പുനലൂര്‍: ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹ്യ നീതിയും രാഷ്ട്രീയ നീതിയും നിഷേധിക്കപ്പെടുന്നുവെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആഹ്വാനം ചെയ്ത ജനജാഗരത്തിന്റെ പൊതുസമ്മേളനം പത്തനാപുരം സെന്റ് സേവിയേഴ്സ് ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. കേരളത്തിലെ ദളിത് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിനും സാമൂഹ്യ, രാഷ്ട്രീയ നീതിയും നിഷേധിക്കപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പുനലൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വാസ് അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി റിസോഴ്സ് പേഴ്സണ്‍ ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, പുനലൂര്‍ രൂപത ചാന്‍സലര്‍ റവ. ഡോ. റോയ് ബി. സിംസണ്‍, ബേബി ഭാഗ്യോദയം, ബെഞ്ചമിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജനജാഗരം പൊതുസമ്മേളനത്തിന്റെ കര്‍മ്മപദ്ധതി രൂപതാ രാഷ്ട്രീയകാര്യ സമിതി പ്രസിഡന്റ് ഫാ. ക്രിസ്റ്റി ജോസഫ് അവതരിപ്പിച്ചു.
ജോയിന്‍ കണ്‍വീനര്‍ ചെറുപുഷ്പം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ക്രിസ്റ്റഫര്‍ പത്തനാപുരം നന്ദിയും പറഞ്ഞു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന പുനലൂര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ വൈദികര്‍ സന്ന്യസ്തര്‍, അല്മായര് എന്നിവര്‍ പങ്കെടുത്തു. കെആര്‍എല്‍സിസി യുവതാ അവാര്‍ഡ് ജേതാവ് സജീവ് ബി. വയലിനെ ബിഷപ് പൊന്നുമുത്തന്‍ യോഗത്തില്‍ ആദരിച്ചു.