തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 33 തദ്ദേശ വാര്‍ഡുകളില്‍ 17ല്‍ യുഡിഎഫ് വിജയിച്ചു. അതില്‍ പതിനാലിലും കോണ്‍ഗ്രസിന്റെയും മൂന്നില്‍ മുസ്ലീംലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ പത്തു വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്.
17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകളില്‍ വിജയം നേടി. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സിറ്റിംഗ് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകൾ സിപിഎം പിടിച്ചെടുത്തു. നേരത്തെ 6 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ നാല് സീറ്റുകൾ മാത്രമേ നേടാൻ ആയുള്ളൂ.ഇടുക്കി കരിങ്കുന്നം ഏഴാം വാർഡ് വിജയിച്ച ആം ആദ്മി പാർട്ടിയും സാന്നിധ്യം അറിയിച്ചു.