ഈ വിജ്ഞാനകോശത്തിന്റെ വിവിധ വാല്യങ്ങള്‍ കേരള ലത്തീന്‍സഭയുടെ ഉദ്ഭവത്തിന്റെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഉയിര്ത്തെഴുന്നേല്പിന്റെയും വഴികളിലൂടെ യാത്ര ചെയ്യുന്നു. മിഷണറിമാരുടെ നിസ്വാര്‍ഥ സേവനങ്ങളും ആത്മീയതയ്ക്കൊപ്പം അച്ചടി, വിദ്യാഭ്യാസം, സാഹിത്യം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ അവര്‍ നല്കിയ അമൂല്യ സംഭാവനകളും വിജ്ഞാനകോശം ആധികാരികമായ രേഖകളുടെയും യുക്തിഭദ്രമായ ന്യായവാദത്തിന്റെയും അടിസ്ഥാനത്തില്‍ അനാവരണം ചെയ്യുന്നു. ലത്തീന്‍ സഭാംഗങ്ങള്‍ സാമൂഹിക സാംസ്കാരിക ധൈഷണിക കലാരംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ഇവിടെ പഠനവിധേയമാകുന്നു.
റിക് സിഡിപിഎഫ് സംരംഭം
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍മല്‍ഗിരി ഫോര്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് ആന്‍ഡ് പാസ്റ്ററല്‍ ഫോര്മേഷന് (റിക് സിഡിപിഎഫ്) എന്ന സംരംഭത്തിന്റെ ആഭിമുഖ്യത്തിലാണ് കേരള ലത്തീന്‍സഭാ വിജ്ഞാനകോശം പ്രസിദ്ധീകൃതമാകുന്നത്. ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കലിന്റെ മസ്തിഷ്ക ശിശുവാണ് റിക് സിഡിപിഎഫ്. സെമിനാരിയും അനുബന്ധ സൗകര്യങ്ങളും വൈദികാര്ഥികള്ക്കെന്നപോലെ അല്മായര്ക്കും സംലഭ്യമാക്കുകയും അങ്ങനെ സഭയെയും സമൂഹത്തെയും കെട്ടിപ്പടുക്കുകയും അല്മായരെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്തതും ഇത്തരത്തിലുള്ള ഒരു പരിവര്‍ത്തനമാണല്ലോ. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി വിവിധ പ്രസിദ്ധീകരണങ്ങളും പഠനശിബിരങ്ങളും ഗവേഷണ പദ്ധതികളും നടന്നുകൊണ്ടിരിക്കുന്നു. 2020 ജനുവരിയില്‍ കാര്‍മല്‍ഗിരി സെമിനാരിയില്‍ നടന്ന ദേശീയ സെമിനാറില്‍ കെആര്‍എല്‍സിബിസി പ്രസിഡന്റും സെമിനാരി കമ്മിഷന് ചെയര്‍മാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കലാണ് റിക് സിഡിപിഎഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
റിക് സിഡിപിഎഫ് ഡയറക്ടര്‍ ബോര്‍ഡ് രക്ഷാധികാരിയാണ് ബിഷപ് ചക്കാലക്കല്‍. റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, റിക് സിഡിപിഎഫ് ഡയറക്ടര്‍ റവ. ഡോ. ക്ലെമന്റ് വള്ളുവശ്ശേരി, റവ. ഡോ. ബിജോയ് അഗസ്റ്റിന് മരോട്ടിക്കല്‍ (ഖജാന്‍ജി) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
ലത്തീന്‍ ഭാഷയും സാംസ്കാരിക പഠനങ്ങളും, ഭാഷകളും ഭാഷാവിജ്ഞാനീയവും, ആധ്യാത്മികതയും ബൈബിള്‍ പഠനങ്ങളും, ആരാധനക്രമവും ദൈവികാരാധനയും, പാസ്റ്ററല്‍ മാനേജ്മെന്റും നേതൃത്വ പഠനങ്ങളും, സഭാചരിത്രവും ചരിത്രവും, മീഡിയയും പാസ്റ്ററല്‍ കമ്യൂണിക്കേഷനും, സാമൂഹികശാസ്ത്രവും ഫിലാന്ത്രോപിക് സ്റ്റഡീസും എന്നിങ്ങനെ എട്ടു വകുപ്പുകള്‍ റിക് സിഡിപിഎഫിനുണ്ട്. റവ. ഡോ. ഷാജി ജെര്‍മ്മന്‍, റവ. ഡോ. ബിജോയ് അഗസ്റ്റിന്, റവ. ഡോ. മരിയ മൈക്കള്‍ ഫെലിക്സ്, റവ. ഡോ. ജോബ് വാഴക്കൂട്ടത്തില്‍, റവ. ഡോ. സെബാസ്റ്റിയന് രാജു പ്ലാത്തോട്ടം, റവ. ഡോ. സെബാസ്റ്റിയന് മാത്യു വില്ലുകുളം എന്നിവര്‍ വകുപ്പുമേധാവികളായി പ്രവര്‍ത്തിക്കുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ദൈവശാസ്ത്രം അജപാലന പ്രവര്‍ത്തനങ്ങളിലേക്ക് മൊഴിമാറ്റം ചെയ്യുക, വിശ്വാസസമൂഹത്തില്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ നിര്‍വഹിക്കുന്നതിനായി അവരെ ശക്തിമത്കരിക്കുക, അതിരൂപത-ഇടവക-അടിസ്ഥാന വിശ്വാസസമൂഹ തലങ്ങളില്‍ അക്കാദമികവും അജപാലനപരവുമായ കാര്യങ്ങളും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുക, സഭാത്മക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്രൈസ്തവ നേതൃത്വ ശൈലിയില്‍ പരിശീലനം നല്കാന് അവസരമൊരുക്കുക, ഓണ്‍ലൈന്‍, ബ്ലൈന്‍ഡ് ലേണിങ് പഠനവഴികളിലൂടെ അല്മായരെ ശക്തിപ്പെടുത്തുക, അജപാലനപ്രവര്‍ത്തനങ്ങളും ലത്തീന്‍സഭാ ശക്തിമത്കരണവുമായി ബന്ധപ്പെട്ട രേഖകളും പഠനസാമഗ്രികളും ശേഖരിക്കുകയും അവ ഗവേഷകര്‍ക്കു സംലഭ്യമാക്കുകയും പഠനശിബിരങ്ങള് സംഘടിപ്പിക്കുകയും ചെയ്യുക, സഭാപരവും പൊതുവായതുമായ മേഖലകളില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ലത്തീന്‍സഭാ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തുടര്‍പഠനത്തിനും ഗവേഷണത്തിനും ഒരു പൊതുമണ്ഡലം രൂപപ്പെടുത്തുക എന്നിവയാണ് റിക് സിഡിപിഎഫ് ലക്ഷ്യമാക്കുന്ന പ്രധാന കാര്യങ്ങള്‍.
25 വാല്യങ്ങള്‍
ലത്തീന്‍സഭാ വിജ്ഞാനകോശത്തില്‍ 25 വാല്യങ്ങളാണുള്ളത്. കേരള ലത്തീന്‍സഭാ ചരിത്രം: പോര്‍ച്ചുഗീസ് ആഗമനം വരെ, പോര്‍ച്ചുഗീസ് യുഗം, ഉദയംപേരൂര്‍ സൂനഹദോസ്: കേരളത്തിന്റെ സുപ്രഭാതം എന്നീ മൂന്നു വാല്യങ്ങള്‍ രചിച്ചത് ഫാ. ജോര്‍ജ് അറയ്ക്കലാണ്. അദ്ദേഹത്തിന്റെ താപസതുല്യമായ ജീവിതവും പ്രായത്തെ അതിലംഘിക്കുന്ന കഠിനാധ്വാനവും അവതരണശൈലിയിലെ ക്ലിപ്തതയും കരുത്തുറ്റ ഉള്‍ക്കാഴ്ചയും ഏതൊരു ചരിത്രവിദ്യാര്‍ഥിക്കും പ്രേരകശക്തിയാണ്.
ഒന്നാം വാല്യം സഭയുടെ പ്രാരംഭമായ യേശുക്രിസ്തുവില്‍ തുടങ്ങി റോമാ സഭയിലൂടെ സഞ്ചരിച്ച് പ്രാചീനഭാരതത്തെയും കേരളത്തെയും പറ്റി വിവരിച്ച് ഭാരതത്തിലും കേരളത്തിലും ക്രിസ്തുസന്ദേശമെത്തിയത് എങ്ങനെയെന്നും വാസ്കോ ഡ ഗാമയുടെ വരവിനു മുമ്പുള്ള മലബാര്‍ ക്രിസ്ത്യാനികളുടെ അവസ്ഥ എന്തായിരുന്നുവെന്നും അനാവരണം ചെയ്യുന്നു. തുടര്‍ന്ന് ഇന്ത്യയിലെ പ്രഥമ ലത്തീന്‍ രൂപതാ ബിഷപ് ജോര്ഡാന് കത്തലാനിയെ സംബന്ധിച്ച വിവരണമാണ്. അദ്ദേഹത്തിന്റെ ‘മിറാബിലിയ ദെസ്ക്രിപ്ത’യുടെ സംക്ഷിപ്തരൂപം ചരിത്രകുതുകികള്‍ക്ക് വിഭവസമൃദ്ധമായ ബൗദ്ധികസദ്യയായി മാറുമെന്നത് തീര്‍ച്ചയാണ്.
പോര്‍ച്ചുഗീസുകാര്‍ വഴി കേരളത്തിനു ലഭ്യമായ അനശ്വര നന്മകളും നേട്ടങ്ങളും വിവരിക്കുന്ന രണ്ടാം വാല്യം വാസ്കോ ഡ ഗാമയുടെ വരവും മലങ്കര നസ്രാണികള്‍ ഗാമയുമായി സ്ഥാപിക്കുന്ന ബന്ധവും നസ്രാണിസഭയുടെ അന്നത്തെ സ്ഥിതിയും സെന്റ് തോമസ് പാരമ്പര്യവും മറ്റും വിശകലനം ചെയ്യുന്നു.
കേരള ക്രൈസ്തവസഭ അക്ഷരാര്‍ഥത്തില്‍ കത്തോലിക്കാ സഭയായത് ഉദയംപേരൂര്‍ സൂനഹദോസോടെയാണ്. കൊള്ളപലിശയും കള്ളത്തൂക്കവും പാടില്ലെന്നു പഠിപ്പിച്ചതും ഭക്ഷ്യവസ്തുക്കളിലും കാര്ഷികോത്പന്നങ്ങളിലും മായം കലര്‍ത്തുന്നത് തെറ്റാണെന്ന് ജനങ്ങളെ ബോധവത്കരിച്ചതും സൂനഹദോസാണ്. മദ്യാസക്തി സാമൂഹികതിന്മയാണെന്നും ക്രിസ്ത്യാനികള്‍ മദ്യവില്പനയില് നിന്നു പിന്മാറണമെന്നും ഉദ്ബോധിപ്പിച്ചതും സൂനഹദോസാണ്. മന്ത്രവാദവും കൂടോത്രവും ക്രൈസ്തവര്‍ക്കു നിഷിദ്ധമാണെന്നു പറഞ്ഞുതന്നതും ജാതകം, ശകുനം, മഷിനോട്ടം എന്നിവ വിലക്കിയതും ബഹുഭാര്യത്വവും വെപ്പാട്ടി സമ്പ്രദായവും വേണ്ടെന്നു ശഠിച്ചതും സൂനഹദോസാണ്. ഇങ്ങനെ നവമാനവികതയുടെ ഉദ്ഘാടനമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസിലൂടെ അരങ്ങേറിയത്. എങ്കിലും ചില തല്പരകക്ഷികള് അപകീര്ത്തിക്കാന് ശ്രമിക്കുന്ന ഈ മതമഹാസമ്മേളനത്തിന്റെ ശരിക്കാഴ്ച നല്കുന്നു മൂന്നാം വാല്യം. സൂനഹദോസ് മലബാര്‍ സഭയില്‍ സാധ്യമാക്കിയ സമൂല ശുദ്ധീകരണവും സൂനഹദോസിലൂടെ സംലബ്ധമായ സാംസ്കാരിക രാഷ് ട്രീയ ഭാഷാമേഖലകളിലെ സംഭാവനകളും ഇവിടെ അപഗ്രഥിച്ചവതരിപ്പിക്കപ്പെടുന്നു.
കേരളസഭയുടെ കര്മലീത്തായുഗം എന്ന നാലാം വാല്യം രചിച്ചത് നിഷ്പാദുക കര്‍മലീത്താസഭ മഞ്ഞുമ്മല്‍ പത്താം പീയൂസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂരാണ്. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും ബൈബിള്‍ അധ്യാപകനുമായ അദ്ദേഹം കര്‍മലീത്താസഭയില്‍ ദക്ഷിണ ഏഷ്യയുടെയും പരിശീലനത്തിന്റെയും ഉത്തരവാദിത്തമുള്ള ഡഫനിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അനുരഞ്ജന ദൗത്യവുമായി കേരളത്തിലെത്തുന്ന കര്‍മലീത്താ മിഷണറിമാര്‍ മൂന്നു നൂറ്റാണ്ടുകളിലൂടെ കേരളസഭയെ നയിച്ചു, നവീകരിച്ചു. കര്‍മലീത്തരുടെ ആഗമനപശ്ചാത്തലത്തെക്കുറിച്ചും മലബാര്‍ വികാരിയാത്തിലും വരാപ്പുഴ വികാരിയാത്തിലും വരാപ്പുഴ അതിരൂപതയിലും ഭരണചുമതല വഹിച്ച കര്‍മലീത്താ മിഷണറി അജപാലകരെക്കുറിച്ചും തുടര്‍ന്ന് കൊല്ലം വികാരിയാത്തിലും തിരുവനന്തപുരം, കൊച്ചി, വിജയപുരം രൂപതകളിലും ശുശ്രൂഷചെയ്തവരെക്കുറിച്ചും പ്രതിപാദിക്കുന്നു. കേരളത്തിലെ വൈദികപരിശീലനത്തില്‍ കര്‍മലീത്തര്‍ നല്കിയ നിസ്തുല സംഭാവനകള്‍, സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനം, കര്‍മലീത്താ മിഷണറിമാരിലൂടെ കേരളസഭയിലുണ്ടായ ആത്മീയ നവീകരണം എന്നിവ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
‘മിഷണറിമാര്‍ ചെയ്തത്: ആധ്യാത്മികം, അച്ചടി, പ്രസാധനം’ എന്ന അഞ്ചാം വാല്യത്തിന്റെ കര്‍ത്താവ് ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരിയാണ്. അദ്ദേഹം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ മലയാളം പ്രഫസറായും മലയാളം വകുപ്പ് തലവനായും സേവനമനുഷ്ഠിച്ചു. ആലുവ മംഗലപ്പുഴ, കാര്‍മല്‍ഗിരി, എസ്എച്ച് സെമിനാരികളില്‍ നാലു പതിറ്റാണ്ടുകള്‍ വിസിറ്റിങ് പ്രഫസറായി സേവനം ചെയ്തു. ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ ആത്മിക ഉള്‍ക്കാഴ്ചകൊണ്ടും ഭാവാത്മകവും ഹൃദ്യവുമായ പദവിന്യാസംകൊണ്ടും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മിഷണറിമാര്‍ ചെയ്തത് ഭിന്നമുഖികളായ ശുശ്രൂഷകളാണ്. ആധ്യാത്മികം പോലെ തന്നെ സാംസ്കാരികം, സാമൂഹികം, വിദ്യാദാനപരം, മൂല്യപ്രസാരണം തുടങ്ങിയ മേഖലകളിലും അവര്‍ നല്കിയ സംഭാവനകള്‍ നിസീമമാണ്. നമ്മുട നാട്ടില്‍ അച്ചടിയും പ്രസാധനവും പ്രാദുര്ഭവിക്കുന്നത് മിഷണറി ഔത്സുക്യങ്ങളിലൂടെയാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ ഹൃദ്യമായും യുക്തിഭദ്രമായും അനാവരണം ചെയ്യുന്നു അഞ്ചാംവാല്യം.
‘അര്‍ണോസ് പാതിരിയും മലയാളസാഹിത്യവും’ എന്ന ആറാം വാല്യവും ‘അര്‍ണോസ് പാതിരി; പുത്തന്‍പാനയും ഇതരകാവ്യങ്ങളും’ എന്ന ഏഴാം വാല്യവും പൂര്‍ത്തിയാക്കിയത് ചാത്യാത്ത് കര്‍മലമാതാ ഇടവകാംഗമായ എഫ്. ആന്റണി പുത്തൂരാണ്. അര്‍ണോസ് പാതിരിയുടെ ചതുരന്ത്യം (മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം) എന്നീ കാവ്യങ്ങള്‍ ആറാം വാല്യത്തിലും ഉമ്മായുടെ ദുഃഖം, ദേവമാതാവിന്റെ വ്യാകുലപ്രബന്ധം, പുത്തന്‍പാന അഥവാ കൂതാശപ്പാന എന്നീ കാവ്യങ്ങള്‍ ഏഴാം വാല്യത്തിലും പ്രതിപാദിക്കപ്പെടുന്നു.
എട്ടും ഒന്‍പതും വാല്യങ്ങള്‍ – ‘മിഷണറിമാരുടെ ആത്മീയ സംഭാവനകളും മരിയഭക്തിയും’, ‘മിഷണറിമാരും വിസുദ്ധരോടുള്ള വണക്കവും’ – രചിച്ചിരിക്കുന്നത് വല്ലാര്‍പാടം ബസിലിക്ക റെക്ടറും കാര്‍മല്‍ഗിരി സെമിനാരി വിസിറ്റിങ് പ്രഫസറുമായ റവ. ഡോ. ആന്റണി വാലുങ്കലാണ്. വിശ്വാസികളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യമാക്കി മിഷണറിമാര്‍ നിരവധിയായ ആരാധനക്രമ നവീകരണങ്ങള്‍ നടത്തുകയുണ്ടായി. ആരാധനക്രമത്തോടൊപ്പം അവര്‍ കൈമാറിയ ഭക്ത്യാഭ്യാസങ്ങള്‍ എപ്രകാരമാണ് കേരളസഭയിലെ വിശ്വാസജീവിതത്തെ ആഴപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നു.
എട്ടാം വാല്യം ഓരോ ഭക്ത്യാഭ്യാസത്തിന്റെയും ചരിത്രപരമായ ഉദ്ഭവത്തെക്കുറിച്ചും കേരളസഭയില്‍ അതിന്റെ ആരംഭത്തെയും പ്രചാരത്തെയും കുറിച്ചും വിശദമായി വിവരിക്കുന്നു. ഒന്‍പതാം വാല്യമാകട്ടെ ആധികാരികമായ രേഖകളുടെയും അടിസ്ഥാനത്തില്‍ വിശുദ്ധരോടുള്ള വണക്കത്തിന്റെ ഭാഗമായി ഇന്ന് നിലവിലുള്ള വിവിധ ഭക്താനുഷ്ഠാനങ്ങള്‍ ചരിത്രപരമായും ദൈവസാസ്ത്രപരമായും ആരാധനക്രമപരമായും വിലയിരുത്തുന്നു.
‘സെമിനാരികളുടെ ഉദ്ഭവവും വളര്‍ച്ചയും’ വിവരിക്കുന്ന പത്താം വാല്യം രചിച്ചിരിക്കുനന്ത് ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചരിത്ര പ്രഫസറും കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമനാരിയിലെ പരിശീലകനുമായ റവ. ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിലാണ്. ക്രിസ്തു തന്റെ ശിഷ്യഗണത്തെ രൂപപ്പെടുത്തിയതില്‍ തുടങ്ങി ആഗോളസഭയില്‍ സെമിനാരികളുടെ ഉദ്ഭവം, വിവിധ ശുശ്രൂഷകരുടെ പരിശീലനം, ശുശ്രൂഷകളുടെ മൂലാധാരം, സഭയുടെ വ്യവസ്ഥകള്‍, വിവിധ തസ്തികകളുടെ രൂപീകരണം, ആദിമ വൈദികപരിശീലന രീതികള്‍ എന്നിവ വിവരിക്കപ്പെടുന്നു. തുടര്‍ന്ന് സെമിനാരി പരിശീലനരീതികള്‍ നവീകരിക്കാന്‍ പരിശുദ്ധ പിതാക്കന്മാരുടെ നേതൃത്വത്തിലുള്ള വിവിധ കൗണ്‍സിലുകള്‍, നിര്‍ണായക തീരുമാനങ്ങള്‍ എന്നിവ പ്രതിപാദിക്കപ്പെടുന്നു. കേരളത്തിലെ സെമിനാരികളുടെ പ്രാരംഭവും വരാപ്പുഴ സെമിനാരി കേന്ദ്രീകൃതമായി അതിന്റെ ഉദ്ഭവവും കാര്‍മല്‍ഗിരി സെമിനാരി വരെയുള്ള വിവിധ ഘട്ടങ്ങളും ക്രമാനുഗതമായി ആവിഷ്കരിക്കപ്പെടുന്നു.
പതിനൊന്നാം വാല്യം ‘വിദ്യാഭ്യാസ നവോത്ഥാന’ത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലും കോളജിലും സേവനമനുഷ്ഠിക്കുകയും എറണാകുളം ആല്‍ബര്‍ഷ്യന്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കളമശേരി ആല്‍ബര്‍ഷ്യന്‍ എന്‍ജിനീയറിംഗ് കോളജിന്റെയും സ്ഥാപക മാനേജരുമായ റവ. ഡോ. ക്ലെമന്റ് വള്ളുവശ്ശേരിയാണ് പതിനൊന്നാം വാല്യത്തിന്റെ കര്‍ത്താവ്. അറിവിന്റെ വെളിച്ചം ചിലര്‍ക്കു മാത്രമായി നിജപ്പെടുത്തപ്പെട്ടിരുന്ന കാലഘട്ടത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കിയതും മലയാളഭാഷയുടെതന്നെ വളര്‍ച്ചയ്ക്കും വികസനത്തിനും കളമൊരുക്കിയതും കേരളമണ്ണില്‍ വേദം പ്രചരിപ്പിക്കാനെത്തിയ മിഷണറിമാരാണ്. വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ രാജശില്പിയായ ബെര്ണര്ദീന് ബച്ചിനെല്ലി പിതാവിനെ കുറിച്ചും സ്ത്രീവിദ്യാഭ്യാസത്തെ കുറിച്ചും ഇവിടെ സവിസ്തരം പ്രതിപാദിക്കുന്നു. മിഷണറിമാരിലൂടെ ലഭിച്ച വിദ്യാദാനത്തിന്റെ ശ്രേഷ്ഠപൈതൃകം ഇന്ന് കേരളസഭയില്‍ രണ്ടു പ്രവിശ്യകളിലായി പന്ത്രണ്ടു രൂപതകളിലൂടെ അഭംഗുരം തുടരുന്നതിന്റെ ചിത്രം വരച്ചുകാട്ടുന്നു ഈ പുസ്തകത്തിന്റെ അനുബന്ധം.
‘തദ്ദേശീയ മെത്രാന്മാരെ’ കുറിച്ചാണ് പന്ത്രണ്ടാം വാല്യം പ്രതിപാദിക്കുന്നത്. നോര്‍ബട്ടൈന്‍ സന്ന്യാസ സഭാംഗമായ ഫാ. തോമസ് ജ്യൂസാ ഒ.പ്രേം ആണ് ഗ്രന്ഥകര്‍ത്താവ്. കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെയും തദ്ദേശീയ മെത്രാന്മാരുടെ ജീവിതവും സംഭാവനകളും സമ്യക്കായി അവതരിപ്പിക്കപ്പെടുന്നു.
‘സമര്പ്പിതസഭകളെ’ കുറിച്ചു വിവരിക്കുന്ന പതിമൂന്നാം വാല്യം തയ്യാറാക്കിയത് ദൈവശാസ്ത്രാധ്യാപകനും കര്മല്ഗിരി പൊന്തിഫിക്കല്‍ സെമിനാരി പ്രൊകുറേറ്ററുമായ റവ. ഡോ. ബിജോയ് മരോട്ടിക്കലാണ്. സമര്‍പ്പിതര്‍ തിരുസഭയെ താങ്ങുന്ന തൂണുകളാണ്. അവരുള്‍പ്പെടുന്ന വിശ്വാസ സമൂഹത്തിന് അവര്‍ ഓജസും പ്രത്യാശയും ശക്തിയും പകരുന്നു, അവരുടെ സമര്‍പ്പിത ജീവിതത്തിലൂടെ. പുരുഷന്മാര്ക്കു വേണ്ടിയുള്ള സമര്‍പ്പിത സഭകള്‍, സ്ത്രീകള്‍ക്കു വേണ്ടിയുള്ള സമര്‍പ്പിത സഭകള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് ഈ ഗ്രന്ഥത്തിന്. ഓരോ സമര്‍പ്പിത സഭയ്ക്കുമായുള്ള സവിശേഷ ‘കാരിസം’ തിരുസഭയെ വര്‍ണാഭമാക്കുന്നു.
‘ആരോഗ്യപരിപാലന രംഗത്തെ സംഭാവനകള്‍’ എന്ന പതിനാലാം വാല്യവും ‘ദൈവദാസര്‍, ധന്യര്‍, വിശുദ്ധര്‍’ എന്ന പതിനഞ്ചാം വാല്യവും രചിച്ചത് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജൂലിയറ്റ് ജോസഫ് എച്ച്സിയാണ്. ആതുരശുശ്രൂഷയുടെ ലഘുചരിത്രം പറഞ്ഞുകൊണ്ടാരംഭിക്കുന്ന പതിനാലാം വാല്യം കേരള ലത്തീന്‍ സഭയിലെ ആതുരശുശ്രുശുഷാ മേഖലയിലെ സംഭാവനകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. കേരള ലത്തീന്‍ സഭയില്‍ ദൈവദാസ-ധന്യ-വിശുദ്ധ പദവിയിലെത്തിയവരുടെ പുണ്യജീവിതത്തിലൂടെയുള്ള ഹ്രസ്വമായ തീര്‍ഥാടനമാണ് പതിനഞ്ചാം വാല്യം. സുവിശേഷ മൂല്യങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പുണ്യാത്മാക്കളുടെ ശ്രേഷ്ഠജീവിതം ഏവര്‍ക്കും പ്രചോദനവും പ്രോത്സാഹനവുമാകുമെന്നത് തീര്‍ച്ചയാണ്.
കാനോന്‍ നിയമസംഹിതയിലെ വിവിധ വിഷയങ്ങളാണ് ലേഖനരൂപത്തില്‍ പതിനാറാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വാല്യം എഡിറ്റു ചെയ്തിരിക്കുന്നത് കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈസ് റെക്ടറും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനോന്‍ നിയമ പ്രഫസറുമായ റവ. ഡോ. ഷാജി ജെര്‍മ്മനാണ്. അദ്ദേഹത്തോടൊപ്പം ഈ പുസ്തകത്തില വിവിധ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത് മോണ്‍. ആന്റണി കുരിശിങ്കല്‍, റവ. ഡോ. ജോസി കണ്ടനാട്ടുതറ, റവ. ഡോ. ക്രിസ്റ്റി ജോസഫ്, ഫാ. എബിജിന്‍ അറക്കല്‍ എന്നിവരാണ്. വിശ്വാസസമൂഹം അവശ്യമറിഞ്ഞിരിക്കേണ്ട സഭാനിയമങ്ങളാണ് ഈ വാല്യത്തിലുള്പ്പെടുത്തിയിരിക്കുന്നത്.
വിജ്ഞാനകോശത്തിന്റെ പതിനേഴാം വാല്യമായിട്ടാണ് ‘ലത്തീന്‍ഭാഷ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലളിതവും ആകര്‍ഷകവുമായ ശൈലിയില്‍ ഓര്‍ത്തിരിക്കാനും അനുദിന ജീവിതത്തില്‍ ഉപയോഗിക്കാനും സാധിക്കുന്ന വിധത്തില്‍ ലത്തീന്‍ഭാഷയുടെ വ്യാകരണം അനായാസം പഠിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ഷാജി ജെര്മ്മനച്ചന്റെ ലത്തീന്‍ ഭാഷയിലുള്ള പാണ്ഡിത്യവും അധ്യാപകന് എന്ന നിലയിലുള്ള അനുഭവസമ്പത്തും ഈ പുസ്തക രചനയില്‍ വ്യക്തമായി കാണാം.
ഗ്രിഗോറിയന്‍ സംഗീതത്തെ കുറിച്ചുള്ള പതിനെട്ടാം വാല്യം രചിച്ചിരിക്കുന്നത് തിരുവനന്തപുരം അതിരൂപതാംഗമായ റവ. ഡോ. ജോയ് സി. മാത്യുവാണ്. ഗ്രിഗോറിയന്‍ സംഗീതത്തിന്റെ വിവിധ വശങ്ങള്, ചാന്റുകളുള്പ്പെടെ ഇവിടെ വിവരിക്കപ്പെടുന്നു.
ചവിട്ടുനാടകത്തെ കുറിച്ച് പ്രതിപാദിക്കുന്ന പത്തൊമ്പതാം വാല്യവും കേരള ലത്തീന്‍ സഭാംഗങ്ങളുടെ തൊഴിലിനെയും തൊഴില്‍ ഘടനയെയും കുറിച്ചു പ്രതിപാദിക്കുന്ന ഇരുപത്തൊന്നാം വാല്യവും രചിച്ചിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തകനും തൊഴിലാളി സംഘാടകനും ചരിത്രപഠിതാവും ചവിട്ടുനാടക ഗവേഷകനുമായ ജോയ് ഗോതുരുത്താണ്. ‘ചവിട്ടുനാടകത്തിന്റെ വഴിത്താര’ എന്ന ഗ്രന്ഥം ഏഴ് അധ്യായങ്ങളിലായി ചവിട്ടുനാടകം എന്ന കലയുടെ ആരംഭം, അതിന്റെ നൈസര്‍ഗികമായ വിശേഷലക്ഷണങ്ങള്‍, അരങ്ങ്, അണിയറ, ചരിത്രം, അവഗണന, പരിണാമം, ഭാവി എന്നിവ സമഗ്രമായി വിവരിക്കുന്നു. ‘തൊഴിലും തൊഴില്‍ഘടനയും’ എന്ന ഇരുപത്തൊന്നാം വാല്യത്തില്‍ ലത്തീന്‍ സമുദായാംഗങ്ങളുടെ പാര്‍ശ്വവത്കരണത്തിന് കാരണമായ പ്രധാനഘടകങ്ങളിലൊന്ന് സമുദായാംഗങ്ങളുടെ തൊഴില്ഘടനയാണെന്ന് ഗ്രന്ഥകാരന് നിരീക്ഷിക്കുന്നു. പ്രാഥമിക വിവരശേഖരത്തിലൂടെ ലഭിച്ച ഡാറ്റയാണ് ഈ ഗ്രന്ഥത്തിലെ വിശകലനത്തിനാധാരം. സമുദായാംഗങ്ങളുടെ തൊഴിലിന്റെയും തൊഴില്ഘടനയുടെയും അടിസ്ഥാനത്തില്‍ സമുദായത്തിന്റെ ശക്തിയും പരിമിതികളും സാധ്യതകളും അപഗ്രഥിച്ചവതരിപ്പിക്കുന്നു ഇവിടെ ഗ്രന്ഥകാരന്.
വിജ്ഞാനകോശത്തിന്റെ ഇരുപതാം വാല്യമായ ‘സാഹിത്യപ്രതിഭകള്‍’ എന്ന ഗവേഷണഗ്രന്ഥം കേരളത്തിലെ ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള പത്ത് സാഹിത്യപ്രതിഭകളെ കുറിച്ചുള്ള പത്തുലേഖനങ്ങളുടെ സമാഹാരമാണ്. ഓരോരുത്തരുടേയും ലഘുജീവചരിത്രവും ജീവിതദര്‍ശനങ്ങളും മലയാള സാഹിത്യ ചരിത്രത്തില്‍ ഇവരുടെ തനതായ സംഭാവനകളും ഇവിടെ അനാവരണം ചെയ്യുന്നു. ഈ വാല്യത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കുടുംബദീപം അവാര്‍ഡ്, കുങ്കുമം നോവല്‍ അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ് എന്നിങ്ങനെയുള്ള പരുസ്കാരങ്ങള്‍ നേടിയ ജോസഫ് പനക്കലാണ്.
കേരള ലത്തീന്‍സഭയെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതും ഇപ്പോള്‍ ലഭ്യമായവയുമായ പുസ്തകങ്ങളെ കുറിച്ചുള്ള വിവരണമാണ് ഇരുപത്തിരണ്ടാം വാല്യത്തിലുള്പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകങ്ങള്‍ കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. ഏറെ ശ്രമകരമായ ഈ ദൗത്യം പൂര്‍ത്തിയാക്കി ഇരുപത്തിരണ്ടാം വാല്യം ഒരുക്കിയത് മൂന്നു പതിറ്റാണ്ടിലേറെക്കാലം അധ്യാപകനായും മാധ്യമപ്രവര്‍ത്തകനായും സേവനം ചെയ്ത ഇഗ്നേഷ്യസ് ഗൊണ്സാല്വാസാണ്.
‘കേരളത്തിലെ തമിഴ് സമൂഹങ്ങളെ’ കുറിച്ച് പ്രതിപാദിക്കുന്നു ഇരുപത്തിമൂന്നാം വാല്യം. ഈ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയിരിക്കുന്നത് ഈ മേഖല അടുത്തറിയാവുന്ന, തമിഴ് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എട്ട് ലേഖകരാണ്. ഫാ. നെല്‍സണ്‍ ജോയി, ഫാ. സ്റ്റനിസിലാവോസ് തീസ്മസ്, ഫാ. അസീസി ജോണ്‍, ഫാ. സുരേഷ് എ, സോജന് മൂന്നാര്‍, എന്‍.എസ്. മരിയാന്, രതീഷ് ഭജനമഠം, ഫാ. ജി. ക്രിസ്തുദാസ് എന്നിവരാണവര്‍.
വിജ്ഞാനകോശത്തിന്റെ ഇരുപത്തിനാലാം വാല്യം ‘കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തെ’ കുറിച്ച് പ്രതിപാദിക്കുന്നു. കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ ആവിര്‍ഭാവം, സാമൂഹ്യജീവിതം, വിവിധ ആംഗ്ലോ ഇന്ത്യന്‍ സമുദായ സംഘടനകള്‍, ആംഗ്ലോ ഇന്ത്യരുടെ പ്രധാന അധിവാസകേന്ദ്രങ്ങള്‍, അവരുടെ സേവനരംഗങ്ങള്‍ എന്നിങ്ങനെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നു ചരിത്രകാനും ഗവേഷകനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ഡോ. ചാള്‍സ് ഡയസ് ഈ ഗ്രന്ഥത്തില്‍.
വ്യത്യസ്ത മേഖലകളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കേരള ലത്തീന്‍ സഭാംഗങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ‘കേരള ലത്തീന്‍ സഭയിലെ ഗവേഷകരും ഗവേഷണ പ്രബന്ധങ്ങളും’ എന്ന ഇരുപത്തിയഞ്ചാം വാല്യം. ഈ പുസ്തകം മറ്റു ഗ്രന്ഥങ്ങളില്‍ നിന്നു വിഭിന്നമാണ്. ലത്തീന്‍ സഭാംഗങ്ങളായ എല്ലാ പിഎച്ച്ഡിക്കാരെയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിച്ചത്. വിജ്ഞാനകോശത്തിന്റെ അവസാനവാല്യമായ ഈ ഗ്രന്ഥം കഠിനാധ്വാനത്തിലൂടെ വിദ്യാഭ്യാസ പുരോഗതി നേടിയവരെ അവതരിപ്പിച്ചുകൊണ്ട് അവരെ ആദരിക്കുകയാണ്. ഈ പുസ്തകം എഡിറ്റ് ചെയ്തത് കര്‍മലഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ സ്റ്റാഫ് അംഗവും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബൈബിള്‍ വിജ്ഞാനീയം പ്രഫസറുമായ സിസ്റ്റര്‍ ഡോ. ജിയോ മേരി സിറ്റിസിയാണ്.
കേരള ലത്തീന്‍സഭാ വിജ്ഞാനകോശത്തിന്റെ ഇരുപത്തിയഞ്ച് വാല്യങ്ങളെയും കുറിച്ചുള്ള ഹ്രസ്വമായ വിവരണം ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളുടെ സമ്പന്നതയിലേക്കും ബഹുസ്വരതയിലേക്കും ലത്തീന്‍സഭാ സമൂഹത്തിന്റെ ശ്രേഷ്ഠമായ പൈതൃകത്തിലേക്കും വിരല്‍ചൂണ്ടുന്നു. കേരള ലത്തീന്‍ സമുദായത്തെ അടുത്തറിയാന്‍, കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തെ കൂടുതല്‍ ഉന്നതിയിലേക്കു നയിക്കാന്‍, ഈ വാല്യങ്ങള്‍ ഏവര്‍ക്കും തീര്‍ച്ചയായും സഹായകരമായിരിക്കും. സ്വത്വബോധത്തിന്റെ ആഴപ്പെടലിനും സമര്‍പ്പണത്തോടു കൂടിയ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഈ വിജ്ഞാനകോശം സഭാംഗങ്ങളെ പ്രചോദിപ്പിക്കാന്‍ സഹായിക്കും. കേരള ലത്തീന്‍ സഭയുടെ ഉദ്ഭവത്തിന്റെയും വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും അടരുകള്‍ അവതരിപ്പിക്കുന്ന ഈ വിജ്ഞാനകോശത്തിന്റെ വിവിധ വാല്യങ്ങള്‍ എല്ലാ സത്യാന്വേഷികള്‍ക്കും വിജ്ഞാനദാഹികള്‍ക്കും എന്നും മുതല്കൂട്ടായിരിക്കും.
ഈ വിജ്ഞാനകോശത്തിന്റെ കോപ്പികള്‍ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി കാര്മല്ഗിരിയിലെ ഫാ. സക്കറിയാസ് മെമ്മോറിയല്‍ ബുക്ക് സെന്ററില്‍ നിന്ന് ലഭ്യമാണ്.