ഇംഫാൽ: പുതുവർഷദിനമായ ഇന്നലെ മണിപ്പൂരിലുണ്ടായ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. തൗബാലിലും ഇംഫാലിലുമാണ് വെടിവെപ്പുണ്ടായത്. ഇതേത്തുടർന്ന് തൗബാൽ, ഇംഫാൽ ഈസ്റ്റ്, കാക് ചിംഗ്, ബിഷ്ണു പൂർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.ഗ്രാമീണർ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. രാത്രി 8 മണിയോടെ അജ്ഞാതരായ സായുധസംഘമാണ് ആക്രമണം നടത്തിയത്. അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
ആളുകളിൽ നിന്നും ബലമായി പണം പിരിച്ചെടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആയുധധാരികളായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.അക്രമി സംഘം പൊലീസ് യൂണിഫോം ധരിച്ച് വേഷം മാറിയാണ് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. നാല് വാഹനങ്ങളിലായി എത്തിയ ഇവർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയുമാണ് മരിച്ചത്. അക്രമികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.