കൊച്ചി :പത്ത് കോടി യാത്രക്കാരുടെ പിന്‍ബലത്തിൽ കൊച്ചി മെട്രോ പുതുവത്സരത്തിലേക്ക് .
2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 10,33,59,586 ആണ്.കൊച്ചി മെട്രോ സർവീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തവരുടെ എണ്ണമാണ് പത്ത് കോടി കടന്നത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. ആദ്യം 2021 ഡിസംബർ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്.
ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടി ജനങ്ങളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.
2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെഎംആർഎൽ അധികൃതർ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലം കാണുകയായിരുന്നു. 2023 ജനുവരിയിൽ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം. ഡിസംബറിൽ അത് 94000 ആയി ഉയർന്നിരിക്കുന്നു.ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം പിന്നിട്ടത്.
2023 ഒക്ടോബർ 21നാണ് കൊച്ചി മെട്രോയിൽ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 132,161 ആളുകളാണ് അന്ന് യാത്രക്കായി മെട്രോയെ ആശ്രയിച്ചത്.
ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവും അധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21നാണ്. നിർമാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയിലൂടെ കെഎംആർഎല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്തുവാൻ സാധിച്ചു.