തിരുവനന്തപുരം: ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം കേരളത്തിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ ബന്ധമുണ്ട്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും എന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന് ആരോപിച്ചു.
ബിജെപിയുടെ കുഴൽപ്പണക്കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഐഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു. കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നുവെന്നും തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും സതീശന് പറഞ്ഞു.
മുമ്പ് കാഴ്ചവെച്ചതിനേക്കാൾ മോശം പ്രകടനം ഇത്തവണ ബിജെപി കാഴ്ച വെയ്ക്കും. ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാർ, കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു-സതീശന് പറഞ്ഞു.