എം.ടി വാസുദേവന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ആയിരിക്കുമ്പോഴാണ് പ്രഥമ നോവല്‍ ‘ആശ്രമം’ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ചത്. എഴുത്തിന്റെ തുടക്കത്തില്‍ ഇത്രമാത്രം അംഗീകാരം ലഭിച്ച ജോസഫ് വൈറ്റില നാളുകള്‍ക്ക് ശേഷം പതുക്കെ പതുക്കെ മുഖ്യധാരയില്‍ നിന്ന് തെന്നിമാറി. പാദസേവ ചെയ്യാത്തതും നട്ടെല്ല് വളയ്ക്കാന്‍ തയ്യാറാകാത്തതും ഇതിന് കാരണമായി. ജനുവരി 9ന് ഈ ലോകത്തോട് യാത്ര പറഞ്ഞ ജോസഫ് വൈറ്റിലയെ കുറിച്ച് പ്രിയപ്പെട്ട രണ്ടുപേര്‍ എഴുതിയ കുറിപ്പുകള്‍ ഹൃദ്യമായി. അതൊന്ന് ചേര്‍ത്തുവെച്ചാല്‍ ജോസഫ് വൈറ്റിലയുടെ വ്യക്തി മഹാത്മ്യം മുഴുവന്‍ നമുക്ക് അറിയാന്‍ കഴിയും. മാത്രമല്ല അത് നമ്മെ വിസ്മയഭരിതരാക്കുകയും ചെയ്യും.
ആശുപത്രിക്കിടക്കയില്‍ രോഗിലേപനം നല്കിയ ബോബി ജോസച്ചന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.
വിക്ടര്‍ ലീനസ് ഒരു ഒബ്സഷനായിരുന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാം പ്രധാനപെട്ടതായിരുന്നു.
അങ്ങനെയാണ് ജോസഫ് വൈറ്റില എന്ന എഴുത്തുകാരന്റെ പേര് ആദ്യമായി ഉളളില്‍ പതിയുന്നത്. ലീനസിന്റെ കഥകളൊക്കെ , ഇരുപതില്‍ താഴെയാണ് –
അവ ശേഖരിച്ച് അത് പുസ്തകമായി മാറുന്നതൊക്കെ അദ്ദേഹത്തിന്റെ എഫര്‍ട്ടാണ്. വിക്ടറിനെക്കുറിച്ചുളള എത്ര ഓര്‍മ്മകളാണ് അയാളുടെ തെല്ല് മുതിര്‍ന്ന ആ നിത്യസ്നേഹിതന്റെ ഉള്ളില്‍ ഉണ്ടായിരുന്നത്. അപര്‍ണ്ണയുടെ അച്ഛനെന്ന നിലയില്‍ പിന്നീട് അടുപ്പമുണ്ടാകുമ്പോള്‍ നമ്മള് പാര്‍ക്കുന്ന ചെറിയ ലോകത്തിന്റെ അവിചാരിത ഭംഗികളെക്കുറിച്ചാണ് ഓര്‍ത്തത്.
ഒരിക്കല്‍ സ്വാമി നിര്‍മ്മലാനന്ദന്റെ ആശ്രമത്തില്‍ പാര്‍ത്തതിന്റെ നിര്‍മ്മല മുദ്രകള്‍ സദാകൊണ്ടു നടക്കുന്നയാള് എന്നാണ് തോന്നിയത്. അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞ ഒരാള്‍ കൂടിയാണ്. ഇന്നലെ ഉച്ചയ്ക്ക് രോഗിലേപനത്തിന് ജയിറ്റസിനോടൊപ്പം ചെന്നു. നെറ്റിയില്‍ തൈലം പുരട്ടുമ്പോള്‍ ഒന്നു കണ്ണു തുറന്നു. നമസ്കരിച്ച് പുറത്തു വന്നു.
രണ്ടാമത്തെ കുറിപ്പ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ജോര്‍ജ് ജോസഫിന്റേതാണ്. പ്രായകൂടുതലുള്ള പോഞ്ഞിക്കര റാഫിയോടും പ്രായകുറവുള്ള വിക്ടര്‍ ലീനസിനോടും ഇഷ്ടം പുലര്‍ത്തിയിരുന്നു ജോസഫ് ചേട്ടന്.
രണ്ടു പേരുടെയും പുസ്തകങ്ങള്‍ ഇറങ്ങി കാണാന്‍ കൊതിച്ചു.
പോഞ്ഞിക്കര റാഫി, ജോസഫ് വൈറ്റില പുതുതലമുറയിലെ പി.എഫ് മാത്യൂസ്, ജോസഫ് മരിയന്‍, സോക്രട്ടീസ് എന്നിവര്‍ ഉള്‍പ്പെട്ട ചങ്ങാത്ത വലയത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു ജോര്‍ജ് ജോസഫ് കെ. മാതൃഭൂമി പത്രത്തിലാണ് ജോര്‍ജ് ജോസഫിന്റെ കുറിപ്പ് വായിച്ചത്.
ഞാനും പി.എഫ് മാത്യുസും ജോസഫ് മരിയനും തോമസ് ജോസഫും സോക്രട്ടീസും ജോണി മിറാന്‍ഡയും എഴുതും മുമ്പേ കൊച്ചീക്കാരുടെ അഭിമാനമായിരുന്നു പോഞ്ഞിക്കര റാഫി മാഷും ജോസഫ് വൈറ്റില ചേട്ടനും
വിക്ടര്‍ ലീനസും. ഇവരുടെ സ്കൂള്‍ മുറ്റത്താണ് ഞങ്ങള്‍ കഥ എഴുതി പഠിച്ചത്.
സ്വര്ഗ്ഗദൂതനും ഓരാ പ്രൊനോബീസും സൗന്ദര്യത്മക അനുഭൂതി പടര്‍ത്തിയ എഴുത്തുപാടങ്ങളിലേക്ക് ആദ്യം കൈ പിടിച്ച് കയറിയത്, ജോസഫ് വൈറ്റില ചേട്ടനും വിക്ടര്‍ ലീനസുമായിരുന്നു. എറണാകുളത്തെ രണ്ട് നെടുങ്കന്‍ സാഹിത്യഗോപുരങ്ങളായിരുന്നു ഞങ്ങള്‍ക്കവര്‍. അവര്‍ രണ്ടു ശരീരവും ഒരാത്മാവും കൂടിച്ചേര്‍ന്ന് എഴുത്തിലും സൗഹൃദത്തിലും ഒന്നിച്ചു ജീവിച്ചു.
ലത്തീന്‍ കത്തോലിക്കര്‍ ചവിട്ടുനാടകവും ദേവാസത് വിളിയും പള്ളിപ്പെരുന്നാളും ഒക്കെ ആഘോഷിച്ചു കൊണ്ട് നടന്നപ്പോള്‍ ജോസഫ് വൈറ്റില ചേട്ടനും വിക്ടര്‍ ലീനസും കഥയിലേക്ക് ചുവടു മാറി, സാഹിത്യത്തില്‍ പൂത്തിരികള്‍ കത്തിച്ചു.
60 – 70 കളില്‍ ആധുനികതയുടെ ശിഖരങ്ങള്‍ സാഹിത്യത്തില്‍ ആടിയുലഞ്ഞപ്പോള്‍ വിക്ടര്‍ ലീനസും വൈറ്റില ചേട്ടനും കൊച്ചിയുടെ അഭിമാന എഴുത്തുകാരായി. ജോസഫേട്ടന്റെ യോദ്ധാവും, ചരമവാര്‍ഷികവും പ്രസിദ്ധീകരിച്ചു വന്നപ്പോഴെ ജോസഫേട്ടന് മലയാള സാഹിത്യത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കൊച്ചിയിലെ എഴുത്തുകാര്‍ വളര്‍ന്നത് എന്നും കൂട്ടായ്മയിലൂടെയാണ്. എഴുതിയത് വായിക്കാന്‍, പരസ്പരം പങ്കുവയ്ക്കുന്ന ആത്മബന്ധം അവരില്‍ ഉണ്ടായിരുന്നു.
ഞങ്ങളും അങ്ങനെ വളര്‍ന്നവരാണ്. ജോസഫ് ചേട്ടന്, വിക്ടര്‍ ലീനസ് എന്ന വിദേശ സാഹിത്യം അരച്ചു കലക്കികുടിച്ച ഒരു കൂട്ടുകാരനെ കിട്ടിയപ്പോള്‍ ലോക സാഹിത്യത്തിന്റെ, ലോകസിനിമയുടെ, അതിരുകള്‍ ജോസഫേട്ടന്റെ മനസ്സില്‍ മഴവില്ലുകള്‍ തെളിച്ചു. അവര്‍ പരസ്പരം കൂട്ടുകാരുടെ രചനകളില്‍ എഡിറ്ററുടെ കത്രികകള്‍ വെച്ചു കഥകള്‍ മനോഹരമാക്കി പ്രസിദ്ധീകരണങ്ങള്‍ക്കയച്ചു കൊടുത്തു. ഒരു തടസവുമില്ലാതെ അതൊക്കെയും പ്രമുഖ മാസികകളില്‍ അച്ചടിച്ചുവന്നു.
വിക്ടര്‍ അപകടത്തില്‍ മരിച്ചതോടെ ജോസഫേട്ടന്റെ ചിറകൊടിഞ്ഞു.
രണ്ടുപേരും രണ്ടു പേര്‍ക്കും പരസ്പരം പകര്‍ന്നു കൊടുത്തത് ഹിമാലയന്‍ പ്രചോദനമായിരുന്നു. വിക്ടറുടെ കുടുംബബന്ധം തകര്‍ന്നപ്പോള്‍ ഏറ്റവും ദുഃഖിച്ചത് ബാധിച്ചത് ജോസഫേട്ടനെയായിരുന്നു. വിക്ടര്‍ പെരുവഴിയില്‍ നിന്നും മോര്‍ച്ചറിയിലെ അനാഥ ശവമായി മാറിയപ്പോള്‍ എന്തിനേയും നേരിടുന്ന കരുത്തനായ ജോസഫേട്ടന് ഉള്ളില്‍ കരഞ്ഞ കരച്ചിലും കണ്ണുനീരും എത്ര വലുതായിരിക്കും.
കഥകള്‍ എഴുതി തീര്‍ക്കാത്ത, നോവലുകള്‍ എഴുതി തീര്‍ക്കാത്ത വ്യഥകള്‍ അദ്ദേഹത്തിന്റെ ചുറ്റുമെപ്പോഴും മനസ്സിനെ അസ്വസ്ഥപ്പെടുത്തി. അങ്ങനെയിരിക്കുമ്പോഴാണ് കാര്‍ട്ടൂണിസ്റ്റും പത്രപ്രവര്‍ത്തകനുമായ ജോഷി ജോര്‍ജ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ജോഷി ഉത്സാഹകമ്മറ്റിയുടെ പ്രസിഡന്റാണ്.
ജോഷിയുടെ നിരന്തരമുള്ള ഒത്തുചേരലില്‍ രണ്ടു നോവലുകള്‍ പിന്നെയും പിറന്നു. എം.ടി.യും എന്‍.പി മുഹമ്മദും,സേതുവും പുനത്തിലും, മാധവിക്കുട്ടിയും കെ.എല്‍ മോഹനവര്‍മ്മയും ഒക്കെ കൂട്ടുകുടി എഴുതിയ പോലെ
ജോഷി ജോര്‍ജും ജോസഫേട്ടനും ചേര്‍ന്ന് രണ്ടു നോവലുകള്‍ എഴുതി. സംഘര്‍ഷഭരിതമായ പി.ജെ.ആന്റണിയുടെ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പായിരുന്നു ”ഭരതനടനം’ എന്ന നോവല്‍.
ജോഷിയുമായി ഇടുക്കിയുടെ പശ്ചാത്തലത്തില്‍ മറ്റൊരു നോവല്‍ എഴുതി.’കമ്പക്കല്ല്.’
12 നോവലുകളും 4 കഥാസമാഹാരങ്ങളും ജോസഫ് വൈറ്റിലയുടേതായി പുറത്തുവന്നിട്ടുണ്ട്. എറണാകുളത്തെ കിഴവനചാലിന്റെ ചരിത്രം ‘നിത്യവിസ്മയത്തോടെ’ നോവലില്‍ പ്രതിഫലിക്കുന്നു. കൊച്ചി രാജാവിനെ കാണാന്‍ എത്തിയ വിജ്ഞാനിയായ വൈദ്യബ്രാഹ്മണനെ വഴിയില്‍ ഉപദ്രവിച്ച മദ്യപാനിയായ ക്രിസ്ത്യാനിയെ ശിക്ഷിക്കാന്‍ കിട്ടാത്തതുകൊണ്ട് 500 നസ്രാണികളുടെ തല ഛേദിച്ച് കിഴവന ചാലില്‍ കൊച്ചി രാജാവ് ഒഴുക്കി. എന്നിട്ടും കലി തീരാതെ വീണ്ടും 500 പേരെ വധിക്കാന്‍ ഉത്തരവിറക്കുന്ന രാജാവിന്റെ മുന്നില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോകുന്ന ലവറന്തിയോസച്ചനും നന്മയുടെ പ്രവാചകനായ നോവലിലെ രണ്ടാം ഭാഗത്തെ അംബ്രോസച്ചനും നീതിയുടെ ആള്‍രൂപങ്ങളാണ്.
സമുദായ പ്രവര്‍ത്തനങ്ങളിലും ജോസഫ് വൈറ്റില പങ്കുകാരനായിട്ടുണ്ട്. സിഎസ്എസിന്റെ സജീവ പ്രവര്‍ത്തകനും അതിന്റെ മുഖപത്രം ആയിരുന്ന സമയത്തിന്റെ എഡിറ്ററുമായി അദ്ദേഹം സേവനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ തൈക്കുടം ഇടവകയിലാണ് ഭാര്യ എലിസബത്തിനോടും മക്കളോടും ഒപ്പം അദ്ദേഹം ജീവിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം, കെസിബിസി – കെആര്‍എല്‍സിസി സാഹിത്യ പുരസ്ക്കാരങ്ങള്‍ എന്നിവ നല്കി മലയാളക്കര അദ്ദേഹത്തെ ആദരിച്ചു.
കാലം തെറ്റി പെയ്ത മഴ നനച്ച സായാഹ്നത്തില്‍ തൈക്കുടത്തെ വീട്ടില്‍ അദ്ദേഹത്തിന് അന്ത്യയാത്ര ചൊല്ലുമ്പോള്‍ അവസാന നോവലിലെ (നിത്യവിസ്മയത്തോടെ) പവിയാനോസ് വൈദ്യനോട് മിശിഹാ ചോദിക്കുന്ന ചോദ്യങ്ങള്‍ എന്റെ കാതുകളില്‍ മുഴങ്ങി.
നിന്നില്‍ വിനയമുണ്ടോ? ക്ഷമയും കരുണയും ഉണ്ടോ?
ഉണ്ടോ നിന്നില്‍ സ്നേഹം?നീ എന്നെ ഇനിയും കുരിശില്‍ നിന്നിറക്കാന്‍ ഭാവമില്ലേ പവിയാനോസ് ? എന്റെ വാക്കുകള്‍ക്ക് ചെവി തരാത്തോളം നീ വളര്ന്നുവല്ലേ?
സത്യമായും ജോസഫ് വൈറ്റില ക്രിസ്തുവിനെ ഹൃദയത്തിലേറ്റിയാണ് ജീവിച്ചതും എഴുതിയതും. സ്നേഹപ്രണാമം.