തൃശ്ശൂർ: കേന്ദ്രഭരണകൂടത്തിനു വേണ്ടത് സംഘർഷങ്ങളും കൂട്ടക്കൊലകളും വംശഹത്യയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എല്ലാ കാലത്തും തനി സ്വഭാവം മറച്ചുവെക്കാനാകില്ല. ആർഎസ്എസിൻ്റെയും ബിജെപിയുടെയും തനിസ്വഭാവം മണിപ്പൂരിൽ പുറത്തുവന്നു. മണിപ്പൂരിൽ ഇപ്പോഴും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ആർഎസ്എസ് അനുകൂല സായുധ സംഘങ്ങളാണ് അവിടെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്നും കുറ്റപ്പെടുത്തി. നവകേരള സദസ്സിൻ്റെ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മണിപ്പൂർ ആക്രമണത്തിൽ സംഘപരിവാറിൻ്റെ അനുകൂല നിലപാട് ആർക്കും നിഷേധിക്കാൻ കഴിയില്ല. ബിജെപി അധികാരത്തിൽ വന്നതോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വംശഹത്യ അവസാനിപ്പിക്കാൻ ഗവൺമെന്റ് കാര്യമായി ഇടപെട്ടില്ല. ബിജെപിയാണ് അധികാരത്തിൽ. പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷം എല്ലാ ഘട്ടത്തിലും കേന്ദ്ര മനസിനൊപ്പമാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി കേരളം ഒരു തരത്തിലും മുന്നോട്ട് പോകരുതെന്നാണ് കേന്ദ്ര നയമെന്നും ചൂണ്ടിക്കാണിച്ചു. അതിനൊപ്പം നിൽക്കുകയാണ് കോൺഗ്രസ്. ഇത് കേരളത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള സദസ്സാണ് അത് മനസിലാക്കിയാണ് ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നത്.
ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഔദ്യോഗിക സ്ഥാനം മറന്ന് ചിലർ കേരളത്തിൽ ക്യാമ്പ് ചെയ്തുവെന്ന് വി മുരളീധരനെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമർശിച്ചു. ക്യാമ്പ് ചെയ്തു വിവിധ ക്രിസ്ത്യൻ മേധാവികളെ സന്ദർശിച്ചു. പ്രീണനമായിരുന്നു ലക്ഷ്യം. ഭയപ്പെടുത്താനുള്ള കാര്യങ്ങളും സൂചിപ്പിച്ചു. ഭീഷണി വേണ്ടയിടത്ത് അതും, പ്രലോഭനം വേണ്ടയിടത്ത് അതും ചെയ്തു. ചിലർ അതിൽ വീണു. ഒന്ന് പരീക്ഷിച്ചാൽ എന്താ എന്ന തോന്നൽ ചിലർക്കുണ്ടായിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സിലായിരുന്നു മുഖ്യമന്ത്രി ബിജെപിയുടെ ക്രിസ്ത്യൻ പ്രീണനത്തെ വിമർശിച്ചത്.
വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം കേരളീയ സമൂഹത്തിനുണ്ട്. കേരളത്തിലെ ജനങ്ങൾ കർക്കശമായ രീതിയിൽ വർഗീയതയെ നേരിടുമെന്ന് വർഗീയ ശക്തികൾക്ക് അറിയാം. മണിപ്പൂരിൽ എന്താണെന്ന് സംഭവിച്ചത്. സംഘപരിവാറിൻ്റെ നേതൃത്വത്തിൽ ബോധപൂർവമായ വംശഹത്യ നടന്നു. പതിനായിരങ്ങൾ പലായനം നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.