കേപ് ടൗൺ: ഇസ്രയേല്‍ നടത്തുന്ന പലസ്തീൻ ആക്രമണം വംശഹത്യാ വിരുദ്ധ ഉടമ്പടിക്ക് വിരുദ്ധമാണ് എന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് .ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 11ന് ദക്ഷിണാഫ്രിക്കയുടെയും 12ന് ഇസ്രയേലിന്റെയും വാദം കേള്‍ക്കും.
പലസ്തീന് ജനതയ്ക്ക് എതിരായ കൂടുതല്‍ ആക്രമണം തടയണമെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വംശഹത്യ അവസാനിപ്പിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം ഇസ്രയേലിന് ഉണ്ടെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ വാദം.
ഇന്നലെ ബെയ്റൂട്ടില്‍ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരുരി അടക്കം നാല് പേര് കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ ഖാന് യൂനിസ് നഗരം കേന്ദ്രീകരിച്ച് ബോംബാക്രമണവും പീരങ്കിയാക്രമണവുമാണ് ഇസ്രയേല്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് 90 ദിവസമാകുന്നു. ഇതുവരെ 22,000 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 22,185 പലസ്തീനികൾ കൊല്ലപ്പെട്ടതായും കുറഞ്ഞത് 57,000 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 ഇസ്രയേൽ ആക്രമണങ്ങളിലായി 207 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 338 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.