കൊച്ചി: ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് പണമനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കൊച്ചി രൂപത കെഎല്‍സിഎ സമിതി നേരില്‍ കണ്ട് പരാതി നല്‍കും. കഴിഞ്ഞദിവസം ചേര്‍ന്ന ജനജാഗ്രത സദസിലാണ് തീരുമാനം. നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചുപോയ പുത്തന്തേട് നിന്ന് ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡ് വരെ കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള പണമനുവദിക്കണമെന്നണ് ആവശ്യം.
മറുവക്കാട്, വേളാങ്കണി, കണ്ണമാലി സ്കൂള്‍ പ്രദേശങ്ങളില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഉണ്ടായിരുന്ന ഗോയിനുകള് ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് 500 കോടി കൂടി വേണ്ടിവരുമെന്നാണ് ഇറിഗേഷന്‍ വിഭാഗം കണക്കാക്കിയിട്ടുള്ളത്. ഓരുവെള്ള കയറ്റം, തീരദേശഹൈവേ, പുനര്‍ഗേഹം എന്നീ പ്രദ്ധതികളിലൂടെയും നേരിടുന്ന കുടിയൊഴിപ്പിക്കല്‍, കടലിലെയും കായലിലെയും മത്സ്യവറുതി, വിദ്യാഭ്യാസ സാമൂഹിക പിന്നോക്കാവസ്ഥ എന്നിവയും ശ്രദ്ധയില്‍പ്പെടുത്തും. ഈ ആവശ്യം ഉള്‍പ്പെടുന്ന ജാഗ്രതസദസ് ചര്‍ച്ച പാസാക്കിയ മെമ്മോറാണ്ടവും മുഖ്യമന്ത്രിക്ക് കൈമാറും.
കെആര്‍എല്‍സിസി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് യോഗം ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ കൊച്ചി രൂപത വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പ്രഭാഷണം നടത്തി. ടി.എ. ഡാല്‍ഫിന്‍ വിഷയാവതരണവും കൊച്ചി രൂപത ഡയറക്ടര്‍ ഫാ.ആന്റണി കുഴിവേലില്‍ മുഖ്യപ്രഭാഷണവും നടത്തി.
കെഎല്‍സിഎ കൊച്ചി രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പനഞ്ചിക്കല്‍, ട്രഷറര്‍ ജോബ് പുളിക്കില്‍, മുന്‍ ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, സിന്ധു ജസ്റ്റസ്, അലക്സാണ്ടര്‍ ഷാജു, കെ.ജെ. സെബാസ്റ്റ്യന്‍, ഹെന്‍സണ്‍ പോത്തംപള്ളി, സെബാസ്റ്റ്യന്‍ കാക്കത്തറ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മെംബര്‍മാരായ പ്രശാന്ത് ജോസഫ്, സാലി നെല്‍സണ്‍, ആല്‍സി ട്രീസ, ബെന്‍സി ജൂഡ് എന്നിവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.