തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ സിനിമ ഇന്ന് രാവിലെ 9:30 ന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. ഇറ്റാലിയന്‍ സിനിമയായ കിഡ്നാപ്പഡാണ് പ്രദര്‍ശിപ്പിക്കുക.. ആദ്യ ദിനത്തില്‍ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി, ടാഗോര്‍ എന്നീ ആറിടങ്ങളിലായി രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്. 11 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക.
ഇരുപത്തെട്ടാമത് ഐ.എഫ്.എഫ്.കെയ്ക്ക് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും . മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന് നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന് സമ്മാനിക്കും.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കും.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ ആറു മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്ത്രീ താല് തരംഗിന്റെ ‘ലയരാഗ സമര്‍പ്പണം’ എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ഘടം, വയലിന്, മൃദംഗം, മുഖര്‍ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകള്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്.
ലോക സിനിമ വിഭാഗത്തില്‍ പൂര്‍വിക ആചാരങ്ങളാല്‍ നയിക്കപ്പെടുന്ന ചെറുത്തുനില്‍പ്പിന്റെയും സ്വാതന്ത്ര്യ സംരക്ഷണത്തിന്റെയും കഥ പറയുന്ന പോര്‍ച്ചുഗീസ് സിനിമ ദ ബ്യൂരിറ്റി ഫ്ളവറും കുടുംബബന്ധത്തിന്റെ ആഴം പറയുന്ന യൂറോപ്യന്‍ സിനിമ സ്റ്റെപന്‍ നുമടക്കം അഞ്ച് സിനിമകള്‍. വനിതാ വിഭാഗത്തില്‍ ടുണീഷ്യന്‍ ചിത്രം ഫോര്‍ ഡോട്ടേഴ്സ്, മൗനിയ മെഡോര്‍ ഒരുക്കിയ ഹൗറിയ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷന്‍ അനുവദിക്കുക. 30 ശതമാനം സീറ്റുകള്‍ അണ് റിസേര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. തിയേറ്ററുകളുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
24 മണിക്കൂറിന് മുന്‍പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ എട്ടു മുതല്‍ 70 ശതമാനം സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍ അനുവദിക്കുക. രജിസ്ട്രേഷന് നമ്പറും പാസ് വേര്‍ഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്.