ന്യൂഡല്‍ഹി:രാജ്യത്തെ ആശങ്കയിലാഴ്ത്തി പാർലമെന്റില്‍ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞു. മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയുടെ സന്ദർശക പാസ് ഉപയോഗിച്ച് എത്തിയ മൈസൂരു സ്വദേശി മനോരഞ്ജൻ, സാഗർ ശർമ എന്നിവരാണ് ലോക്സഭയുടെ സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടുകയും മഞ്ഞ നിറത്തിലുള്ള സ്പ്രേ ലോക്സഭയില്‍ പ്രയോഗിക്കുകയും ചെയ്തത്. ഇരുവരും മൈസൂരുവില്‍ എൻജിനീയറിംഗ് വിദ്യാർഥികളാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ശൂന്യ വേള ആരംഭിക്കുമ്പോഴാണ് അക്രമികൾ സന്ദർശക ഗാലറിയില്‍ നിന്ന് എംപിമാർക്ക് ഇടയിലേക്ക് ചാടിയത്. ചാടുന്നതിനിടെ അക്രമികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇവരെ എംപിമാർ ചേർന്നാണ് കീഴ്പ്പെടുത്തി പൊലീസിന് കൈമാറിയത്. സ്വേച്ഛാധിപത്യം അനുവദിക്കില്ല, “ഭാരത് മാതാ കീ ജയ്”, “ജയ് ഭീം, ജയ് ഭാരത്” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ വിളിച്ചത്.
ഒരാൾ ബെഞ്ചുകൾക്ക് മുകളിലൂടെ ചാടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, മറ്റൊരാൾ ചേമ്പറിലേക്ക് ചാടുന്നതിന് മുമ്പ് ഗാലറിയിൽ നിന്ന് തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് സഭയിൽ ഉണ്ടായിരുന്ന എംപിമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾ പ്രയോഗിച്ച സ്പ്രേയില്‍ നിന്ന് ലോക്സഭാ ചേംബറിനോട് ചേർന്ന് മഞ്ഞ നിറത്തിലുള്ള പുക നിറഞ്ഞിരുന്നതായും എംപിമാർ പറഞ്ഞു.
അതേസമയം പാർലമെന്റ് വളപ്പിന് പുറത്ത് ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യം വിളിച്ച് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ മഞ്ഞ നിറമുള്ള സ്പ്രേ പ്രയോഗിച്ചിരുന്നു. ഇവരെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നീലം, അമോൽ ഷിൻഡെ എന്നിവരാണ് പിടിയിലായത്. ഇവർ ഹരിയാന, മഹാരാഷ്ട്ര സ്വദേശികളാണ്. പാർലമെന്റിന് പുറത്തെ ട്രാൻസ്പോർട്ട് ഭവൻ ഗേറ്റിന് മുന്നിൽ നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. തൊഴിലില്ലായ്മയ്ക്ക് എതിരെ നടന്ന പ്രതിഷേധമാണെന്നും ഒരു സംഘടനയുമായും ബന്ധമില്ലെന്നും പിടിയിലായ യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ലോക്സഭയിലെ സുരക്ഷ വീഴ്ചയുടെ പശ്ചാത്തലത്തില്‍ എൻഐഎ അടക്കം രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും പാർലമെന്റിലെത്തി. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം ലോക്സഭയില്‍ വ്യാപകമായ പരിശോധന നടത്തി.