കോഴിക്കോട്: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. കോഴിക്കോട് റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര സ്വദേശി യൂസഫിന് മറുപടി ലഭിച്ചു. 2015 മുതൽ വടകര മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്നുവന്ന കേസിൽ രണ്ടുവർഷം ജയിൽ ശിക്ഷയും 63 ലക്ഷം രൂപ പിഴയും നൽകാൻ കോടതി വിധിച്ചിരുന്നു. അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീൽ പരിഗണിച്ച് ജയിൽ ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നൽകുകയും ചെയ്യാൻ കോടതി ഉത്തരവിട്ടു.
എന്നാൽ പണം നൽകാതെ നാളുകളായി തന്നെ വഞ്ചിക്കുകയാണെന്നും ഇക്കാര്യം ചോദിക്കുമ്പോൾ മന്ത്രി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും യൂസഫ് പരാതിയിൽ പറഞ്ഞിരുന്നു. നവകേരള സദസ്സ് പരിപാടിക്ക് ശേഷം ഡിസംബറിൽ സ്ഥാനം ഒഴിയാനിരിക്കെയാണ് മന്ത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.