തിരുവനന്തപുരം:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും. ഇന്ന് രാവിലെ 7.30ന് വിമാനമാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം സിപിഐ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോവും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് നവകേരളസദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുന്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.
.