തിരുവനന്തപുരം: ലത്തിന് സമുദായത്തിന്റെ ഏകോപനത്തിനും ശക്തികരണത്തിനും തടസ്സമായി നില്ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി അവയെ അതിജീവിക്കാനുള്ള വഴികള്‍ തേടുന്ന ജനജാഗരം പരിപാടിയുടെ സമാപനം 2023 ഡിസംബര്‍ 17 ഞായറാഴ്ച തിരുവനന്തപുരം അതിരൂപതയില്‍ നടക്കും. കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍ നവംബര്‍ 4 ന് വയനാട് കല്പറ്റയില് നിന്നാണ് ജനജാഗരം ആരംഭിച്ചത്.
ഡിസംബര്‍ 17ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വലിയവേളി പാരിഷ്ഹാളിലാണ് ജനജാഗരത്തിന്റെ സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അതിരൂപത ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ലോറന്‍സ് കുലാസ് സ്വാഗതമേകുന്ന സമ്മേളനത്തില്‍ ബിഷപ് ഡോ. ക്രിസ്തുദാസ് ആര്. ആധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖസന്ദേശവും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണവും നടത്തും.
ഡോ. ജോണ്സണ് ജാമെന്റ്, ഫാ. ആഷ്ലിന് ജോസ് എന്നിവര്‍ തിരുവനന്തപുരത്തെ ലത്തീന്‍ സമുദായം നേരിടുന്ന വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പാട്രിക് മൈക്കിള്‍, ജോളി പത്രോസ്, ഗ്ലാവിയസ് എന്നിവര്‍ വിഷയങ്ങളിന്മേല് പ്രതികരണം നടത്തും. വലിയതുറ ഫെറോന വികാരി ഫാ. ഹൈസിന്ത് എം. നായകം, കെസിവൈഎം അതിരൂപത ജനറല്‍ സെക്രട്ടറി പ്രീതി എഫ.് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് ജനകീയ പഠനസമിതി നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് സമ്മേളനത്തില്‍ പ്രകാശനം ചെയ്യും. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ് കൃതജ്ഞതയര്‍പ്പിക്കും. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
തീരജനതയുടെ നിലനില്പിന്റെ പ്രശ്നങ്ങളാണ് 12 രൂപതകളിലായി നടന്ന ജനജാഗരത്തില് പ്രധാനചര്ച്ചയായത്. മലയോര കര്‍ഷകരുടെ ദുരിതങ്ങളും ഓരോ രൂപതയിലും പ്രാദേശികമായുള്ള പ്രശ്നങ്ങളും വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. തീരജനത തീരത്തുനിന്നും കുടിയിറക്കപ്പെടുന്ന ഭായാനകമായ സ്ഥിതിവിശേഷമാണ് തലസ്ഥാനജില്ലയില്‍ നിലകൊള്ളുന്നത്. അശാസ്ത്രീയമായ വികസന പദ്ധതികള്‍ കാരണമുണ്ടാകുന്ന തീരശോഷണം തീരജനതയുടെ ജീവിതത്തിനും, മുതലപ്പൊഴിയിലെ അപകടങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും, തീരദേശ ഹൈവേ തീരവാസികളുടെ നിലനില്പിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഭരണകൂടവും പൊതുസമൂഹത്തിലെ ഒരു വിഭാഗവും തീരജനതയുടെ ഈ ആശങ്കകള്‍ വികസനമെന്ന മറയില്നിര്ത്തി കണ്ണടയ്ക്കുന്ന സമീപനമാണ് കാലങ്ങളായി തുടരുന്നത്. ഈ വിഷയങ്ങളില്‍ ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധയും പരിഹാര മാര്‍ഗങ്ങളും എത്രയുംവേഗം ഉണ്ടാകണമെന്നാണ് തിരുവനന്തപുരത്ത് ജനജാഗരം സമാപിക്കുമ്പോള്‍ ലത്തീന്‍ സമൂഹം ആവശ്യപ്പെടുന്നത്.