തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ തലസ്ഥാനത്ത് സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നേതാക്കൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നുമുള്ള വെള്ളം നേതാക്കൾ ഇരുന്ന വേദിവരെയെത്തി.
വേദിയിലുണ്ടായിരുന്ന കെ സുധാകരൻ അടക്കമുള്ള നേതാക്കൾ നനഞ്ഞ് കുതിർന്നു. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ കല്ലേറുണ്ടായി.
പ്രവർത്തകർ നവകേരള സദസ്സിന്റെ ബോർഡുകൾ തകർക്കുകയും ഇന്ദിരാഭവൻ റോഡ് ഉപരോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ തടഞ്ഞു. പ്രവർത്തകരെല്ലാം കെപിസിസി ആസ്ഥാനത്തേക്കെത്തി. എന്നാൽ നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോണ്ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.