കൊച്ചി: എറണാകുളം ജില്ലയിലെ മാറ്റി വച്ച നാലു നിയോജകമണ്ഡലങ്ങളിലെ നവകേരള സദസ് ആണ് ഇന്നും നാളെയുമായി ക്കും . വൈകിട്ട് 3ന് തൃക്കാക്കര മണ്ഡല സദസോടെയാണ് തുടക്കം. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ്സുകളാണ് ഇന്നുo നാളെയുമായി നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃക്കാക്കര മണ്ഡല സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന വാഹനവ്യൂഹം എത്തിച്ചേരും. സിവിൽ സ്റ്റേഷനിലെ പരേഡ് മൈതാനമാണ് വേദി. എൽഡിഎഫ് ധാരണയെ തുടർന്ന് രാജിവെച്ച ആൻ്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാകും എറണാകുളം ജില്ലിയിലെ ബാക്കിയുള്ള നവകേരള സദസ്സിൽ പങ്കെടുക്കുക. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചതാണ് നാലുകേന്ദ്രങ്ങളിലെയും സദസ്സുകൾ .
വൈകിട്ട് നാലു മണിയോടെ പിറവം മണ്ഡലത്തിലെ സദസ്. കെഎസ്ആർടിസി ബസ്സ്റ്റാൻഡ് ഗ്രൗണ്ടാണ് ഇതിനു വേദിയാകുന്നത്. ജനുവരി രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലാണ് നവകേരള സദസ്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ സദസിന് പുതിയകാവ് ക്ഷേത്രം മൈതാനമാണ് വേദി. കുന്നത്തുനാട് മണ്ഡലത്തിലെ വേദി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനമാണ്.136 മണ്ഡലങ്ങളിലും നടന്നതുപോലുള്ള സദസ്സുകളാണ് അവസാന നാലുമണ്ഡലങ്ങളിലും സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒന്നിച്ച് നവകേരള ബസിലാണ് സദസ്സുകളിലേക്ക് എത്തുക.
തൃക്കാക്കരയിലെ നിവേദനം നൽകാനായി 27 കൗണ്ടറുകളും. പിറവം മണ്ഡലത്തിലെ സദസ്സിൽ നിവേദനങ്ങൾ സമർപ്പിക്കാനുള്ള 25 കൗണ്ടറുകളുണ്ടാകും. അതേ സമയം,10 നിയോജകമണ്ഡലങ്ങളിൽ പൂർത്തിയായ നവകേരളസദസ്സിലൂടെ 40,077 നിവേദനങ്ങളാണ് വിവിധ വകുപ്പുകൾക്ക് ലഭിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണം, റവന്യുവകുപ്പുകളുമായി ബന്ധപ്പെട്ട നിവേദനങ്ങളാണ് കൂടുതൽ. കഴിഞ്ഞമാസം ഏഴുമുതൽ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം. ഇതിനിടെ എറണാകുളം ജില്ലിയിലെ നവകേരള സദസ് നടക്കേണ്ട നാല് മണ്ഡലങ്ങളിൽ മൂന്നിനെയും യുഡിഎഫ് എംഎൽഎമാരാണ് പ്രതിനിധീകരിക്കുന്നത്.