വത്തിക്കാൻ : യുദ്ധവേദികളായ ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വനം ചെയ്തു.
തിരുസഭ ദൈവജനനനിയുടെ തിരുന്നാളും അമ്പത്തിയേഴാം വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സരദിനത്തിൽ വത്തിക്കാനിൽ നടന്ന മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം .
യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവർത്തനങ്ങൾക്കും അസംഖ്യം പ്രാർത്ഥനാസംരംഭങ്ങൾക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഇറ്റലിയിലെ തൊസ്കാന, ഊംബ്രിയ, ലാത്സിയൊ എന്നീ പ്രദേശങ്ങളിൽ വിശുദ്ധ ഫ്രാൻസീസിൻറെ നാമത്തിലുള്ള ദേവാലയങ്ങളിൽ സമാധാന സന്ദേശവുമായെത്തിയ ഉക്രൈയിൻകാരും പോളണ്ടുകാരുമായ ബാലഗായകർ ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ചിരുന്നതിനാൽ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു.
ഓരോ ദിവസവും സമാധാനശില്പികളായിരിക്കാനുള്ള തീരുമാനത്തെയും സമാധാനയത്നത്തെയും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം താങ്ങിനിറുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു. ആണ്ടിലെ എല്ലാ ദിവസവും സമാധാനത്തിനായി പ്രവർത്തിക്കുകയും സമാധാനം സംവഹിക്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.